ആറ് അറബ് വിദേശകാര്യമന്ത്രിമാരുമായി ചർച്ചനടത്തി ശൈഖ് അബ്ദുള്ള

To advertise here,

അബുദാബി : മധ്യപൂർവേഷ്യയിൽ സമാധാനവും സുരക്ഷയും ശാശ്വതമായി നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ആറ് പ്രമുഖ അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ടെലിഫോൺ ചർച്ചകൾ നടത്തി യു.എ.ഇ. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ. സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഈജിപ്ത്, ഇറാഖ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായാണ് അദ്ദേഹം സംഭാഷണം നടത്തിയത്.

മേഖലയിലെ നിലവിലെ സുരക്ഷാസാഹചര്യങ്ങളും ഉഭയകക്ഷി സഹകരണവും അവലോകനംചെയ്ത കൂടിക്കാഴ്ചയിൽ പരസ്പര സഹകരണം വർധിപ്പിക്കാനും കൂടുതൽ സമാധാനം ഉറപ്പുവരുത്താനും ധാരണയായി.

സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയുമായി നടത്തിയ സംഭാഷണത്തിൽ മേഖലയിൽ സുസ്ഥിരമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ ശൈഖ് അബ്ദുള്ള ചർച്ചചെയ്തു.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനിയുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും മേഖലാ സുരക്ഷയെക്കുറിച്ചും സംസാരിച്ചു.

ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹ് എന്നിവരുമായി മധ്യപൂർവേഷ്യൻ സാഹചര്യങ്ങളും സംയോജിത വികസനസാധ്യതകളും ചർച്ചചെയ്തു.

ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി ഡോ. ബദർ അബ്ദലാത്തിയുമായി നടത്തിയ ചർച്ചയിൽ യു.എ.ഇ.- ഈജിപ്ത് സഹോദരബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും സുരക്ഷാതന്ത്രങ്ങളെക്കുറിച്ചും സംസാരിച്ചു.

ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ഫുആദ് മുഹമ്മദ് ഹുസൈനുമായി നടത്തിയ ചർച്ചയിൽ ഇറാഖിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും യു.എ.ഇ. നൽകുന്ന പൂർണപിന്തുണ ശൈഖ് അബ്ദുള്ള ആവർത്തിച്ചു. മേഖലയിലെ സഹോദരരാജ്യങ്ങളുമായി ചേർന്ന് പരസ്പര താത്പര്യമുള്ള വിഷയങ്ങളിൽ സംയുക്ത നീക്കം നടത്തുന്നതിന്റെ ഭാഗമായാണ് ഈ ഉന്നതതല നയതന്ത്രചർച്ചകൾ.