നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരത്തെ ഇരുമ്പിൽ പ്രദേശവുമായി ബന്ധിപ്പിക്കാനുള്ള കന്നിപ്പുറം പാലത്തിന്റെ നിർമാണം നിലച്ചു.

To advertise here,

15.5. കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമാണം തുടങ്ങിയ പാലം തൂണുകളിൽ മാത്രമൊതുങ്ങിയിരിക്കുകയാണ്. കരാറുകാരൻ പണിചെയ്യാൻ വിസമ്മതിച്ചതോടെ പാലം നിർമിക്കുന്നത് അനിശ്ചിതത്വത്തിലായി.

നെയ്യാറ്റിൻകര കോടതി റോഡിൽനിന്നാരംഭിച്ച് കന്നിപ്പുറം കടവ് കടന്ന് ഇരുമ്പിലിലെത്തുന്ന പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം കഴിഞ്ഞ സർക്കാരിന്റെകാലത്താണ് തുടങ്ങിയത്. കെ.ആർ.എഫ്.ബി.യ്ക്കാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണച്ചുമതലയുള്ളത്.

യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയശേഷം കിഫ്ബി ഫണ്ടുകൾ സംബന്ധിച്ച ആശങ്കയുണ്ടായിരുന്നു. ഇതാണ് കരാറുകാരനെ നിർമാണപ്രവൃത്തികളിൽനിന്ന് പിൻമാറാൻ ഇടയാക്കിയത്.

പാലത്തിനായി നെയ്യാറിൽ കോൺക്രീറ്റ് തൂൺ നിർമിച്ചു. ഇരുവശത്തെയും അപ്രോച്ച് റോഡുകളെ ബന്ധിപ്പിക്കാനായുള്ള ഭാഗത്തെ കോൺക്രീറ്റും പൂർത്തിയാക്കിയശേഷമാണ് കരാറുകാരൻ നിർമാണത്തിൽനിന്നും പിന്മാറിയത്.

നെയ്യാറ്റിൻകര നഗരത്തെ തേവിയൽ, ഇരുമ്പിൽ, അറക്കുന്ന് എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കാനായാണ് നെയ്യാറിലെ കന്നിപ്പുറം കടവിൽ പാലം നിർമാണം തുടങ്ങിയത്.

2016 ഒക്ടോബർ 31-ന് കന്നിപ്പുറം പാലത്തിനായി കിഫ്ബി ആദ്യം പത്തുകോടി അനുവദിച്ചു.

പിന്നീട് 2024-ൽ അടങ്കൽത്തുക പുതുക്കി 15.17 കോടി രൂപ കിഫ്ബി അനുവദിച്ചു.

പണം അനുവദിച്ചെങ്കിലും കോടതിയുടെ സ്ഥലമുൾപ്പെടെ ഏറ്റെടുക്കേണ്ട പ്രവർത്തനം വൈകിയതോടെ സ്ഥലമേറ്റെടുക്കൽ അനന്തമായി നീണ്ടുപോയി.

എൽ.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്താണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. പാലത്തിനും അപ്രോച്ച് റോഡിനുമായി 9.89 കോടി രൂപയും 5.28 കോടി രൂപ സ്ഥലമേറ്റെടുക്കാനുമാണ് അനുവദിച്ചത്.

പുതിയ സർക്കാർ അധികാരത്തിലെത്തിയെങ്കിലും പണി തുടർന്നെങ്കിലും പിന്നീട് കരാറുകാരൻ നിർമാണപ്രവൃത്തികളിൽനിന്ന് പിൻമാറുകയായിരുന്നു.

കോടതി നൽകിയ സ്ഥലം ഏറ്റെടുത്തില്ല

കന്നിപ്പുറം പാലത്തിന്റെ അപ്രോച്ച് റോഡിനായി കോടതിസമുച്ചയത്തിന്റെ സ്ഥലംകൂടി ഏറ്റെടുത്തിരുന്നു.

കന്നിപ്പുറം കടവുവരെയുള്ള റോഡിന് ഇരുവശത്തെയും സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുകയും ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്തു.

എന്നാൽ, ഇതുവരെ കോടതി വിട്ടുനൽകിയ സ്ഥലം ഏറ്റെടുത്തിട്ടില്ല. കോടതിയുടെ നിലവിലെ മതിൽ പൊളിച്ചുനീക്കാതെ ഏറ്റെടുത്ത സ്ഥലത്തെ അതിരിലായി പുതിയ മതിൽ നിർമിക്കണം.

അതിനുശേഷമേ നിലവിലെ മതിൽ പൊളിച്ചുനീക്കാവൂയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഏറ്റെടുത്ത സ്ഥലത്ത് മതിൽ നിർമിക്കാനോ, നിലവിലെ മതിൽ പൊളിച്ചുനീക്കാനോ സാധിച്ചിട്ടില്ല.

നിർമാണം പുനരാരംഭിക്കാൻ നടപടിയെടുക്കും

പാലം നിർമാണം പുനരാരംഭിക്കാനായി നടപടി സ്വീകരിച്ചതായി എൻ.ശക്തൻ എം.എൽ.എ.യുടെ ഓഫീസ് അറിയിച്ചു.

പണി പുനരാരംഭിക്കാനായി കരാറുകാരനുമായി ധാരണയാക്കിയെന്നും ഉടൻ പാലം പണി ആരംഭിക്കുമെന്നും എം.എൽ.എ. ഓഫീസിൽനിന്ന്‌ അറിയിച്ചു.