വിതുര : വളവുകളും റോഡിലേക്കു ചാഞ്ഞുനിൽക്കുന്ന മരങ്ങളും ചായം എട്ടാംകല്ല്-ചാരുപാറ റോഡിനെ അപകടക്കെണിയാക്കുന്നു. കോടികൾ ചെലവിട്ട് നവീകരിച്ചെങ്കിലും മതിയായ സുരക്ഷാസൗകര്യങ്ങൾ ഒരുക്കാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. ആധുനികരീതിയിൽ പുനർനിർമിച്ച ചെറ്റച്ചൽ -വെള്ളനാട് റോഡിൽ ചായം ജങ്ഷൻമുതൽ സ്വരാജ് കവാടം വരെയുള്ള ഭാഗത്താണ് അപകടം പതിയിരിക്കുന്നത്.

To advertise here,

ചായം ഭദ്രകാളിക്ഷേത്രം, എട്ടാംകല്ല്, ചാരുപാറ തുടങ്ങിയ സ്ഥലങ്ങളിലെ കൊടുംവളവുകൾ അതേപടി നിലനിർത്തിയാണ് റോഡ് നവീകരിച്ചതെന്നാണ് പരാതി. പുനർനിർമാണത്തിന്റെഭാഗമായി പലയിടത്തും വളവുകളിലെ മണ്ണിടിച്ചുമാറ്റി വീതികൂട്ടിയെടുത്തെങ്കിലും ഈ ഭാഗത്തെ അവഗണിച്ചതായാണ് നാട്ടുകാർ പറയുന്നത്. എട്ടാംകല്ല് ജങ്ഷനിലാണ് പ്രശ്നം രൂക്ഷം. തീരെ വീതികുറവായ ഇവിടെ എതിരേവരുന്ന വാഹനങ്ങളെ കാണാൻകഴിയാത്തതാണ് പ്രധാന പ്രശ്നം. ഇതിനൊപ്പം അമിതവേഗവും പരിചയക്കുറവും ചേരുമ്പോഴാണ് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നത്.

അപകടമൊരുക്കി ചാഞ്ഞ മരങ്ങളും

വീതിയില്ലാത്ത റോഡരികിലെ മരങ്ങളും യാത്രക്കാർക്കു ഭീഷണിയാണ്. ചുവട്ടിലെ മണ്ണടർന്നുമാറിയതും റോഡിലേക്കു ചാഞ്ഞുനിൽക്കുന്നതും ഉൾപ്പെടെ നിരവധി മരങ്ങളാണ് ഇത്തരത്തിലുള്ളത്.

എട്ടാംകല്ല് ജങ്ഷനിലെ രണ്ട്‌ വലിയ മരങ്ങളും അൻപത് മീറ്റർ മാറി നിൽക്കുന്ന മരവും ഭീതിപടർത്തുന്നു. ഭദ്രകാളിക്ഷേത്ര ജങ്ഷൻ കഴിഞ്ഞ് വീടിനോടു ചേർന്നുനിൽക്കുന്ന മരം ഏതുസമയവും വീഴാവുന്ന നിലയിലാണ്. ചാരുപാറഭാഗത്ത് ഉയർന്ന മൺതിട്ടയിൽ നിൽക്കുന്ന മരങ്ങളും ഭീഷണിയാണ്.

മാലിന്യംതള്ളലും തെരുവുനായശല്യവും

പൊന്മുടിപ്പാതയിലെത്തിച്ചേരുന്ന ഭാഗത്ത് സ്വരാജ് കവാടത്തിനു സമീപത്താണ് മാലിന്യംതള്ളൽ. പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും ഉൾപ്പെടെ തള്ളുന്നത് തെരുവുനായശല്യത്തിനു കാരണമാകുന്നുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. അറവുമാലിന്യങ്ങളും തള്ളുന്നതിൽപ്പെടുന്നു. മാലിന്യം പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലുമാക്കിയാണ് കൊണ്ടിടുന്നത്.