ഹൈദരാബാദ്: തുടർച്ചയായുണ്ടായ അപകടങ്ങളെത്തുടർന്ന് തേജസ് യുദ്ധവിമാനങ്ങളെ നിലത്തിറക്കി വ്യോമസേന. സാങ്കേതികപരിശോധനയുടെ ഭാഗമായാണ് ഏകദേശം 30 തേജസ് ലൈറ്റ് വിമാനങ്ങളെ നിലത്തിറക്കിയത്. സിംഗിൾ സീറ്റ് യുദ്ധവിമാനങ്ങളാണിത്.
ഫെബ്രുവരി ഏഴിനാണ് അവസാനമായി അപകടമുണ്ടായത്. ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറുകയായിരുന്നു. ഇതോടെ വിമാനത്തിന് വലിയതോതിൽ തകരാറുണ്ടായതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രേക്ക് തകരാറാണ് കാരണമെന്നാണ് വിലയിരുത്തൽ. വിമാനത്തിന്റെ എയർഫ്രെയിമിനാണ് വലിയ കേടുപാടുണ്ടായത്. പരിശീലനപ്പറക്കലിന് ശേഷമായിരുന്നു അപകടം. പൈലറ്റ് സുരക്ഷിതമായി പുറത്തേക്കുചാടി രക്ഷപ്പെടുകയായിരുന്നു.
2024 മാർച്ചിൽ ജയ്‌സാൽമേറിന് സമീപം തേജസ് തകർന്നിരുന്നു. 2025 നവംബറിൽ ദുബായ് എയർഷോക്കിടെ വിമാനം തകർന്ന് പൈലറ്റ് മരിച്ചു.
തേജസ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ്(എച്ച്.എ.എൽ.) വ്യോമസേനയ്ക്ക് നൽകേണ്ട ‘തേജസ് മാർക്ക് 1 എ’ പതിപ്പിന്റെ വിതരണം വൈകുന്നതിനിടെയാണ് പുതിയ സംഭവം. എൻജിനുകൾ നൽകുന്നതിൽ അമേരിക്കൻ കമ്പനിയായ ജി.ഇ. എയ്‌റോസ്‌പെയ്‌സ് വരുത്തിയ കാലതാമസമാണ് കൈമാറൽ വൈകാൻ പ്രധാന കാരണം.
2015-ലാണ് തേജസ് ലൈറ്റ് സേനയുടെ ഭാഗമായത്. എച്ച്.എ.എലുമായി 2021 ഫെബ്രുവരിയിലാണ് തേജസ് എം.കെ.എ.യുടെ 83 വിമാനങ്ങൾ നൽകാൻ 48,000 കോടി രൂപയ്ക്ക് കരാറായത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ 97 വിമാനങ്ങൾക്കായി 62,370 കോടി രൂപയുടെ മറ്റൊരു കരാറും പ്രതിരോധമന്ത്രാലയം ഒപ്പിട്ടിരുന്നു.
ചെറിയ സാങ്കേതിക അപകടമെന്ന് എച്ച്.എ.എൽ.
വിമാനം തകർന്നുവീണെന്ന റിപ്പോർട്ടുകൾ എച്ച്.എ.എൽ. നിഷേധിച്ചു. ലാൻഡിങ്ങിനിടെയുണ്ടായ ചെറിയ സാങ്കേതിക അപകടമാണെന്നും പരിശോധിക്കുകയാണെന്നും എച്ച്.എ.എൽ. വ്യക്തമാക്കി.
Content Highlights: Indian Air Force Grounds Tejas Fighter Jets Amidst Safety Concerns
Published: 24 Feb 2026, 07:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented