പാറശ്ശാല : പുതിയ ടൂറിസം സീസൺ ആരംഭിച്ചതോടെ ആറ്റുപുറം, പൊഴിയൂർ മേഖലയിലെ ബോട്ടിങ് നിരക്കുകൾ ഏകീകരിക്കണമെന്നാവശ്യം ശക്തം. തിരക്ക് തുടങ്ങിയതോടെ ഒരുവിഭാഗം ബോട്ട് ക്ലബ്ബുകൾ അമിത നിരക്ക് ഈടാക്കുന്നതായാണ് പരാതി.

To advertise here,

ബോട്ടിങ് മേഖലയിലെ ചൂഷണം പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം തൊഴിലാളികൾ രംഗത്തെത്തി. നിരക്കുകൾ ഏകീകരിക്കണമെന്നും നടത്തിപ്പ് ഡി.ടി.പി.സി. പോലുള്ള സർക്കാർ സംവിധാനങ്ങൾ ഏറ്റെടുക്കണമെന്നുമാണ് ആവശ്യം. പോലീസും പഞ്ചായത്തും ടൂറിസം അധികൃതരും ചേർന്ന് നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും പല ക്ലബ്ബുകളും ഇത് പാലിക്കാൻ തയ്യാറാകുന്നില്ല.

കമ്മിഷൻ തട്ടിപ്പും ഭീഷണിയും 

:നിലവിലെ തീരുമാനപ്രകാരം ഒരു മണിക്കൂർ ബോട്ടിങ്ങിന് 2,500 രൂപയും ഒന്നര മണിക്കൂറിന് 3,500 രൂപയുമാണ് നിരക്ക്. എന്നാൽ വാഹന ഡ്രൈവർമാർക്ക് വൻതുക കമ്മിഷൻ നൽകിയാണ് ചില ക്ലബ്ബുകൾ സഞ്ചാരികളെ ആകർഷിക്കുന്നത്. ഈ തുക സഞ്ചാരികളിൽനിന്ന് അമിത നിരക്കായി ഈടാക്കുകയാണ് പതിവ്.

കഴിഞ്ഞ വ്യാഴാഴ്ച ബോട്ടിങ്ങിനെത്തിയ കോഴിക്കോട് സ്വദേശികളായ സഞ്ചാരികളിൽനിന്ന് ഒന്നര മണിക്കൂർ യാത്രയ്ക്ക് ഏജന്റുമാർ 8,000 രൂപയോളം ഈടാക്കി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് നിരക്കുകൾ രേഖപ്പെടുത്തിയ ബോർഡ് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. അധികം വാങ്ങിയ തുക തിരികെ ചോദിച്ചപ്പോൾ ബോട്ട് ക്ലബ്ബ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി ദമ്പതിമാർ മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നും വടക്കൻ ജില്ലകളിൽ നിന്നും എത്തുന്നവരാണ് കൂടുതലായി കബളിപ്പിക്കപ്പെടുന്നത്.

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി

:യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ക്ലബ്ബുകളും ഇത് നടപ്പിലാക്കുന്നില്ല. ജാക്കറ്റുകൾ ബോട്ടിൽ സൂക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. സഞ്ചാരികളെ നിർബന്ധിച്ച് ധരിപ്പിക്കാൻ ജീവനക്കാർ തയ്യാറാകുന്നില്ല. ലൈഫ് ജാക്കറ്റില്ലാതെ കൊച്ചുകുട്ടികളുമായി രക്ഷിതാക്കൾ യാത്ര ചെയ്യുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.നേരത്തെ പോലീസ് പരിശോധന കർശനമായിരുന്ന സമയത്ത് ക്ലബ്ബുകൾ നിയമങ്ങൾ പാലിച്ചിരുന്നു. എന്നാൽ പരിശോധന നിലച്ചതോടെ നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതായി. ബോട്ട് ഡ്രൈവർമാരുടെ ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ കർശനമായി പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.