ന്യൂഡൽഹി: തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾക്കു പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസിനെ നിലത്തിറക്കി വ്യോമസേന. സാങ്കേതിക പരിശോധനകളുടെ ഭാഗമായാണ് ഈ നീക്കം. ഏകദേശം 30 തേജസ് ലൈറ്റ് വിമാനങ്ങളെയാണ് നിലത്തിറക്കിയിട്ടുള്ളത്. സിംഗിൾ സീറ്റ് യുദ്ധ വിമാനങ്ങളാണ് തേജസ് ലൈറ്റ്.
ഫെബ്രുവരി ഏഴാം തീയതിയാണ് തേജസ് വിമാനത്തിന്റെ ഏറ്റവും ഒടുവിലത്തെ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഒരു മുൻനിര വ്യോമതാവളത്തിൽ പരിശീലന പറക്കലിന് ശേഷം തിരിച്ചിറങ്ങുന്നതിനിടെ തേജസ് റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഈ അപകടത്തെത്തുടർന്നാണ് ഇന്ത്യൻ വ്യോമസേന തങ്ങളുടെ പക്കലുള്ള ഏകദേശം 30 സിംഗിൾ സീറ്റ് തേജസ് വിമാനങ്ങൾ സാങ്കേതിക പരിശോധനയ്ക്കായി താൽക്കാലികമായി നിലത്തിറക്കിയത്.
ഈ വിമാനത്തിന്റെ എയർഫ്രെയിമിന് വലിയ കേടുപാടുകൾ സംഭവിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ ഞായറാഴ്ച അറിയിച്ചു. അപകടത്തിനിടെ വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. പരിശീലന പറക്കൽ നടത്തിയ ശേഷം വിമാനം ബേസിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.
തേജസ് ജെറ്റുകൾ ഉൾപ്പെട്ട മൂന്നാമത്തെ അപകടമായിരുന്നു ഇത്. ആദ്യത്തേത് 2024 മാർച്ചിൽ ജയ്സാൽമറിനടുത്തായിരുന്നു. അന്ന് വിമാനം തകർന്നുവീഴുകയായിരുന്നു. പിന്നാലെ 2025 നവംബറിൽ ദുബായ് എയർഷോയിൽ നടന്ന വ്യോമ പ്രദർശനത്തിനിടെയും ഒരു തേജസ് ജെറ്റ് തകർന്നുവീണിരുന്നു. പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.
തേജസ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്, വ്യോമസേനയ്ക്ക് നൽകേണ്ട 'തേജസ് മാർക്ക് 1 എ' പതിപ്പിന്റെ വിതരണം വൈകുന്നതിനിടെയാണ് ഈ പുതിയ തിരിച്ചടി. എൻജിനുകൾ നൽകുന്നതിൽ അമേരിക്കൻ കമ്പനിയായ ജിഇ എയ്റോസ്പേസ് വരുത്തിയ കാലതാമസമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.
2015-ലാണ് തേജസ് ലൈറ്റ് സേനയുടെ ഭാഗമായത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി 2021 ഫെബ്രുവരിയിലാണ് തേജസ് എംകെ എ യുടെ 83 വിമാനങ്ങൾ നൽകാൻ 48000 കോടി രൂപയ്ക്ക് ധാരണയായിരുന്നു. ഇതിലുണ്ടാവുന്ന കാലതാമസമാണ് തേജസ് ലൈറ്റ് വിമാനങ്ങളെ മുഴുവൻ നിലത്തിറക്കി സുരക്ഷാ പരിശോധന നടത്താൻ കാരണമായിട്ടുള്ളത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 97 വിമാനങ്ങൾക്കായി 62,370 കോടി രൂപയുടെ മറ്റൊരു കരാറും പ്രതിരോധ മന്ത്രാലയം ഒപ്പിട്ടു.
Content Highlights: Indian Air Force grounds all 30 Tejas fighter jets for technical checks following three recent crashes, including a runway incident. Investigations are underway. Read for details.
Published: 23 Feb 2026, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented