ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലെ താരതമ്യേന ചെറിയ വ്യോമസേനകളെ ലക്ഷ്യമിട്ടാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും ഇന്ത്യന്‍ വ്യോമസേനയും തേജസ് ദുബായ് എയര്‍ ഷോയില്‍ അവതരിപ്പിച്ചത്.

അയ്യായിരത്തിലധികം പരീക്ഷണ പറക്കലുകള്‍. ആധുനിക യുദ്ധവിമാനങ്ങളില്‍ ഏറ്റവും മികച്ച സുരക്ഷാ റെക്കോര്‍ഡ്. 2001-ല്‍ ആദ്യത്തെ പറക്കല്‍ മുതല്‍ ഇന്നുവരെ ആകെ സംഭവിച്ചത് രണ്ട് അപകടങ്ങള്‍ മാത്രം. പറഞ്ഞുവരുന്നത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒറ്റ എന്‍ജിന്‍, മള്‍ട്ടി-റോള്‍ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനം തേജസിനെക്കുറിച്ചാണ്. തേജസിന്റെ രണ്ടാമത്തെ മാത്രം അപകടമാണ് കഴിഞ്ഞ ദിവസം ദുബായ് എയര്‍ഷോയിലെ അഭ്യാസപ്രകടനത്തിനിടെ സംഭവിച്ചത്. എയര്‍ഷോയ്ക്കിടെ താഴ്ന്നു പറന്നുള്ള അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. നിലത്ത് ഇടിച്ചയുടന്‍ വിമാനം പൂർണമായി കത്തിനശിച്ചു. അപകടത്തില്‍ പൈലറ്റിന്റെ ജീവന്‍ നഷ്ടമായി. വ്യോമസേന വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിനാണ് ജീവൻ നഷ്ടമായത്. വ്യോമസേനയില്‍ തേജസിന്റെ 10 വര്‍ഷത്തെ സേവനത്തിനിടയിലെ ആദ്യത്തെ ജീവഹാനി.
മധ്യപൂര്‍വ്വേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ ചെറുരാജ്യങ്ങളെയും വ്യോമസേനകളെയും ലക്ഷ്യമിട്ടാണ് നാലാം തലമുറ, ഒറ്റ എന്‍ജിന്‍ യുദ്ധവിമാനം അതിന്റെ നിർമാതാക്കളായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും ഇന്ത്യന്‍ വ്യോമസേനയും ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ വ്യാപാര പ്രദര്‍ശനങ്ങളിലൊന്നില്‍ അവതരിപ്പിച്ചത്. പക്ഷേ എയര്‍ഷോയ്ക്കിടെ ഉണ്ടായ അപകടം വലിയ വെല്ലുവിളിയാണ് തേജസിന് ഉയര്‍ത്തുന്നത്. എന്താണ് തേജസിന്റെ ചരിത്രം? എന്തെല്ലാമാണ് തേജസിന്റെ സവിശേഷതകള്‍? ദുബായ് എയര്‍ഷോയിലെ അഭ്യാസപ്രകടനത്തിനിടെ സംഭവിച്ച അപകടം എങ്ങനെയാണ് തേജസിനെ ബാധിക്കുക?
തുടക്കമിട്ടത് ഇന്ദിര, പേരിട്ടത് വാജ്‌പേയി
ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്ന റഷ്യന്‍ നിര്‍മിത മിഗ്-21 കാലപ്പഴക്കംമൂലമുള്ള വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിൽ 1983-ലാണ് സ്വന്തമായി യുദ്ധവിമാനം നിര്‍മിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയൊരു ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് പ്രോഗ്രാം ആരംഭിച്ചു. ഈ പ്രോഗാം കൈകാര്യം ചെയ്യുന്നതിനായി 1984-ല്‍, ഡിആര്‍ഡിഒയുടെ കീഴില്‍ സര്‍ക്കാര്‍ എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സി സ്ഥാപിച്ചു. പുതിയ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റിന്റെ രൂപകല്‍പ്പനയും വികസനവും എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയെ ഏല്‍പ്പിച്ചു. പ്രധാന നിര്‍മാണ കരാറുകാരായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ തിരഞ്ഞെടുക്കപ്പെട്ടു. എല്‍സിഎ പ്രോഗ്രാമിന്റെ ഡയറക്ടറും ചീഫ് ഡിസൈനറുമായി കോട്ട ഹരിനാരായണയെ നിയമിച്ചു. തൊട്ടടുത്ത വര്‍ഷം പ്രോഗ്രാമിനായി സര്‍ക്കാര്‍ തുക അനുവദിക്കുകയും ഒരു തദ്ദേശീയ എന്‍ജിന്‍ വികസിപ്പിക്കുന്നതിനുള്ള പരിപാടി ആരംഭിക്കുകയും ചെയ്തു.
