സി.ഐ.ടി.യു. ജില്ലാസമ്മേളനം

To advertise here,

കരുനാഗപ്പള്ളി : രാജ്യത്ത്‌ പൊതുമേഖലാ സ്ഥാപനങ്ങളും തൊഴിലിടങ്ങളുമെല്ലാം കുത്തകകൾക്ക് കൈമാറുകയാണെന്ന് സി.ഐ.ടി.യു. ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. സി.ഐ.ടി.യു. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പത്തു തുറമുഖങ്ങളും 11 വിമാനത്താവളങ്ങളും ഇതിനകം അദാനിക്ക് കൈമാറിക്കഴിഞ്ഞു. രാജ്യത്തിന്റെ ഖനികൾ, വാർത്താവിനിമയമേഖല, വൈദ്യുതി, കാർഷിക മേഖലകൾ ഇവയെല്ലാം കുത്തകകൾക്കായി തുറന്നുകൊടുക്കുകയാണ്. ഇതിൽ പ്രതിഷേധിക്കുന്നവരെ പലരൂപത്തിൽ അടിച്ചമർത്തുന്നു. തൊഴിലാളികളുടെ നേതൃത്വത്തിൽ വലിയ പ്രതിരോധം തീർത്തുകൊണ്ടുമാത്രമേ ഇതിനെ ചെറുക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ജങ്ഷനു സമീപം നടന്ന പൊതുസമ്മേളനത്തിൽ സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ് അധ്യക്ഷനായി. മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ജനറൽ കൺവീനർ എ. അനിരുദ്ധൻ, ജെ. മേഴ്‌സിക്കുട്ടിയമ്മ, സൂസൻ കോടി, എസ്. ജയമോഹൻ, പി.ആർ. വസന്തൻ, ടി.മനോഹരൻ, എം. ശിവശങ്കരപ്പിള്ള തുടങ്ങിയവർ സംസാരിച്ചു.

വൈകീട്ട് പുതിയകാവിനു സമീപത്തുനിന്ന്‌ ആരംഭിച്ച പ്രകടനം സമ്മേളന ഗ്രൗണ്ടിൽ സമാപിച്ചു. വിവിധ ഘടക യൂണിയനുകളിൽപ്പെട്ട തൊഴിലാളികൾ പ്രത്യേക ബാനറിനു കീഴിൽ അണിനിരന്നു.

ഭാരവാഹികൾ: ബി. തുളസീധരക്കുറുപ്പ് (പ്രസി.), എസ്. ജയമോഹൻ (ജന. സെക്ര.), എ.എം. ഇക്ബാൽ (ട്രഷ.).