ന്യൂഡൽഹി: ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാർലിങ്ക് അടക്കമുള്ള സേവനദാതാക്കളുടെ മത്സരത്തെ സ്വാഗതം ചെയ്യുന്നതായി റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ഓപ്പറേറ്റർമാരും ഇന്ത്യയുടെ നിയമങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും കർശനമായി പാലിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

To advertise here,

സ്വദേശിയോ വിദേശിയോ ആയ ഏത് സേവനദാതാവും രാജ്യത്തെ നിയമങ്ങൾക്കും നയങ്ങൾക്കും വിധേയമായി പ്രവർത്തിക്കണമെന്നും ആഭ്യന്തരവും അന്തർദ്ദേശീയവുമായ നിക്ഷേപങ്ങളെയും നവീകരണങ്ങളെയും തങ്ങൾ പിന്തുണയ്ക്കുന്നുവെന്നും റിലയൻസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യൻ അപേക്ഷകർക്കും വിദേശ അപേക്ഷകർക്കും ഒരുപോലെയുള്ള അനുമതി നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും നിക്ഷേപങ്ങൾക്കും മത്സരങ്ങൾക്കും തുറന്നുകൊടുത്തിരിക്കുന്ന വിപണിയിൽ ഏകീകൃതവും സുതാര്യവുമായ നിയന്ത്രണ ചട്ടക്കൂട് ഉണ്ടായിരിക്കണമെന്നും റിലയൻസ് ആവശ്യപ്പെട്ടു.

ഉപഗ്രഹ ബ്രോഡ്‌ബാൻഡ് വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാൻ സ്റ്റാർലിങ്കും റിലയൻസ് ജിയോയുടെ ഉപഗ്രഹ സേവനങ്ങളും ശ്രമിക്കുന്ന ഘട്ടത്തിലാണ് ഈ പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. ജിയോയുടെ സ്വന്തം ഉപഗ്രഹ വാർത്താവിനിമയ സേവനങ്ങളും നിലവിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണ അനുമതികൾക്കായി കാത്തിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്നവരെ കണ്ടെത്താനുള്ള യഥാർത്ഥ പരീക്ഷണമാണ് മത്സരമെന്നും റിലയൻസ് ഒരിക്കലും മത്സരത്തെ ഭയപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയിൽ നിയമങ്ങളും നിബന്ധനകളും പാലിച്ച ശേഷവും ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അനുമതിയില്ലെന്നും ഇന്ത്യൻ ടെലികോം കമ്പനികളുടെ സമ്മർദമാണ് ഇതിനു കാരണമെന്നും ഇലോൺ മസ്ക് ആരോപിച്ചിരുന്നു. കൂടാതെ 'അംബാനിയാണോ ഇന്ത്യയുടെ യഥാർഥ ബോസ്?' എന്ന രൂക്ഷ വിമർശനവും മസ്ക് ഉന്നയിച്ചിരുന്നു. 'പ്രിയ പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയുടെ യഥാർഥ ബോസ് എന്ന് തിരിച്ചറിയാൻ വൈകിയതിൽ ഞാൻ വിനീതമായി ക്ഷമ ചോദിക്കുന്നു,'. ഇന്ത്യൻ ജനതയ്ക്ക് മേൽ ചൂഷണത്തിനുള്ള കുത്തക തുടരാനാണ് അംബാനി ആഗ്രഹിക്കുന്നതെന്നും മസ്‌ക് പരിഹസിച്ചിരുന്നു.