കേരളത്തിന്റെ വൈദ്യുതി ചരിത്രത്തിൽ 2026 ഒരു നാഴികക്കല്ല് പിന്നിട്ട വർഷമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സൗരോർജ്ജത്തിന്റെ ആകെ സ്ഥാപിത ശേഷി കേരളത്തിന്റെ നട്ടെല്ലായ ജലവൈദ്യുത ശേഷിയെ മറികടന്ന വർഷം. നിലവിൽ 2,508 മെഗാവാട്ട് ആണ് സംസ്ഥാനത്തിന്റെ ആകെ സൗരോർജ്ജ ശേഷി. ഇത് പതിറ്റാണ്ടുകളായി നമ്മുടെ ഊർജ്ജസ്രോതസ്സുകളിൽ ഒന്നാമതായിരുന്ന ജലവൈദ്യുത നിലയങ്ങളുടെ ശേഷിയെ (2,096.36 MW) പിന്നിലാക്കിയിരിക്കുകയാണ്. ഊർജ്ജ സുരക്ഷയിലേക്കുള്ള കേരളത്തിന്റെ പ്രയാണം ഒരു ചരിത്രപരമായ വഴിത്തിരിവിലാണെന്ന് അടിവരയിടുന്നതാണ് ഈ കണക്കുകൾ.

To advertise here,

എങ്കിലും, ഈ സൗരോർജ്ജ കുതിപ്പ് പകൽ സമയങ്ങളിൽ ഗ്രിഡിന് വലിയ ആശ്വാസം നൽകുമ്പോഴും, സൂര്യനസ്തമിക്കുന്നതോടെ കേരളം നേരിടുന്ന വെല്ലുവിളികൾ കുറയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

കേരളത്തിന്റെ ഊർജ മേഖല ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും നിർണായകവുമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു കാലത്ത് ഇടുക്കി, ശബരിഗിരി, ഇടമലയാർ, കുറ്റ്യാടി തുടങ്ങിയ വലിയ ജലവൈദ്യുത പദ്ധതികളെമാത്രം ആശ്രയിച്ചിരുന്ന സംസ്ഥാനത്തിന്റെ ഊർജസുരക്ഷ ഇന്ന് കടുത്ത വെല്ലുവിളികളെ നേരിടുകയാണ്. വർദ്ധിച്ചുവരുന്ന ആഭ്യന്തര ഉപഭോഗം, കാലാവസ്ഥാ വ്യതിയാനം, വൈകുന്നേരങ്ങളിലെ പീക്ക് സമയത്തെ വൈദ്യുതി ക്ഷാമം, പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങലിന്റെ വലിയ സാമ്പത്തിക ബാധ്യത എന്നിവ സംസ്ഥാനത്തിന്റെ ഊർജ മേഖലയെ വരിഞ്ഞുമുറുക്കുന്നുണ്ട്.

പുരപ്പുറത്തെ സൗരോർജ്ജ വിപ്ലവം

കേരളത്തെ ഈ ചരിത്രനേട്ടത്തിലേക്ക് നയിച്ചത് ഗാർഹിക മേഖലയിലുണ്ടായ വമ്പിച്ച മാറ്റങ്ങളാണ്. വെറുമൊരു സർക്കാർ പദ്ധതിയെന്നതിലുപരി ജനകീയ വിപ്ലവമായി പുരപ്പുറ സൗരോർജ്ജം മാറിയിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ 'പി.എം സൂര്യഘർ: മുഫ്ത് ബിജ്‌ലി യോജന' നൽകുന്ന 3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്കുള്ള 78,000 രൂപയുടെ സബ്‌സിഡിയും കെ.എസ്.ഇ.ബിയുടെ 'സൗര' പദ്ധതിയും ഉപഭോക്താക്കളെ ഈ രംഗത്തേക്ക് ആകർഷിച്ചു. നിലവിൽ 3.6 ലക്ഷത്തിലധികം കുടുംബങ്ങൾ സ്വന്തം മേൽക്കൂരയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.

രാത്രികാല വെല്ലുവിളി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി ഇപ്പോൾ പൂർണ്ണമായും കാലാവസ്ഥാധിഷ്ഠിതമാണ്. മറ്റ് വ്യാവസായിക സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ ഉപഭോക്താക്കളിൽ 75.7 ശതമാനവും ഗാർഹിക മേഖലയിലാണ്. താപനിലയിലുണ്ടാകുന്ന ഓരോ ഡിഗ്രി സെൽഷ്യസ് വർദ്ധനവും കേരളത്തിന്റെ പീക്ക് ലോഡിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. 2026 ഏപ്രിൽ 18-ന് കേരളം കണ്ടത് അതിന്റെ പാരമ്യമാണ്. അന്ന് സംസ്ഥാനത്തെ വൈദ്യുതി ഡിമാൻഡ് എക്കാലത്തെയും ഉയർന്ന നിരക്കായ 6,033 മെഗാവാട്ടിൽ എത്തിയിരുന്നു. രാത്രി 6:30 മുതൽ പുലർച്ചെ 1:30 വരെയുള്ള സമയത്ത് എയർ കണ്ടീഷണറുകളുടെ ഉപയോഗവും ഇലക്ട്രിക് വാഹന ചാർജിംഗും കാരണം ഡിമാൻഡ് വലിയ തോതിൽ കുതിച്ചുയരുന്നു. സെപ്റ്റംബറിലും ശരാശരി പ്രതിദിന ഉപഭോഗം 93.6 ദശലക്ഷം യൂണിറ്റായി (MU) തുടരുന്നത് ഗ്രിഡിന് കടുത്ത സമ്മർദ്ദമാണ് നൽകുന്നത്.

ജലവൈദ്യുത നിലയങ്ങളും കാലാവസ്ഥാ വ്യതിയാനവും

കേരളത്തിന്റെ ഏക വിശ്വസ്ത സ്രോതസ്സായ ജലവൈദ്യുത നിലയങ്ങൾ ഇപ്പോൾ മഴയുടെ ചഞ്ചലഭാവത്തിൽ ആശങ്കയിലാണ്. 2026-ലെ കാലവർഷത്തിലുണ്ടായ 26-28% മഴക്കുറവ് ഉത്പാദനത്തെ സാരമായി ബാധിച്ചു. പ്രധാന സംഭരണിയായ ഇടുക്കിയിൽ 47 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. നിലവിൽ സംഭരണികളിൽ 63.75 ശതമാനം വെള്ളം മാത്രമാണുള്ളത്. മുൻവർഷം ഇതേ കാലയളവിൽ ഇത് 80.29 ശതമാനമായിരുന്നു. 16.5 ശതമാനത്തിന്റെ ഈ വലിയ കുറവ് വരാനിരിക്കുന്ന വേനൽക്കാലത്തെക്കുറിച്ചുള്ള ഗൗരവകരമായ മുന്നറിയിപ്പാണ്. കുറഞ്ഞ ചെലവിൽ ലഭിക്കേണ്ട ജലവൈദ്യുതിക്ക് പകരം, പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നത് കെ.എസ്.ഇ.ബിയുടെ സാമ്പത്തിക അടിത്തറയെ ബാധിക്കുന്നുണ്ട്.

യൂണിറ്റിന് വെറും 60 പൈസയ്ക്ക് ഉത്പാദിപ്പിക്കാവുന്ന ആഭ്യന്തര ജലവൈദ്യുതി ലഭ്യമല്ലാത്തപ്പോൾ പവർ എക്സ്ചേഞ്ചുകളിൽ നിന്ന് 12.50 രൂപവരെ നൽകി വൈദ്യുതി വാങ്ങേണ്ടി വരുന്നത് ഒരു സാമ്പത്തിക 'ടൈം ബോംബ്' ആണ്. ഉയർന്ന വിലയ്ക്ക് വാങ്ങി കുറഞ്ഞ നിരക്കിൽ ഗാർഹിക ഉപഭോക്താക്കൾക്ക് നൽകുന്നത് വലിയ റവന്യൂ Gap സൃഷ്ടിക്കുന്നുണ്ട്. അതേസമയം, ഉത്പാദനച്ചെലവ് ₹12-ന് മുകളിൽ പോകുന്ന സംസ്ഥാനത്തെ ഡീസൽ നിലയങ്ങൾ നിലവിൽ 'വെള്ളാനകളായി' മാറിക്കഴിഞ്ഞു.

 

ദേശീയ വിപണിയിൽ ക്ഷാമമുണ്ടായാൽ ഉയർന്ന വില നൽകാൻ തയ്യാറായാൽ പോലും വൈദ്യുതി ലഭിക്കാത്ത സാഹചര്യം ലോഡ് ഷെഡിംഗിലേക്ക് നയിച്ചേക്കാം.

സൗരോർജ്ജ വിപ്ലവം പൂർണ്ണ വിജയമാകാൻ 'സ്റ്റോറേജ്' ഇല്ലാതെ സാധ്യമല്ല. പഠനങ്ങൾ പ്രകാരം ഗ്രിഡ് സുരക്ഷിതമാക്കാൻ കേരളത്തിന് ഏകദേശം 7 ജിഗാവാട്ട് സംഭരണശേഷി ആവശ്യമാണ്. ബ്രഹ്മപുരത്ത് 250 MW ശേഷിയുള്ള സംഭരണ പദ്ധതിയും, കിളിയന്തറ, മൈലാട്ടി എന്നിവിടങ്ങളിൽ 125 MW സംഭരണ പദ്ധതികളും അടിയന്തരമായി പൂർത്തിയാക്കേണ്ടതുണ്ട്.

ഇതിനുപുറമെ കമ്മ്യൂണിറ്റി ബാറ്ററി സ്റ്റോറേജ് (C-BESS), പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ എന്നിവയും സജീവ പരിഗണനയിലാണ്.

പകൽ സമയത്ത് വൈദ്യുതി ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന 'ടൈം ഓഫ് ഡേ' (ToD) താരിഫ് ഈ വിടവ് കുറയ്ക്കാൻ സഹായിക്കും.

സൗരോർജ്ജത്തിൽ കേരളം കൈവരിച്ച നേട്ടം ചരിത്രപരമാണെങ്കിലും അത് രാത്രികാലങ്ങളിലെ ഇരുട്ടിന് പരിഹാരമല്ല. ആഭ്യന്തര ജലവൈദ്യുത സ്രോതസ്സുകളുടെ പരിമിതികളും കാലാവസ്ഥാ വ്യതിയാനവും മുന്നിൽക്കണ്ട്, സംഭരണ സംവിധാനങ്ങളിലേക്ക് നാം അതിവേഗം മാറണം. വിഭാവനം ചെയ്തിട്ടുള്ള ബാറ്ററി സംഭരണ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയാൽ മാത്രമേ കേരളത്തിന് സുസ്ഥിരവും സാമ്പത്തിക ഭദ്രതയുള്ളതുമായ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ.