ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിലേക്ക് സേവനാനുമതി ലഭിക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട റിലയൻസ് ഇൻഡസ്ട്രീസിന്റെ ‘എക്സ്’ പോസ്റ്റിന് മറുപടിയുമായി ഇലോൺ മസ്ക്. വളരെയധികം വിലമതിക്കപ്പെടുന്നതെന്ന അർത്ഥത്തിലാണ്‌ മസ്‌ക് ‘എക്‌സി’ൽ മറുപടി നൽകിയത്‌

To advertise here,

സ്റ്റാർലിങ്കിന് അനുമതി ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതിന് പിന്നിൽ അംബാനിയാണെന്ന തരത്തിൽ മസ്ക് സോഷ്യൽ മീഡിയയിൽ പരസ്യ വിമർശനം നടത്തിയിരുന്നു. ഇന്ത്യയുടെ യഥാർത്ഥ ബോസ് അംബാനിയാണോ എന്ന് മസ്ക് ചോദിച്ചു. കമ്പനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയായാണ് റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ ദിവസം ‘എക്സി’ൽ ഔദ്യോഗിക പ്രസ്താവന പങ്കുവെച്ചത്.

 

സർക്കാർ എല്ലാ കമ്പനികൾക്കും ഒരേ റെഗുലേറ്ററി നടപടിക്രമമാണ് പിന്തുടരുന്നതെന്നും, ജിയോയുടെ സാറ്റലൈറ്റ് സേവനങ്ങളും സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണെന്നും റിലയൻസ് വ്യക്തമാക്കിയിരുന്നു. മത്സരത്തെ ഭയമില്ലെന്നും തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ ഇന്ത്യൻ നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ പ്രവർത്തിക്കാൻ കഴിയൂ എന്നും റിലയൻസ് അറിയിച്ചു.

ഇതിന് മറുപടിയായി സ്റ്റാർലിങ്കും എക്സിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആവശ്യമായ സർക്കാർ അനുമതികൾ നേടുന്നതിനായി കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഇന്ത്യൻ റെഗുലേറ്റർമാർ, വ്യവസായ മേഖല, ടെലികോം ഓപ്പറേറ്റർമാർ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് സ്റ്റാർലിങ്ക് പറഞ്ഞു.

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി രാജ്യത്തിനകത്ത് തന്നെ പ്രത്യേക അടിസ്ഥാനസൗകര്യങ്ങളും ഗേറ്റ്‌വേകളും ഒരുക്കിയിട്ടുണ്ടെന്നും സ്റ്റാർലിങ്ക് അറിയിച്ചു. ഇന്ത്യൻ ഇന്റർനെറ്റ് ട്രാഫിക് സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇതെല്ലാം സർക്കാർ അനുമതിയോടെ തന്നെയാണെന്നും രാജ്യത്തെ ഹൈസ്പീഡ് ഇന്റർനെറ്റ് സേവനങ്ങളുമായി ബന്ധിപ്പിക്കാൻ സ്റ്റാർലിങ്ക് തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി.