ടെക് കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് എയര്‍ടെലും റിയലന്‍സ് ജിയോയും വഴിയൊരുക്കിയിരിക്കുകയാണ്. ഇരുകമ്പനികളും സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടതായി പ്രഖ്യാപിച്ചുകഴിഞ്ഞു. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെ നേരത്തെ എതിര്‍ത്തിരുന്ന ടെലികോംകമ്പനികള്‍ തന്നെയാണ് ഇപ്പോള്‍ അവരുമായി പങ്കാളിത്തമുണ്ടാക്കി രാജ്യത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

To advertise here,

ലേലമില്ലാതെ ഉപഗ്രഹ ബ്രോഡ്ബാന്റ് സ്പെക്ട്രം സ്റ്റാര്‍ലിങ്കിന് നല്‍കാനുള്ള കേന്ദ്ര നീക്കത്തെയാണ് ജിയോയും എയര്‍ടെലും അടക്കമുള്ള ടെലിംകോം കമ്പനികള്‍ എതിര്‍ത്തിരുന്നത്. എന്നാല്‍ അതേ കമ്പനികളാണ് ഇപ്പോള്‍ സ്റ്റാര്‍ലിങ്കിന്റെ സേവനങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കാനൊരുങ്ങുന്നത്. ഇതോടെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ നടത്താനിടയില്ലെന്നാണ് വ്യക്തമാകുന്നത്. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് ഇന്ത്യന്‍ അധികൃതരില്‍നിന്നും ഏജന്‍സികളില്‍നിന്നും ഇതുവരെ അനുമതി ലഭ്യമായിട്ടില്ല.

സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ജിയോയുടെ റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളിലൂടെ ലഭ്യമാക്കുന്നത് പുതിയ പങ്കാളിത്തത്തിന്റെ ഭാഗമാണെന്നും അവര്‍ പ്രഖ്യാപിക്കുകയുണ്ടായി.

ഇന്ത്യയിലെ അതിവിദൂര ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം വിശ്വസനീയമായ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന്  പുതിയ പങ്കാളിത്തം സഹായിക്കും. ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല ചെയ്യുക, ഉപഭോക്തൃ സേവനങ്ങളും ഇന്‍സ്റ്റലേഷനുമെല്ലാം പിന്തുണയ്ക്കുന്ന സംവിധാനം സജ്ജമാക്കും. എവിടെ ജീവിക്കുന്നവരായാലും ഓരോ ഇന്ത്യക്കാരനും താങ്ങാവുന്ന നിരക്കില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുകയാണ് ജിയോയുടെ മുഖ്യ അജണ്ടയെന്നും ജിയോ ഗ്രൂപ്പ് സി.ഇ.ഒ മാത്യു ഉമ്മന്‍ പറയുകയുണ്ടായി.

ജിയോയുടേതിന് സമാനമായ കരാര്‍ തന്നെയാണ് എയര്‍ടെലും സ്റ്റാര്‍ലിങ്കുമായി ഉണ്ടാക്കിയിട്ടുള്ളത്. 

എന്താണ് സ്റ്റാര്‍ലിങ്ക്, പ്രയോജനമെന്ത്..

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന് കീഴിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. ആയിരകണക്കിന് ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ലിങ്കിനുണ്ട്. ഇത്തരത്തിലുള്ള  ചെറു കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും നേരിട്ട് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ലിങ്കിന്റേത്. കാലതാമസമില്ലാതെ ഹൈസ്പീഡ് ഇന്റര്‍നെറ്റാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. 

