ലോകം പരിസ്ഥിതി സൗഹാര്‍ദ ഊര്‍ജ സ്രോതസുകള്‍ക്ക് പിറകെയാണ്. അന്തരീക്ഷ മലിനീകരണവും, ആഗോള താപനവും വര്‍ഷങ്ങളായി മനുഷ്യവംശത്തെ ആശങ്കപ്പെടുത്തുമ്പോള്‍ സൗരോര്‍ജം ഉള്‍പ്പടെയുള്ള ഊര്‍ജ സ്രോതസുകള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ആഗോള രാജ്യങ്ങള്‍. ഇന്ത്യയിലും സൗരോര്‍ജ പാനലുകള്‍ക്ക് സ്വീകാര്യത ഏറിവരികയാണ്. വന്‍കിട സ്ഥാപനങ്ങളെ പോലെ തന്നെ സൗരോര്‍ജ പാനലുകളുടെ ഗാര്‍ഹിക ഉപഭോക്താക്കളും ഏറി വരികയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒട്ടേറെ വെല്ലുവിളികള്‍ ഒരു സോളാര്‍ പാനല്‍ സേവനം തിരഞ്ഞെടുക്കുന്നതില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ആ വെല്ലുവിളികള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട് എന്ന തിരിച്ചറിവിലാണ് ഇടുക്കി തൊടുപുഴ മൂലമറ്റം സ്വദേശി സെല്‍ന സജി തന്റെ സ്വന്തം സംരംഭമായ സെര്‍ക്കിളിന് തുടക്കമിടുന്നത്. 

To advertise here,

പുനരുപയോഗ ഊര്‍ജരംഗത്തെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ബിരുദ പഠനകാലത്ത് തന്നെ ആ മേഖല കേന്ദ്രീകരിച്ച് പഠിക്കുകയും ഒരു കരിയര്‍ ആരംഭിക്കുകയും ചെയ്ത സെല്‍ന ഒരു വര്‍ഷം പ്രായമായ തന്റെ സ്വന്തം കമ്പനിയുമായി ഡല്‍ഹിയില്‍ നിന്ന് സ്വന്തം നാടായ കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. സോളാര്‍ വ്യവസായരംഗത്തെ പ്രധാനപ്പെട്ടൊരു പ്രശ്‌നത്തിന് പരിഹാരമെന്ന രീതിയിലാണ് സെല്‍ന തന്റെ വ്യവസായ ആശയം മുന്നോട്ട് വെക്കുന്നത്. സെല്‍നയുടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിക്ഷേപത്തില്‍ തുടങ്ങിയ സെര്‍ക്കിളില്‍ ഇന്ന് വെഞ്ചര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങളടക്കം നിക്ഷേപകരായുണ്ട്. 

തൊടുപുഴ മൂലമറ്റം അറക്കുളം സ്വദേശിയായ സജി സി. ജോസഫിന്റേയും ഷാരോണിന്റെയും മകളാണ് സെല്‍ന. കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ സെല്‍ന മാഡ്രിഡ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, ബെല്‍ഫാസ്റ്റിലെ ക്യൂന്‍സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നായി ഇരട്ട ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മാനേജ് മെന്റ് ആന്റ് എഞ്ചിനീയറിങ് ഓഫ് എന്‍വയേണ്‍മെന്റ് ആന്റ് എനര്‍ജി എന്ന വിഭാഗത്തിലാണ് ബിരുദാനന്തര ബിരുദം. ബിരുദ പഠനത്തിന് ശേഷം രണ്ട് വര്‍ഷക്കാലം മുംബൈയില്‍ അധ്യാപികയായും സെല്‍ന പ്രവര്‍ത്തിച്ചിരുന്നു. ഗവേഷണ സ്ഥാപനങ്ങൾ, വൈദ്യുതി വിതരണ കമ്പനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍ ഉള്‍പ്പടെ വിവിധ മേഖലയില്‍ സെല്‍ന പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗരോര്‍ജ സേവനദാതാക്കളെ കണ്ടെത്തുന്നതിനും അനുയോജ്യമായവ തിരഞ്ഞെടുക്കുന്നതിനും ഗാര്‍ഹിക സോളാര്‍ ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികളും തടസങ്ങളും എന്തെല്ലാമാണെന്ന് അന്ന് മുതല്‍ തന്നെ മനസിലാക്കിയിരുന്നു. അങ്ങനെ 2023 ജൂണിലാണ് ഡല്‍ഹിയില്‍ സെര്‍ക്കിളിന് തുടക്കമിട്ടത്. 

ഒരു ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വിവിധ ബ്രാന്‍ഡുകളുടെ ഫോണുകള്‍ വില്‍പനയ്ക്ക് വെച്ചിട്ടുള്ള ആമസോണ്‍, ഫ്‌ളിപ്​കാർട്ട്  പോലുള്ള വെബ്‌സൈറ്റുകളെ ആശ്രയിക്കാറുണ്ട്. ഫോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിലയും ഉപഭോക്താക്കളുടെ പ്രതികരണങ്ങളും ഓഫറുകളും വാറന്റിയും സര്‍വീസും ഉള്‍പ്പടെ ഒരു ഫോണുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അത്തരം ഇകൊമേഴ്‌സ് വെബ്‌സൈറ്റ് കൈകാര്യം ചെയ്യും. സമാനമായി സോളാര്‍ പാനലുകള്‍ക്ക് വേണ്ടിയുള്ള 'ആമസോൺ' ആണ് സെര്‍ക്കിള്‍ എന്ന് സെല്‍ന പറയുന്നു. എന്നാല്‍ ഇതൊരു ഓണ്‍ലൈന്‍ ഇകൊമേഴ്‌സ് വെബ്‌സൈറ്റല്ല.

തങ്ങള്‍ക്ക് ആവശ്യമായ അളവില്‍ ഊര്‍ജോല്‍പാദനം നടത്തുന്ന, ചെലവ് കുറഞ്ഞ, ഗുണമേന്മയുള്ള പാനലുകള്‍ തിരഞ്ഞെടുക്കുന്നത് സോളാര്‍ പാനല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്ന് സെല്‍ന പറയുന്നു. ഒരു കമ്പനിയുടെ പാനല്‍ പരിചയത്തിലുള്ളവര്‍ വാങ്ങിയതുകൊണ്ട് തനിക്കും വാങ്ങാം എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകള്‍ പരിശോധിച്ച്, അവര്‍ക്ക് വിവിധ കമ്പനികളെ പരിചയപ്പെടുത്തി നല്‍കുകയും താല്‍പര്യമുള്ള കമ്പനിയുടെ പാനലുകള്‍ വാങ്ങാന്‍ സഹായിക്കുകയും, കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന സര്‍വീസ് വാറന്റി ഉറപ്പുവരുത്തുന്നതിനൊപ്പം സ്വന്തം നിലയിലുള്ള സര്‍വീസ് വാറന്റിയും തന്റെ സ്ഥാപനത്തിലൂടെ സെല്‍ന ഉറപ്പു നല്‍കുന്നു. ഒരുപാട് സോളാര്‍ കമ്പനികളെ ഒരു കുടക്കീഴില്‍ ലഭ്യമാവുമെന്നതാണ് സെര്‍ക്കിളിന്റെ നേട്ടം. അതില്‍ നിന്ന് ഉപഭോക്താക്കള്‍ സ്വയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം സെര്‍ക്കിളിന്റെ പ്രതിനിധികള്‍ നേരിട്ട് സഹായത്തിനെത്തുകയും ചെയ്യും. 

ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കാനും പരിസ്ഥിതി സൗഹാര്‍ദ ഊര്‍ജം പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമായത് സൗരോര്‍ജം തന്നെയാണെന്ന് സെല്‍ന പറയുന്നു. ജലവൈദ്യുതിയാണെങ്കിലും കാറ്റില്‍ നിന്നുള്ള ഊര്‍ജ ഉല്പാദനമാണെങ്കിലും ഒരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത സാഹചര്യങ്ങളാണുള്ളത്. അങ്ങനെ വരുമ്പോള്‍ രാജ്യത്തുടനീളം സൗരോര്‍ജമാണ് ഏറ്റവും സുലഭമാവുക. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളെ പോലെ വാണിജ്യാടിസ്ഥാനത്തില്‍ സൗരോര്‍ജപാനലുകള്‍ വിന്യസിക്കാന്‍ കേരളത്തെ പോലൊരു സംസ്ഥാനത്തിന് ഭൂമിശാസ്ത്രപരമായി സാധിച്ചെന്ന് വരില്ല. മാത്രവുമല്ല സോളാര്‍ വൈദ്യുതി വിതരണ ശൃംഖല സ്ഥാപിക്കണമെങ്കില്‍ ഭീമമായ ചെലവും ഭരണകൂടത്തിന് വഹിക്കേണ്ടിവരും. 

ആവശ്യമുള്ളത് എവിടെയാണോ അവിടെതന്നെ ഉല്പാദിപ്പിക്കാം എന്നതാണ് സൗരോര്‍ജത്തിന്റെ നേട്ടം. സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളും പരമ്പരാഗത രീതിയില്‍ ലഭിക്കുന്ന വൈദ്യുതിയേക്കാള്‍ വളരെ ചെലവ് കുറവാണ് സ്വന്തമായി ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക്. സൗരോര്‍ജ പാനലിനുള്ള ചെലവിലും കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് സെല്‍ന പറയുന്നു. അതുകൊണ്ടുതന്നെ സോളാര്‍ പാനലുകള്‍ക്ക് പണം ചെലവാക്കുന്നത് മെച്ചപ്പെട്ടൊരു നിക്ഷേപമാണെന്നും സെല്‍ന സജി പറയുന്നു. സൗരോർവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങൾക്കിടിയിൽ നിരവധി ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്.

സോളാര്‍ വൈദ്യുതി കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങളിലും ചില സങ്കീർണതകൾ നിലനിൽക്കുന്നുണ്ട്. അക്കാരണത്താൽ പലരും പാനൽ വാങ്ങാനുള്ള പദ്ധതി മാറ്റിവെക്കുകയാണെന്നും സെൽന പറയുന്നു. പാനലുകൾ വാങ്ങാൻ സഹായിക്കുന്നതിനൊപ്പം അമിതമായി വൈദ്യുതി ബില്ല് ലഭിക്കുന്നവരെ സഹായിക്കാനും ബില്ലുകൾ വിലയിരുത്താനും സെർക്കിൾ സഹായിക്കും. ഒപ്പം ഈ രംഗത്തെ പുതിയ സാങ്കേതികവിദ്യകള്‍ ഞങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാവുമെങ്കില്‍ തീര്‍ച്ചയായും അത് ലഭ്യമാക്കുമെന്നും സെൽന പറയുന്നു. എന്തായാലും ഒരുവർഷം മാത്രം പ്രായമായ തന്റെ സംരംഭവുമായി കേരളത്തിലെ വിപണിയിലേക്ക് ഇറങ്ങുകയാണ് ഈ സംരംഭക.