പക്ഷേ, പദ്ധതിക്ക് പ്രതീക്ഷിച്ച വേഗമുണ്ടായിരുന്നില്ല. തുടക്കം മുതല്‍ കാര്യങ്ങള്‍ ഇഴഞ്ഞു നീങ്ങിയാണ് മുന്നോട്ടുപോയത്. അക്കാലത്ത്, ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന് യുദ്ധവിമാനം തദ്ദേശീയമായി നിര്‍മിക്കാനാകുമോ എന്ന് പലരും സംശയിച്ചു. പോര്‍വിമാനത്തിന്റെ സങ്കീര്‍ണ സാങ്കേതികവിദ്യ നമുക്ക് വഴങ്ങുമോയെന്ന് വിദേശരാജ്യങ്ങള്‍ക്ക് മാത്രമല്ല, രാജ്യത്തിനകത്ത് നിന്ന് പോലും സംശയമുയര്‍ന്നു. ഒരു ഫലവുമുണ്ടാക്കാത്ത ഗവേഷണങ്ങള്‍ക്കായി വലിയ തുക പാഴാക്കിക്കളയുന്നു എന്നാണ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഗവേഷണങ്ങള്‍ നേരിട്ടു കാണാനായി ഡിആര്‍ഡിഒയിലെത്തിയ ഒരു സംഘം പാര്‍ലമെന്റ് അംഗങ്ങള്‍ പോലും വിലയിരുത്തിയത്. പദ്ധതി ഉപേക്ഷിക്കണമെന്ന് പോലും അവരില്‍ പലരും ആവശ്യപ്പെട്ടു. പദ്ധതിക്ക് പിന്തുണ നല്‍കിയത് ഡിആര്‍ഡിഒ മേധാവിയായിരുന്ന മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമും ഗവേഷണ പദ്ധിയെ നയിച്ച ഡോ. കോട്ടാ ഹരിനാരായണനുമായിരുന്നു. പദ്ധതി ഉപേക്ഷിക്കരുതെന്ന് വ്യവസായി രത്തന്‍ ടാറ്റയും വാദിച്ചു.
രൂപകല്പന പൂര്‍ത്തിയാക്കി 1990-ലാണ് എച്ച്എഎല്‍ വിമാനത്തിന്റെ നിര്‍മാണം തുടങ്ങിയത്. പക്ഷേ 1998-ലെ ആണവ പരീക്ഷണത്തെ തുടര്‍ന്നുണ്ടായ ഉപരോധം പദ്ധതിയെ വീണ്ടും മന്ദഗതിയിലാക്കി. പദ്ധതിയുമായി സഹകരിച്ചിരുന്ന വിദേശ കമ്പനികളെല്ലാം അമേരിക്കയുടെ വിലക്കിനെത്തുടർന്ന് പിന്മാറി. അമേരിക്കന്‍ കമ്പനി ലോക്ഹീഡ് മാര്‍ട്ടിന്റെ പിന്‍വാങ്ങല്‍ വലിയ തിരിച്ചടിയായി. പക്ഷേ, ഇതോടെ വിമാനത്തില്‍ നിര്‍ണായകമായ ഫ്‌ളൈ ബൈ വയര്‍ കണ്‍ട്രോള്‍ ലോസ് (ക്ലോവ്) മുതല്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വരെ പല ഘടകങ്ങളും തദ്ദേശീയമായി വികസിപ്പിച്ചു. നേരത്തെ ഇതെല്ലാം ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. ഇപ്പോള്‍ തേജസിന്റെ എന്‍ജിനും റഡാറിന്റെ ചില ഘടകങ്ങളും അടിയന്തര ഘട്ടത്തില്‍ പൈലറ്റിന് രക്ഷപ്പെടാനുള്ള ഇജക്ഷന്‍ സംവിധാനവുമൊഴികെ ബാക്കിയെല്ലാം തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഇന്ത്യ സ്വന്തമായി നിര്‍മിച്ച കാവേരി എന്‍ജിന്‍ പ്രവര്‍ത്തന സജ്ജമാകാത്തതിനേത്തുര്‍ന്ന് അമേരിക്കന്‍ നിര്‍മിത ജിഇ എഫ് 404-ഐഎൻ 20 (GE F404-IN20) എന്‍ജിനാണ് ഉപയോഗിച്ചത്.
രൂപകല്പന പൂര്‍ത്തിയാക്കി ഒരു പതിറ്റാണ്ടിന് ശേഷം 2001-ലായിരുന്നു ആദ്യത്തെ പരീക്ഷണ പറക്കല്‍. ഗവേഷണ ഘട്ടത്തിലിരിക്കെ, വിമാനം അന്ന് പറത്തിയത് വ്യോമസേന പൈലറ്റായിരുന്ന വിങ് കമാന്‍ഡര്‍ രാജീവ് കോത്ത്യാലായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയാണ് നാലാം തലമുറയില്‍പ്പെട്ട ഈ വിമാനത്തിന് ‘തേജസ്’ എന്ന് പേര് നല്‍കിയത്. 2016-ല്‍ വിമാനം ബഹ്‌റൈൻ അന്താരാഷ്ട്ര എയര്‍ഷോയില്‍ അവതരിപ്പിച്ചു. ആ വര്‍ഷം തന്നെ വിമാനം ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. 40 തേജസ് എം.കെ-1 ജെറ്റുകളാണ് വ്യോമസേനയ്ക്ക് കൈമാറിയത്. ഇവ രണ്ട് സ്‌ക്വാഡ്രണുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാലം കൊണ്ട് യുദ്ധരംഗത്ത് മികവ് തെളിയിക്കാന്‍ ശേഷിയുള്ള കരുത്തുള്ള പോരാളിയായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തേജസിനെ മാറ്റിയെടുത്തു.
ഒറ്റ എന്‍ജിനുള്ള വിവിധോദ്ദേശ്യ പോര്‍വിമാനം
33 വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കും മൂവായിരത്തിലധികം വരുന്ന പരീക്ഷണപ്പറക്കലുകള്‍ക്കും അവസാനമാണ് 2016-ല്‍ തേജസ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ പ്രതിരോധ രംഗത്തെ ഏറ്റവും ചെലവുകൂടിയ പദ്ധതികളിലൊന്നായിരുന്നു തേജസിന്റെ നിര്‍മാണം. 275 മുതല്‍ 300 കോടി രൂപവരെയാണ് ഒരു യൂണിറ്റ് തേജസ് നിര്‍മിക്കാനുള്ള ചെലവ്. ശബ്ദാതിവേഗ പോര്‍വിമാനമായ തേജസ്സിന്റെ 65 ശതമാനം ഘടകങ്ങളും തദ്ദേശീയമായി നിര്‍മിച്ചതാണ്. കരയിലും കടലിലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷിയും വിമാനത്തിനുണ്ട്. ഏത് പ്രതികൂല സാഹചര്യത്തിലും ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള വിധത്തില്‍ രൂപകല്പന ചെയ്തതാണ് ഈ മള്‍ട്ടി-റോള്‍ ലൈറ്റ് കോംബാറ്റ് വിമാനം.
ഒറ്റ എന്‍ജിനും ഇരട്ടസീറ്റുമുള്ള വിവിധോദ്ദേശ്യ പോര്‍വിമാനമായ തേജസിന് മണിക്കൂറില്‍ 1,975 കിലോമീറ്ററാണ് പരമാവധി വേഗം. താരതമ്യേന ഭാരം കുറവാണ്. വിമാനത്തിന് 12 ടണ്‍ ഭാരമാണുള്ളത്. കാര്‍ബണ്‍ ഫൈബര്‍ കോമ്പോസിറ്റ് ബോഡിയാണ് സവിശേഷത. 13.2 മീറ്റര്‍ നീളവും 4.4 മീറ്റര്‍ ഉയരവുമുണ്ട്. വിങ്‌സ്പാന്‍ 8.2 മീറ്ററാണ്. ദൂരപരിധി 400 കിലോ മീറ്ററും. പരമാവധി 4,000 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്. പരമാവധി ടേക്ക് ഓഫ് ഭാരം 13,300 കിലോഗ്രാം ആണ്. സുരക്ഷിതമായി പറക്കാവുന്ന പരമാവധി ഉയരം 50000 അടിയാണ്. എതിര്‍ പോര്‍വിമാനങ്ങള്‍ തിരിച്ചറിയാന്‍ സെന്‍സര്‍ സംവിധാനവും വിമാനത്തിന്റെ സവിശേഷതയാണ്. അത്യാധുനിക ക്വാഡ്രുപ്ലെക്സ് ഡിജിറ്റല്‍ ഫ്ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍ എന്നിവയും തേജസിനുണ്ട്.
വൈവിധ്യമാര്‍ന്ന ആയുധ സ്യൂട്ടുകള്‍ വിമാനത്തിനുണ്ട്. 23 എംഎം ഇരട്ടക്കുഴല്‍ യന്ത്രത്തോക്ക്, എയര്‍ ടു എയര്‍ മിസൈല്‍, എയര്‍ ടു സര്‍ഫസ് മിസൈല്‍, ലേസര്‍ ഗൈഡഡ് ബോംബ്, ക്ലസ്റ്റര്‍ ബോംബ്, ഡംബ് ബോംബ് എന്നിവയെല്ലാം തേജസിന് വഹാക്കാനാകും. വിവിധ ആയുധങ്ങള്‍ ആവശ്യമായ കൃത്യതയോടെയും പ്രയോഗിക്കാന്‍ ഇതിന് കഴിയും. ആയുധക്ഷമതാ പരീക്ഷണത്തിലും ശക്തിതെളിയിച്ച ശേഷമാണ് തേജസ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. പൊഖ്റാന്‍ മരുഭൂമിയിലായിരുന്നു തേജസ്സിന്റെ പ്രഹരശേഷിയളന്ന പരീക്ഷണങ്ങള്‍. മണിക്കൂറില്‍ 900 മുതല്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന് മിസൈലുകളും ബോംബുകളും വിമാനത്തില്‍നിന്ന് വര്‍ഷിച്ചുകൊണ്ടായിരുന്നു തേജസ്സിന്റെ ആയുധപ്രയോഗശേഷി പരീക്ഷിച്ചത്.
വ്യോമസേനയുടെ ആധുനികവല്‍ക്കരണത്തില്‍ നിര്‍ണായകമായിരുന്നു തേജസിന്റെ വരവ്. 2016-ല്‍ ആദ്യ തേജസ് സ്‌ക്വാഡ്രന്‍ പ്രവര്‍ത്തനക്ഷമമായി. തുടര്‍ന്ന് രണ്ടാം സ്‌ക്വാഡ്രനും നിലവില്‍വന്നു. മിഗ് വിമാനം കളമൊഴിഞ്ഞതോടെ വ്യോമസേനയ്ക്കായി 97 തേജസ് മാര്‍ക്ക്1എ വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം സെപ്റ്റംബറില്‍ എച്ച്എഎലുമായി 62,370 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരുന്നു. വിമാനത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് തേജസ് എംകെ1എ. തേജസ് ഒരു സിംഗിള്‍ സീറ്റര്‍ യുദ്ധവിമാനമാണ്, എന്നിരുന്നാലും വ്യോമസേന ഇരട്ട സീറ്റര്‍ വേരിയന്റും ഉപയോഗിക്കുന്നു. ഒറ്റ സീറ്റുള്ള തേജസാണ് യുദ്ധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. രണ്ടു സീറ്റുള്ളത് പരിശീലനത്തിനും ഉപയോഗിക്കുന്നു.
ഇത് രണ്ടാമത്തെ മാത്രം അപകടം
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലെ താരതമ്യേന ചെറിയ വ്യോമസേനകളെ ലക്ഷ്യമിട്ടാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും ഇന്ത്യന്‍ വ്യോമസേനയും തേജസ് ദുബായ് എയര്‍ ഷോയില്‍ അവതരിപ്പിച്ചത്. പരിമിത ബജറ്റുകളോടെയാണ് പ്രവര്‍ത്തിക്കുന്ന ഇവര്‍ സുരക്ഷാ ഉറപ്പും പ്രകടനത്തിലെ സ്ഥിരതയും വില്‍പ്പനാനന്തര പിന്തുണയുമാണ് പ്രധാനമായും പരിഗണിക്കുന്നത്. തേജസ് വിമാനങ്ങളുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അതിന്റെ സുരക്ഷയാണ്. ഇക്കാര്യത്തില്‍ മികച്ച റെക്കോഡാണ് ഇന്ത്യയുടെ ഈ തദ്ദേശീയ വിമാനത്തിനുള്ളത്. ഇതായിരുന്നു പ്രധാനമായും മുന്നോട്ടുവെച്ച കാര്യങ്ങളിലൊന്ന്. 2001-ലായിരുന്നു ആദ്യത്തെ പരീക്ഷണ പറക്കല്‍ നടത്തിയത് മുതല്‍ ഇന്നുവരെ രണ്ട് അപകടങ്ങള്‍ മാത്രമാണ് സംഭവിച്ചിരിക്കുന്നത്. വികസിപ്പിച്ച ഘട്ടം മുതല്‍ 23 വര്‍ഷത്തോളം ഒരു അപകടം പോലും വരുത്താതെയാണ് തേജസ് പറന്നത്. 2024 മാര്‍ച്ചിലാണ് ആദ്യത്തെ അപകടം സംഭവിക്കുന്നത്.
ജയ്‌സാല്‍മറില്‍ തേജസ് യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണെങ്കിലും ആളപായമുണ്ടായിരുന്നില്ല. വിമാനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുന്‍പ് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തില്‍നിന്ന് ചാടി രക്ഷപ്പെട്ടു. ഈ ഒരു സംഭവമൊഴിച്ചാല്‍, പരീക്ഷണപ്പറക്കലുകൾ ഉള്‍പ്പെടെ അയ്യായിരത്തോളം പറക്കല്‍ നടത്തിയിട്ടും സാങ്കേതിക തകരാറുകള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ യുദ്ധവിമാനങ്ങളുടെ കൂട്ടത്തിലാണ് തേജസിനെ പരിഗണിക്കുന്നത്. 'തേജസ്' യുദ്ധവിമാനത്തിന്റെ രണ്ടാമത്തെ മാത്രം അപകടമാണ് ദുബായ് എയര്‍ഷോയിലെ വ്യോമാഭ്യാസത്തിനിടെ സംഭവിച്ചത്. എയര്‍ഷോയിൽ നടന്ന അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുബായ് ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് അന്വേഷണം. അപകടകാരണം വ്യക്തമല്ലെന്നും അപകടത്തിന്റെ എല്ലാ വശങ്ങളും സാധ്യതകളും പരിശോധിക്കുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. പക്ഷേ, മികച്ച സുരക്ഷാ റെക്കോഡുള്ള വിമാനം എന്തുകൊണ്ട് വീണ്ടും അപകടത്തില്‍പ്പെട്ടു എന്നാണ് ഉയരുന്ന ചോദ്യം.
അന്താരാഷ്ട്ര വിപണി കണ്ടെത്താൻ ശ്രമിക്കുന്ന ഒരു യുദ്ധവിമാനത്തെ സംബന്ധിച്ച 20 മാസത്തിനുള്ളിലുണ്ടാകുന്ന രണ്ട് അപകടങ്ങള്‍ കാര്യമായ വെല്ലുവിളിയാണ്. ഇത് വിമാനത്തിന്റെ വിശ്വാസ്യതയെയും സുരക്ഷയെയും കുറിച്ച് വ്യക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഔപചാരിക അന്വേഷണങ്ങളില്‍ നിന്ന് പുറത്തുവരുന്ന സാങ്കേതിക കണ്ടെത്തലുകള്‍ പലപ്പോഴും പരിഗണിക്കപ്പെടണമെന്നില്ല. അതിനാല്‍ തന്നെ അപകടം കേവലം ഒരു ദൗര്‍ഭാഗ്യകരമായ ദുരന്തം മാത്രമല്ല, ഒരു വാണിജ്യ തിരിച്ചടി കൂടിയാണ്. തേജസിന്റെ വിശ്വാസ്യത, ഗുണനിലവാരം, കഴിവ്, മത്സരാധിഷ്ഠിത ആഗോള യുദ്ധവിമാന വിപണിയിലേക്ക് കടക്കാനുള്ള സന്നദ്ധത എന്നിവയെല്ലാം ചോദ്യംചെയ്യപ്പെടും. പ്രതിരോധ വിപണിയില്‍ വിശദീകരണങ്ങള്‍, സാങ്കേതിക വിശദാംശങ്ങള്‍, ഔദ്യോഗിക പ്രസ്താവനകള്‍ എന്നിവയ്ക്ക് സ്ഥാനമില്ല. അവിടെ ബജറ്റും സുരക്ഷയും പ്രകടവുമാണ് പ്രധാനം. ഈ അപകടത്തോടെ തേജസിന്റെ ആ ഇമേജാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അത് തിരിച്ചുകൊണ്ടുവരുന്നില്ലെങ്കിൽ ലക്ഷ്യംകണ്ട വലിയ വിപണിയാകും നമുക്ക് നഷ്ടമാകുക.
Reference
Content Highlights: India`s indigenous Tejas fighter jet, known for its excellent safety record, experienced a fatal crash at the Dubai Airshow. Explore the implications for its market potential.
Published: 23 Nov 2025, 02:53 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്‍, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില്‍ താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented