കൊട്ടിയം : ഇടതടവില്ലാതെ ആശുപത്രിയിലേക്കു പാഞ്ഞെത്തുന്ന ആംബുലൻസുകൾ... പരിഭ്രമത്തോടെ ഓടിയെത്തുന്ന രക്ഷിതാക്കൾ... ചൂരൽപൊയ്കയിലെ ടാർ മിശ്രണ കേന്ദ്രത്തിൽനിന്നു പുറന്തള്ളിയ പുകപടലം ശ്വസിച്ച് വിദ്യാർഥികൾ കുഴഞ്ഞുവീണതോടെ കൊട്ടിയം ഏറെനേരം പരിഭ്രാന്തിയിലായി. സ്കൂളിൽ തടിച്ചുകൂടിയ രക്ഷിതാക്കൾ, വിദ്യാർഥികളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുതുടങ്ങിയത്. വളരെ പെട്ടെന്നുതന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിച്ചു. സ്കൂളിനടുത്തുള്ള ആശുപത്രിയിൽനിന്ന് ആംബുലൻസുകൾ വരിവരിയായി സ്കൂളിലേക്കു പാഞ്ഞെത്തി. കുഴഞ്ഞുവീണ കുട്ടികളുമായി ആംബുലൻസുകൾ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു.
വിവരമറിഞ്ഞ രക്ഷിതാക്കൾ ആശുപത്രിയിലേക്കും സ്കൂളിലേക്കും ഓടിയെത്തി.
ആശുപത്രിയിലെ അത്യാഹിതവിഭാഗം കുട്ടികളെക്കൊണ്ടു നിറഞ്ഞതോടെ രണ്ട് വാർഡുകളും അടിയന്തരചികിത്സകൾ നൽകുന്നതിനു സജ്ജമാക്കി. വിദഗ്ധ ഡോക്ടർമാരടക്കമുള്ളവർ കുട്ടികളുടെ ചികിത്സയ്ക്കായി നിയോഗിക്കപ്പെട്ടു. വിവരം ടൗണിലേക്കും പടർന്ന തോടെ നാട്ടുകാരും പൊതുപ്രവർത്തകരുമെല്ലാം ആശുപത്രിയിലേക്ക് ഓടിയെത്തി. ആശുപത്രിയും പരിസരവും ജനങ്ങളെക്കൊണ്ടു നിറഞ്ഞു. ‘
റൈസിങ് കൊട്ടിയം’ പ്രവർത്തകർ എല്ലാ ക്രമീകരണങ്ങളുമൊരുക്കി രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി. ബി.ബി. ഗോപകുമാർ എം.എൽ.എ., മുൻ എം.എൽ.എ. ജി.എസ്. ജയലാൽ, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡൻറ് ചിന്താ ജെറോം, ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജെനോക്കി എഡ്വേർഡ്, വൈസ് പ്രസിഡൻ്റ് ജെ. സരസ്വതി, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാജൻ കൊട്ടിയം, റൈസിങ് കൊട്ടിയം ഭാരവാഹികളായ അലോഷ്യസ് റൊസാരിയോ, അസീർ, ചൂരൽപൊയ്ക സമരസമിതി ഭാരവാഹികളായ സിറിൾ റിച്ചാർഡ്, വൈ. ഗോഡ്സൺ എന്നിവരടക്കം ഒട്ടേറെപ്പേർ ആശുപത്രിയിലും സ്കൂളിലുമെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ചാത്തന്നൂർ എ.സി.പി. രാകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
ടാർ മിശ്രണകേന്ദ്രം പൂട്ടണം -കെ.എസ്.യു.
: ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കടുത്ത് ഏറെ ജനസാന്ദ്രതയേറിയ സ്ഥലത്ത് പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റ് അടച്ചുപൂട്ടാൻ അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു.. പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നത് പിണറായി സർക്കാർ നൽകിയ കെ-സ്വിഫ്റ്റ് സർട്ടിഫിക്കറ്റിന്റെ മറവിലാണ്.
നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നതിനാണ് ആദിച്ചനല്ലൂർ പഞ്ചായത്തും ചില ഉദ്യോഗസ്ഥരും പരിശ്രമിക്കുന്നത്. പ്ലാന്റ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി പ്രവർത്തിക്കാൻ കമ്പനി അധികൃതരും തയ്യാറാകണമെന്ന് കെ.എസ്.യു. ചാത്തന്നൂർ അസംബ്ലി പ്രസിഡന്റ് അരവിന്ദ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്ലാന്റിനെതിരേ കെ.എസ്.യു. പ്രക്ഷോഭം തുടങ്ങും.
ഡി.വൈ.എഫ്.ഐ. ദേശീയപാതഉപരോധിച്ചു
കൊട്ടിയം : ടാർ മിശ്രണ കേന്ദ്രത്തിൽനിന്നുള്ള പുകപടലം ശ്വസിച്ച് വിദ്യാർഥികൾക്ക് ഗുരുതരമായ ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തിൽ കളക്ടർ നേരിട്ടെത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊട്ടിയത്ത് ദേശീയപാതയുടെ സർവീസ് റോഡ് ഉപരോധിച്ചു. കൊട്ടിയം ജങ്ഷനിൽ ചാത്തന്നൂർ ഭാഗത്തേയ്ക്കുള്ള റോഡിലായിരുന്നു ഉപരോധസമരം.
റോഡ് ഉപരോധിച്ചവരെ നീക്കാൻ പോലീസ് നടത്തിയ ശ്രമം നേരിയ സംഘർഷത്തിലെത്തി. സമരം അപ്രതീക്ഷിതമായതിനാൽ പോലീസുകാരും എണ്ണത്തിൽ കുറവായിരുന്നു. കൂടുതൽ പോലീസെത്തി സമരക്കാരെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം, ജില്ലാ സെക്രട്ടറി ഹരികൃഷ്ണൻ, ജോ. സെക്രട്ടറി ശബരിനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം.
Published: 19 Nov 2026, 02:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented