ചിതറ : ഗ്രാമീണപാതകൾ ഏറെയുള്ള പഞ്ചായത്താണ് ചിതറ. പഞ്ചായത്തിലൂടെ കടന്നുപോകുന്ന പാരിപ്പള്ളി-മടത്തറ റോഡ് ചിതറ-പാങ്ങോട്, കിഴക്കുംഭാഗം പാങ്ങോട്, കാഞ്ഞിരത്തുംമൂട്-അഞ്ചൽ റോഡ് എന്നിവിടങ്ങളിലൂടെ മാത്രമാണ് എപ്പോഴും ബസുള്ളത്. എണ്ണപ്പനത്തോട്ടങ്ങളുമായും വനമേഖലയുമായും അതിർത്തി പങ്കിടുന്ന വാർഡുകളിലും കുമ്മിൾ, പാങ്ങോട് പഞ്ചായത്തുകളോടു ചേർന്ന പ്രദേശങ്ങളിലും യാത്രാക്ലേശം രൂക്ഷമാണ്. മിക്ക വാർഡുകളിൽനിന്നും മൂന്നും നാലും കിലോമീറ്റർ നടന്നാലാണ് പ്രധാന പാതകളിൽ എത്താനാകുക.

To advertise here,

പാറയ്ക്കാട്-പെരിങ്ങാടുവഴി തിരുവനന്തപുരത്തേക്ക്‌ ഉണ്ടായിരുന്ന ബസ് സർവീസ് കണ്ണങ്കോട്, തോട്ടംമുക്ക് ഭാഗങ്ങളിലുള്ളവർക്ക് വലിയ ആശ്വാസമായിരുന്നു. അതു നിർത്തിയതോടെ, ഇപ്പോൾ കിലോമീറ്ററുകൾ സഞ്ചരിച്ച് പാറയ്ക്കാട്ടും ഐരക്കുഴിയിലും എത്തിയാണ് ഇവിടെയുള്ളവർ ബസ് കയറുന്നത്. മാടൻകാവ്, മഞ്ഞപ്പാറ-ഉണ്ണിമുക്ക്, വേങ്കോട്-നാട്ടുകല്ല്-കൊച്ചരിപ്പ-ഇടപ്പണ, മുള്ളിക്കാട്-കൊല്ലായിൽ, മാങ്കോട്, തലവരമ്പ്, കാരിച്ചിറ, തെറ്റിമുക്ക് തുടങ്ങിയ മേഖലകളിലൂടെയെല്ലാം കെ.എസ്.ആർ.ടി.സി. ബസുകൾ തിരുവനന്തപുരം, ചടയമംഗലം ഭാഗത്തേക്കെല്ലാം സർവീസ് നടത്തിയിരുന്നതാണ്. എന്നാൽ വർഷങ്ങളായി ഒരു ബസും ഓടുന്നില്ല.

മൂന്നും നാലും കിലോമീറ്റർ നടന്നാണ് കുട്ടികൾ സ്‌കൂളുകളിലേക്കു പോകുന്നത്‌. ചല്ലിമുക്ക്-ചക്കമല-കിളിത്തട്ട്, ചക്കമല എൽ.പി.എസ്. ഭാഗം തുടങ്ങി പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും യാത്രാക്ലേശമുണ്ട്. ഈ മേഖലകൾ കേന്ദ്രീകരിച്ച്, കൃത്യമായ ആസൂത്രണത്തോടെ ഗ്രാമവണ്ടി സർവീസ് ആരംഭിച്ചാൽ പ്രശ്നപരിഹാരമാകും.

തകർന്ന് ഗ്രാമീണപാതകൾ

:പഞ്ചായത്തിലെ ഐരക്കുഴി, മാടൻകാവ്, വളവുപച്ച, അരിപ്പൽ, ചക്കമല, കിളിത്തട്ട്, കാരിച്ചിറ തുടങ്ങിയ വാർഡുകളിലെ ഗ്രാമീണപാതകളിൽ പലതും തകർച്ചയിലാണ്. ടാറും മെറ്റലുമിളകിയ പാതകളിലൂടെ ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ജനവാസം കുറഞ്ഞ കൊച്ചുതോട്ടംമുക്ക്-കണ്ണങ്കോട് മേഖലയിലെ റോഡിൽ മാലിന്യംതള്ളലും വ്യാപകമാണ്.

(നാളെ-തകർന്ന് കാർഷികമേഖല)