തിരുവനന്തപുരം: മൂന്നാമത് അന്താരാഷ്ട്ര ന്യൂറോലാറിംഗോളജി സമ്മേളനവും ശിൽപശാലയും നവംബർ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള പ്രമുഖ ഇ.എൻ.ടി. വിദഗ്ധരും ന്യൂറോലാറിംഗോളജി രംഗത്തെ പ്രഗത്ഭരും സമ്മേളനത്തിൽ പങ്കെടുക്കും.

To advertise here,

നവംബർ 13-ന് അനന്തപുരി ആശുപത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രായോഗിക പരിശീലന ശിൽപശാലയോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. നവംബർ 14, 15 തീയതികളിൽ കോവളത്തെ ഉദയ സമുദ്ര ഹോട്ടലിലാണ് മുഖ്യസമ്മേളനം സംഘടിപ്പിക്കുന്നത്.

തൊണ്ടയുമായി ബന്ധപ്പെട്ട രോഗങ്ങൾ, പ്രത്യേകിച്ച് ശബ്ദം, ഭക്ഷണം വിഴുങ്ങൽ, ശ്വസനം എന്നിവയെ ബാധിക്കുന്ന അസുഖങ്ങളുടെ ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇ.എൻ.ടി. വിഭാഗത്തിലെ ഉപവിദഗ്ധ ചികിത്സാശാഖയാണ് ലാറിംഗോളജി. ഇതിന്റെ നൂതന ഉപശാഖയായ ന്യൂറോലാറിംഗോളജി, ശബ്ദപേടകമായ ലാറിൻക്സിനെ ബാധിക്കുന്ന നാഡീസംബന്ധമായ തകരാറുകളുടെ പഠനവും ചികിത്സയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരം തകരാറുകൾ ശബ്ദമുണ്ടാക്കുന്നതിനും ഭക്ഷണം വിഴുങ്ങുന്നതിനും സുഗമമായി ശ്വസിക്കുന്നതിനും തടസ്സമുണ്ടാക്കാം.

വോക്കൽ കോഡ് പക്ഷാഘാതം ഈ മേഖലയിലെ പ്രധാന രോഗാവസ്ഥകളിലൊന്നാണ്. നാഡികളുടെ അനിയന്ത്രിതമായ സങ്കോചങ്ങൾമൂലം ശബ്ദത്തിൽ മുറുക്കം, വിറയൽ, അസ്ഥിരത എന്നിവ അനുഭവപ്പെടുന്ന സ്പാസ്മോഡിക് ഡിസ്ഫോണിയയും പ്രധാനപ്പെട്ട നാഡീസംബന്ധമായ ശബ്ദവൈകല്യമാണ്. ഇത്തരം രോഗാവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനായി നിരവധി നൂതന ചികിത്സാരീതികൾ സമീപകാലത്ത് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇന്ത്യയിൽ ഈ പ്രത്യേക ചികിത്സാമേഖലയുടെ വളർച്ചയ്ക്ക് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ലാറിംഗോളജി ഗ്രൂപ്പ് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലാറിംഗോളജിസ്റ്റായ ഡോ. ജയകുമാർ ആർ. മേനോന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 വർഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 25-ലധികം ഇ.എൻ.ടി. സർജന്മാർ ഈ മേഖലയിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

ഈ വർഷത്തെ സമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇ.എൻ.ടി. സർജന്മാർക്കു പുറമെ അമേരിക്ക, ജർമ്മനി, ബ്രിട്ടൻ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും പങ്കെടുക്കും. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ന്യൂറോലാറിംഗോളജിസ്റ്റുകൾ ഫാക്കൽറ്റി അംഗങ്ങളായി പങ്കെടുത്ത് തങ്ങളുടെ വൈദഗ്ധ്യവും അനുഭവസമ്പത്തും പങ്കുവെക്കും. ഈ പ്രത്യേക ചികിത്സാമേഖലയിലെ നൂതന അറിവുകൾ പകർന്നുനൽകുന്നതിനും പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിനും സമ്മേളനം ലക്ഷ്യമിടുന്നു.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ന്യൂറോലാറിംഗോളജി മേഖലയിലെ പുതിയ അറിവുകളും ചികിത്സാരംഗത്തെ മുന്നേറ്റങ്ങളും പങ്കുവെക്കുന്നതിനൊപ്പം വിദഗ്ധർ തമ്മിലുള്ള ആശയവിനിമയം, പ്രൊഫഷണൽ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുക എന്നതും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യമാണ്.