മിക്ക സാറ്റലലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളും 35,786 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹങ്ങളില്‍നിന്നാണ് വരുന്നത്. ഇത് ലേറ്റന്‍സി അഥവാ  ഉപയോക്താവിനും ഉപഗ്രഹത്തിനും ഇടയിലുള്ള റൗണ്ട്-ട്രിപ്പ് ഡാറ്റ സമയം ഉയര്‍ത്തുന്നുവെന്നാണ് സ്റ്റാര്‍ലിങ്ക് അവകാശപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ ഉപഗ്രഹങ്ങള്‍ 550 കി.മീറ്റര്‍ ഉയരത്തില്‍ മാത്രമാണ് ഉള്ളതെന്നും അതുകൊണ്ട് അതിലൂടെയുള്ള ഇന്റര്‍നെറ്റ് സേവനം വളരെ വേഗത്തിലുള്ളതായിരിക്കുമെന്നും അവര്‍ പറയുന്നു.

100 ഓളം രാജ്യങ്ങളില്‍ ഇതിനോടകം സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സാധാരണയായി 25 നും 220 നും ഇടയിലുള്ള  Mbsp ഡൗണ്‍ലോഡ് വേഗതയാണ് അനുഭവപ്പെടുന്നതെന്നാണ് സ്റ്റാര്‍ലിങ്ക് അവകാശപ്പെടുന്നത്. ഭൂരിപക്ഷം ഉപയോക്താക്കളും സെക്കന്റില്‍ 100 എംബിയില്‍  കൂടുതല്‍ വേഗത അനുഭവിക്കുന്നു എന്നും അവര്‍ പറയുന്നു. എന്നാല്‍ ഇത് ലൊക്കേഷനും സര്‍വീസ് പ്ലാനിനും അനുസരിച്ചൊക്കെ വ്യത്യാസപ്പെടാം.

കേബിളുകള്‍ വഴിയോ, മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകള്‍ വഴിയോ, വൈഫൈ പോലുള്ള ഏതെങ്കിലും ഉപാധികള്‍ വഴിയോ ആണ് നിലവില്‍ ഇന്റര്‍നെറ്റ് ഡേറ്റ നമ്മുടെ ഫോണിലോ കംപ്യൂട്ടറുകളിലോ എത്തുന്നത്. ഈ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയാല്‍ മാത്രമേ നിലവില്‍ ഇന്റര്‍നെറ്റ് ഡേറ്റ തടസ്സമില്ലാതെ ലഭിക്കുകയുള്ളൂ. എന്നാല്‍ കൃത്രിമോപഗ്രഹങ്ങളില്‍നിന്നും നേരിട്ട് ഒരു 'ഇടനിലക്കാരന്റേ'യും സഹായമില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡുകള്‍.

കേബിള്‍ ബ്രോഡ്ബാന്‍ഡുമായും 5ജിയുമായുമൊക്കെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡിന് ഒരുപാട് നേട്ടങ്ങളുണ്ട്. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഉയര്‍ന്ന വേഗമുള്ള ഇന്റര്‍നെറ്റ് കിട്ടുമെന്ന് മാത്രമല്ല, ഭൂകമ്പമോ പ്രളയമോ ഏത് മഹാദുരന്തങ്ങള്‍ വന്നാലും ഇന്റര്‍നെറ്റ് കണക്ഷന്‍ മുടങ്ങില്ല. ശത്രുരാജ്യമോ പ്രകൃതിക്ഷോഭമോ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തെറിഞ്ഞാലും സാറ്റലൈറ്റ് ഇന്റര്‍നെറ്റിന് ഒന്നും സംഭവിക്കില്ല. ഒന്നല്ല, അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരുകൂട്ടം ഉപഗ്രഹങ്ങളുടെ ശൃംഖലയായതുകൊണ്ടുതന്നെ ബഹിരാകാശയുദ്ധത്തിനും സമീപഭാവിയില്‍ സാധ്യത കുറവ്. അതേസമയം, അത്യാഹിത സന്ദര്‍ഭങ്ങളില്‍ അടിയന്തര സഹായമെന്ന തലത്തില്‍ ഇവയ്ക്ക് പ്രവര്‍ത്തിക്കാനുമാകും. യുക്രൈന്‍ യുദ്ധഭൂമിയിലെ സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനം ഉദാഹരണമായി ചൂണ്ടിക്കാട്ടാം.