കൈവരികൾ പൊളിഞ്ഞു; കല്ലുകെട്ട് ഇടിഞ്ഞു
വിതുര : കൈവരികൾ പൊളിഞ്ഞതും അടിയിലെ കല്ലുകെട്ട് ഇടിഞ്ഞതും വിതുര-പൊന്മുടി പാതയിൽ ശിവൻകോവിൽ ജങ്ഷനിലെ പാലത്തെ അപകടസ്ഥിതിയിലാക്കി.
നൂറ്റാണ്ടിന്റെ പഴക്കമുള്ള പാലം പുനർനിർമിക്കണമെന്നത് ഏറെനാളായുള്ള ആവശ്യമാണ്. പഴകുറ്റി-പൊന്മുടി റോഡ് നവീകരണം ഇഴയുന്നതാണ് ഇതിനു തടസ്സം. കൃത്യമായി അറ്റകുറ്റപ്പണി ചെയ്യാത്തതാണ് പാലത്തിന്റെ ഉറപ്പിനെ സാരമായി ബാധിച്ചത്. അടിഭാഗത്തെ കല്ലുകെട്ട് ഇടിഞ്ഞ് കല്ലുകൾ ഇളകിമാറി. ഇരുവശത്തേയും കൈവരികൾ പൊളിഞ്ഞതാണ് മറ്റൊരു പ്രശ്നം. ജല അതോറിട്ടിയുടേയും ടെലികോമിന്റേയും പൈപ്പുകൾ പാലത്തിനോട് ചേർന്നാണ്.
റോഡിലെ വളവ് അപകടസാധ്യത കൂട്ടുന്നു. ഇടുങ്ങിയ പാലത്തിലൂടെ വാഹനങ്ങൾ പോകുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. എതിരെ വാഹനങ്ങൾ വന്നാൽ കുടുങ്ങിയതു തന്നെ.
ചരക്കു വാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. പൊന്മുടിയിലേക്കും പേപ്പാറയിലേക്കുമായി അവധിദിവസങ്ങളിൽ നൂറുകണക്കിനു വാഹനങ്ങൾ ഇതുവഴിയുണ്ട്.
ബോണക്കാട്,കല്ലാർ, ഐസർ, ജഴ്സിഫാം എന്നിവിടങ്ങളിലേക്കുള്ള വഴിയും ഇതിലേ തന്നെ. ആദിവാസി ഊരുകളായ പൊടിയക്കാല, മണലി എന്നിവിടങ്ങളിലേക്കു പോകണമെങ്കിലും പാലത്തെ ആശ്രയിക്കണം.
പൊന്മുടിയിലേക്കുള്ള സുഗമയാത്രയ്ക്കായി ഒരു നൂറ്റാണ്ടിനു മുമ്പ് ബ്രിട്ടീഷുകാരാണ് കോട്ടിയത്തറ-തള്ളച്ചിറ തോടിന് കുറുകെയുള്ള പാലം നിർമിച്ചത്. വലിയ ഒറ്റക്കല്ലുകൾ കൊണ്ടു പണിഞ്ഞ പാലത്തിനു മുകളിലൂടെ റോഡു നിർമിക്കുകയായിരുന്നു.
പ്രധാന റോഡിലായിരുന്നിട്ടും അധികൃതരുടെ അനാസ്ഥയാണ് പാലത്തെ ശോചനീയാവസ്ഥയിലെത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു.
Published: 19 Nov 2026, 01:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented