തിരുവനന്തപുരം : ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസിന് ബുധനാഴ്ച രാവിലെ കൊടിയേറും. തക്ബീർ ധ്വനികളുടെ പശ്ചാത്തലത്തിൽ പള്ളിയുടെ മിനാരങ്ങളിലേക്ക് ബീമാപള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്റ് എ.എം.ഇക്ബാൽ രാവിലെ 11-ഓടെ പച്ചയും ചുപ്പവും നിറത്തിലുള്ള കൊടികൾ ഉയർത്തുന്നതോടെ പത്തുദിവസത്തെ ഉറൂസിനു തുടക്കമാകും. ചടങ്ങുകൾക്ക് മുന്നോടിയായി രാവിലെ എട്ടിന് ബീമാപള്ളി അസി. ഇമാം മാഹീൻ അബൂബേക്കർ ഫൈസിയുടെ കാർമികത്വത്തിൽ പ്രാർഥന നടക്കും. തുടർന്ന് 8.30-ഓടെ നൂറുകണക്കിനു വിശ്വാസികൾ അണിചേരുന്ന പട്ടണപ്രദക്ഷിണ ഘോഷയാത്ര പള്ളിയങ്കണത്തിൽനിന്ന് ജോനകപൂന്തുറയിലേക്കു പുറപ്പെടും. മദ്രസാ വിദ്യാർഥികൾക്കും മുത്തുക്കുടയേന്തിയ കുട്ടികൾക്കും പുറമേ അശ്വാരൂഢസേന, കോൽക്കളി, ദഫ്മുട്ട് എന്നിവ ഘോഷയാത്രയ്ക്കു മിഴിവേകും.
പള്ളിയിലേക്ക് ഘോഷയാത്ര തിരിച്ചെത്തിയശേഷം 10.30-ന് ബീമാപള്ളി ചീഫ് ഇമാം അൽ-ഹാഫിള് കുമ്മനം നിസാമുദീൻ അസ്ഹരിയുടെ കാർമികത്വത്തിൽ കൂട്ടപ്രാർഥന നടക്കും. തുടർന്ന് യു.എ.ഇ.യിൽ നിന്നെത്തിച്ച കൊടികൾ ഖുറാൻ വചനങ്ങളുടെ അകമ്പടിയോടെ മിനാരങ്ങളിലേക്ക് ഉയർത്തും. ജമാ അത്ത് വൈസ് പ്രസിഡന്റ് എം.കെ.എം.ഹാജ, ജനറൽ സെക്രട്ടറി എച്ച്.ബാദുഷ, സെക്രട്ടറി എ.നവാസ്ഖാൻ തുടങ്ങിയവർ നേതൃത്വം നൽകും.
ഉറൂസ് ദിവസങ്ങളിൽ രാത്രി 9.30-ന് മതപ്രഭാഷണങ്ങൾ നടക്കും. നവംബർ 25-ന് പുലർച്ചെ ഒന്നിന് തക്കാപള്ളി ഇമാം ഹൈദർ അലി സൈനിയുടെ കാർമികത്വത്തിൽ പ്രാർഥന. തുടർന്ന് പള്ളിയങ്കണത്തിൽനിന്ന് വിശ്വാസികളും മതപുരോഹിതൻമാരും നയിക്കുന്ന പട്ടണപ്രദക്ഷിണ ഘോഷയാത്ര ജോനക പൂന്തുറയിലേക്കു പുറപ്പെടും. ഘോഷയാത്ര മടങ്ങിയെത്തിയശേഷം പട്ടാമ്പി സയ്യിദ് അബ്ദുൽ ഹക്കീം തങ്ങൾ അൽബുഖാരിയുടെ കാർമികത്വത്തിൽ കൂട്ടപ്രാർഥന. ആറിന് ഖത്ത്മുൽആൻതമാമും നേർച്ചവിതരണത്തോടെ ഉറൂസിനു സമാപനമാകും.
ശംഖുംമുഖം അസി. കമ്മിഷണർ ബി.എസ്.സജിമോന്റെ നേതൃത്വത്തിലാണ് ബീമാപള്ളിയിലെ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിശ്രമിക്കുന്നതിനുമടക്കമുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ്, അഗ്നിരക്ഷാസേന, റവന്യൂ, കോർപ്പറേഷൻ എന്നിവരുടെയും സേവനം, ജില്ലയിലെ എല്ലാ ഡിപ്പോകളിൽനിന്നും ബീമാപള്ളിയിലേക്ക് പ്രത്യേക സർവീസുകളും കെ.എസ്.ആർ.ടി.സി. ഏർപ്പെടുത്തിയിട്ടുണ്ട്.
Published: 11 Nov 2026, 01:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented