ശാസ്താംകോട്ട : ഡിവൈ.എസ്.പി. ഓഫീസ് താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിൽ നിലനിർത്തും. ഉല്ലാസ് കോവൂർ എം.എൽ.എ.യുടെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് ഓഫീസ് മാറ്റം ഉപേക്ഷിച്ചത്.

To advertise here,

ശാസ്താംകോട്ട ടൗണിന് പടിഞ്ഞാറ് നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിനു സമീപം ജല അതോറിറ്റി വക സ്ഥലത്ത് പുതിയ കെട്ടിടം പണിയാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനായി 20 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് അടിയന്തരനടപടിക്ക് നിർദേശം നൽകിയതായി എം.എൽ.എ. അറിയിച്ചു.

ശാസ്താംകോട്ട ടൗണിൽ കെ.എസ്.ആർ.ടി.സി. ബസ് സ്‌റ്റേഷനായി നൽകിയ ഭൂമിയിൽ ഓഫീസ് പണിയുന്നതിനായിരുന്നു മുൻപുള്ള തീരുമാനം. ഇതിനായി 20 സെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി റവന്യൂ അധികൃതർ ആഭ്യന്തരവകുപ്പിന് വിട്ടുനൽകി. ഇവിടെ പുതിയ കെട്ടിടം പണിയുന്നതിന് എല്ലാ നടപടികളും പൂർത്തിയായി. കല്ലിടുന്നതിനും തീരുമാനിച്ചിരുന്നു.

ഇതിനിടെയാണ് ഓഫീസ് മാറ്റുന്നതിന് ഭരണകക്ഷിയിലെ ഒരു വിഭാഗം നീക്കംനടത്തിയത്. താലൂക്ക് ആശുപത്രിക്ക് കെട്ടിടം പണിയാൻ മതിയായ സ്ഥലംവേണമെന്ന പേരിലായിരുന്നു ആഭ്യന്തരവകുപ്പിൽ സമ്മർദം ചെലുത്തിയത്. ഒടുവിൽ ഏറ്റെടുത്ത സ്ഥലം തിരികെ വിട്ടുനൽകുന്നതായി കാണിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവുമിറക്കി. ഇത് സേനയിലും അതൃപ്തിയുണ്ടാക്കി. ശൂരനാട് പോലീസ് സ്‌റ്റേഷന് വടക്കുഭാഗത്ത് ആഭ്യന്തരവകുപ്പ് വക സ്ഥലത്ത് കെട്ടിടംപണിയുന്നതിനുള്ള ശ്രമമായിരുന്നു പിന്നിലെന്നാണ് വിവരം.

ഓഫീസ് താലൂക്ക് ആസ്ഥാനത്തുനിന്ന് പോകുന്നത് ഇടതുപക്ഷം രാഷ്ട്രീയ ആയുധമാക്കാനും തീരുമാനിച്ചു. മുൻ എം.എൽ.എ. കോവൂർ കുഞ്ഞുമോൻ പ്രതിഷേധവുമായെത്തുമെന്ന പ്രചാരണവും ശക്തമായി.

ഓഫീസ് മാറ്റാനുള്ള നീക്കം സംബന്ധിച്ച് ബുധനാഴ്ച ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.