പാറശ്ശാല : ശബരിമല തീർഥാടനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കേ, തെക്കൻ അതിർത്തിമേഖലയിലെ കെ.എസ്.ആർ.ടി.സി. ഗ്രാമീണ സർവീസുകൾ വീണ്ടും പ്രതിസന്ധിയിലേക്ക്. മലയോര, തീരദേശ ഗ്രാമങ്ങളെയും തമിഴ്നാട് അതിർത്തിപ്രദേശങ്ങളെയും നഗരവുമായി കോർത്തിണക്കിയിരുന്ന ‘പ്രിയദർശിനി’ ജൻറം ബസുകൾ കൂട്ടത്തോടെ പമ്പ സർവീസുകൾക്കായി വിട്ടുനൽകാൻ ഉത്തരവിറങ്ങിയതോടെ മേഖല വലിയ യാത്രാക്ലേശത്തിലേക്കാണ് നീങ്ങുന്നത്.

To advertise here,

നെയ്യാറ്റിൻകര താലൂക്കിലെ നാല് പ്രധാന ഡിപ്പോകളിൽനിന്നായി 34 ജൻറം ബസുകളാണ് ശബരിമല സ്‌പെഷ്യൽ സർവീസുകൾക്കായി നൽകുന്നത്. നെയ്യാറ്റിൻകര, പാറശ്ശാല ഡിപ്പോകളിൽനിന്ന് ഒൻപതുവീതവും വെള്ളറട, പൂവാർ ഡിപ്പോകളിൽനിന്ന് എട്ടുവീതവും ബസുകളാണ് പമ്പയിലേക്ക് അയക്കാൻ നിശ്ചയിച്ചിരിക്കുന്നത്. നവംബർ പതിനഞ്ചിനു മുൻപ്‌ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നിശ്ചയിച്ചിട്ടുള്ള ഡിപ്പോകളിലേക്ക് ജീവനക്കാരെയടക്കം എത്തിക്കാനാണ് ഡിപ്പോ അധികൃതർക്ക് കഴിഞ്ഞദിവസം നിർദ്ദേശം ലഭിച്ചത്.

ഗ്രാമീണമേഖലയിലെ ഇടറോഡുകളിലൂടെ സാധാരണക്കാർക്കായി കുറഞ്ഞ ഇടവേളകളിൽ സർവീസ് നടത്തിയിരുന്ന പ്രിയദർശിനി സർവീസുകൾ നടത്തിയിരുന്ന ബസുകളാണ് പ്രധാനമായും ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. വലിയ തിരക്ക് അനുഭവപ്പെടുന്ന ഈ സർവീസുകളിൽ പകുതിയിലധികവും ഒരുമിച്ച് പിൻവലിക്കപ്പെടുന്നത് ഗ്രാമീണമേഖലയെ പൂർണമായും യാത്രാക്ലേശത്തിലേക്ക് തള്ളിവിടും.

അതിർത്തിമേഖലയിലെ സ്‌കൂളുകൾ, ഐ.ടി.ഐ.കൾ, എൻജിനിയറിങ് ആർട്‌സ് കോളേജുകൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളും നഗരങ്ങളിലെ സ്ഥാപനങ്ങളിലേക്ക് കൃത്യസമയത്ത് എത്തേണ്ട സർക്കാർ, സ്വകാര്യ ജീവനക്കാരും കടുത്ത പ്രതിസന്ധിയിലാകും. രാവിലെയും വൈകീട്ടുമുള്ള പ്രധാന സർവീസുകൾ വെട്ടിച്ചുരുക്കുന്നത് ഇവരുടെ യാത്ര മുടക്കും. വെള്ളറട, അമ്പൂരി, കള്ളിക്കാട് തുടങ്ങിയ മലയോര അതിർത്തിമേഖലകളിൽനിന്ന്‌ പൂവാർ, പൊഴിയൂർ ഉൾപ്പെടെയുള്ള തീരദേശ ഗ്രാമങ്ങളിൽനിന്നും എട്ട് ബസുകൾ പിൻവലിക്കപ്പെടുന്നത് തിരിച്ചടിയാകുമെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്.

റൂട്ടുകളിലെ ബസുകളുടെ എണ്ണം പകുതിയായി കുറയുന്നതോടെ നിലവിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകളിൽ തിരക്ക് ഇരട്ടിയിലധികമാകും. വയോധികർക്കും സ്ത്രീകൾക്കും കുട്ടികൾക്കും കയറിപ്പറ്റാൻപോലും സാധിക്കാതെയാകും. പ്രിയദർശിനി സർവീസുകൾ നടപ്പാക്കിയതോടെ നിരവധി യാത്രക്കാരാണ് സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് കെ.എസ്.ആർ.ടി.സി.യിലേക്ക് മടങ്ങിവന്നത്.

ഓരോ തീർഥാടനകാലത്തും ശബരിമല സർവീസുകൾക്കായി ബസുകൾ തിരിച്ചുവിടുന്നത് പതിവാണെങ്കിലും റദ്ദാക്കപ്പെടുന്ന പ്രധാന ഗ്രാമീണ റൂട്ടുകളിൽ പകരം ഓർഡിനറി ബസുകൾപോലും ക്രമീകരിച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി. ജീവനക്കാർ വ്യക്തമാക്കുന്നു. പ്രിയദർശിനി സർവീസുകൾ നടത്തുന്ന ബസുകൾക്കു പകരം സജ്ജീകരിക്കാത്തത് മൂലമുണ്ടാകുന്ന യാത്രക്കാരുടെ പ്രതിഷേധം നേരിടേണ്ടിവരുന്നത് സർവീസിലുള്ള ജീവനക്കാരാണെന്ന് ജീവനക്കാർ ഭയപ്പെടുന്നു.

തീർഥാടകർക്കുള്ള യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം തെക്കൻ അതിർത്തിയിലെ ജനജീവിതം സ്തംഭിക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റ് ബദൽ സർവീസുകൾ അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.