വെഞ്ഞാറമൂട് : മേൽപ്പാല നിർമാണത്തോടനുബന്ധിച്ച് വാഹനങ്ങൾ തിരിച്ചുവിടുന്ന ഇന്നർ റിങ് റോഡ് യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ ഭാഗത്തുനിന്നും ചന്തവഴി നെടുമങ്ങാട് റോഡിലേക്കു പ്രവേശിക്കുന്ന റോഡിലും, ആറ്റിങ്ങൽ റോഡിൽനിന്ന് കാവറവഴിയുള്ള പോലീസ് സ്റ്റേഷൻ റോഡിലുമാണ് അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞ മാസങ്ങൾക്കിടെ ചെറുതും വലുതുമായ പത്തോളം അപകടങ്ങളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തത്. റോഡിന്റെ അശാസ്ത്രീയമായ നിർമാണവും അപകടമേഖലയാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന സൂചനാ ബോർഡുകളുടെ അഭാവവുമാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

To advertise here,

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആറ്റിങ്ങൽ റോഡിൽനിന്ന് കാവറവഴി പോലീസ് സ്റ്റേഷൻ ഭാഗത്തേക്കു വന്ന കാർ അപകടത്തിൽപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. വളവിൽവെച്ച് നിയന്ത്രണംവിട്ട കാർ സമീപത്തെ സംരക്ഷണ മതിലിലിടിച്ചശേഷം റോഡരികിലെ ആഴമേറിയ കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കഴിഞ്ഞദിവസമാണ് ഇതേ വളവിൽ ബൈക്ക് യാത്രക്കാരൻ നിയന്ത്രണംതെറ്റി വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്. രാത്രികാലങ്ങളിൽ ആവശ്യത്തിന് തെരുവുവിളക്കുകളോ, മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തത് ആദ്യമായി എത്തുന്ന യാത്രക്കാർക്ക് വലിയ ഭീഷണിയാണ്. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ ഭാഗത്തുനിന്നും ചന്തവഴി നെടുമങ്ങാട് റോഡിലേക്ക് പ്രവേശിക്കുന്ന റോഡിലും അപകടങ്ങൾ പതിവാണ്. റോഡ് നിർമാണം പൂർത്തിയായദിവസം മുതൽ കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ അപകടത്തിൽപ്പെട്ടിരുന്നു.

വെഞ്ഞാറമൂട് ജങ്ഷനിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ നെടുമങ്ങാട്, ആറ്റിങ്ങൽ ഭാഗങ്ങളിലേക്ക് ചെറിയ വാഹനങ്ങൾക്കും വലിയ വാഹനങ്ങൾക്കും എളുപ്പത്തിൽ കടന്നുപോകാൻ സഹായിക്കുന്നതാണ് ഈ ഇന്നർ റിങ് റോഡുകൾ. െവഞ്ഞാറമൂട് ടൗണിൽ നടക്കുന്ന മേൽപ്പാല നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എം.സി. റോഡിലെ ഗതാഗതം സുഗമമായി തിരിച്ചുവിടാനുള്ള പ്രധാന റോഡാണ്. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ ഭാഗത്തുനിന്ന് ആരംഭിച്ച് മാർക്കറ്റ് വഴി നെടുമങ്ങാട് റോഡിനെയും, തുടർന്ന് കാവറഭാഗം വഴി ആറ്റിങ്ങൽ റോഡിനെയും ബന്ധിപ്പിക്കുന്ന ഈ ബൈപ്പാസ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അത്യാധുനികരീതിയിൽ നിർമിച്ചത്. റോഡ് നിർമാണത്തിനായി 6.25 കോടി രൂപയും, ഇരുവശങ്ങളിലുമുള്ള സ്ഥലമേറ്റെടുപ്പിനായി 9.10 കോടി രൂപയുമാണ് വിനിയോഗിച്ചത്. 8.5 മീറ്റർ വീതിയിൽ അത്യാധുനിക ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. കോടികൾ വിനിയോഗിച്ച് റോഡ് വീതികൂട്ടി നിർമിച്ചെങ്കിലും, ദിശാസൂചികകളോ വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അപകട വളവുകളിലും കവലകളിലും അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകൾ, സോളാർ ലൈറ്റുകൾ, റിഫ്ലക്ടറുകൾ എന്നിവ സ്ഥാപിക്കണമെന്നും, വേഗത കുറയ്ക്കുന്നതിനായി ശാസ്ത്രീയമായ രീതിയിൽ സ്പീഡ് ബ്രേക്കറുകൾ നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.