തുതരം പ്രചാരണ തന്ത്രങ്ങള്‍ക്കും ഇന്റര്‍നെറ്റും അതുമായി ബന്ധപ്പെട്ട നവമാധ്യമങ്ങളും പ്രധാന ഉപാധിയായി മാറിക്കഴിഞ്ഞു. രാഷ്ട്രീയം, തൊഴില്‍, ബിസിനസ്, സാമൂഹിക പ്രശ്നങ്ങള്‍, വിദ്യാഭ്യാസം എന്നുവേണ്ട എല്ലാ മേഖലയിലും ഇതിന്റെ സ്വാധീനം നമുക്ക് വ്യക്തമായി കാണാനും കഴിയും. പരമ്പരാഗത വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് നവമാധ്യമങ്ങളെ വ്യത്യസ്തമാക്കുന്നത് വായനക്കാരന്,  അല്ലെങ്കില്‍ കാഴ്ചക്കാരന് അതിലൂടെ തത്സമയം പ്രതികരിക്കാനോ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനോ, തങ്ങളുടെ സുഹൃദ്​വലയങ്ങളില്‍ എത്താനോ കഴിയുന്നു എന്നുള്ളതാണ്. ഇതൊരു മേന്മയായി കണക്കാക്കാമെങ്കിലും ഒരു സമൂഹത്തിന് ഇത് ഏതെല്ലാം രീതിയില്‍ ദോഷകരമായി ഭവിക്കുന്നു എന്ന് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. 

To advertise here,

ആധികാരികതയില്ലാത്ത ന്യൂസ് പോര്‍ട്ടലുകള്‍, ബ്ലോഗുകള്‍, വെബ്സൈറ്റുകള്‍, സോഷ്യല്‍മീഡിയ പേജുകള്‍ എന്നിവ വഴി പ്രചരിക്കുന്ന വസ്തുനിഷ്ഠമല്ലാത്ത വാര്‍ത്തകള്‍, അഭിപ്രായങ്ങള്‍, ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേകള്‍ എന്നിവ ഇന്ന് യാഥാര്‍ഥ്യത്തിനു വന്‍ ഭീഷണിയായിമാറിയിരിക്കുന്നു. ഇതിനുപുറമേയാണ് സാമൂഹിക മാധ്യമങ്ങളിലെ ഇന്‍ഫ്ളുവന്‍സര്‍മാര്‍ വഴിയുള്ള പ്രചാരണ വിപണനതന്ത്രങ്ങള്‍, യാതൊരുവിധ നിലവാര പരിശോധനകളും ഇല്ലാതെ ദിനംപ്രതി ഇത്തരക്കാര്‍ വഴി പ്രത്യക്ഷപ്പെടുന്ന സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍, ചികിത്സാരീതികള്‍ ഇതൊക്കെ പരീക്ഷിക്കുന്നവര്‍ക്ക് ഗുണത്തിനേക്കാള്‍ ദോഷമാണ് വന്നുചേരുന്നത്.

placeholder
Representational Image | Image by Freepik

ജനങ്ങളെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ പര്യാപ്തമായ തെറ്റായതും വിവാദവുമായ വാര്‍ത്തകള്‍ ഇത്തരം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നത് ഇന്റര്‍നെറ്റിന്റെ തുടക്കം മുതല്‍ തന്നെ നമുക്ക് കാണാം. 2004ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷിനെ ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ പരിഹാസ്യപാത്രമാക്കാന്‍ ഉപയോഗിച്ച Miserable failure എന്ന പദം ദുരുപയോഗം ചെയ്തത് ഇതിനൊരു ഉത്തമോദാഹരണമാണ്. അപ്രസക്തവും ഒരു വാര്‍ത്തയുമായി യാതൊരുവിധ ബന്ധമില്ലാത്തതും നിലവാരമില്ലാത്തതുമായ വാര്‍ത്തകള്‍ വരെ വെബ് സെര്‍ച്ചില്‍ ഉയര്‍ന്ന റാങ്ക് നേടാന്‍, കൂടുതല്‍ റീച്ച് ലഭിച്ച മറ്റു വാര്‍ത്താശകലങ്ങലുമായി കൂടിച്ചേര്‍ത്ത് പ്രസിദ്ധീകരിക്കുന്ന ഗൂഗിള്‍ ബോംബിങ് (Google Bombing) എന്ന തന്ത്രമാണ് ആദ്യകാലങ്ങളില്‍ അവലംബിച്ചിരുന്നതെങ്കില്‍ ഇന്ന് അതില്‍ നിന്നൊക്കെ വ്യത്യസ്തമായ പലരീതികളുമാണ് സോഷ്യല്‍ മീഡിയകളില്‍ കൂടുതല്‍ റീച്ച് ലഭിക്കാന്‍ ഇത്തരക്കാര്‍ അനുവര്‍ത്തിച്ചുവരുന്നത്. ഗൂഗിള്‍ ബോംബിങ് എന്ന തന്ത്രത്തിന് തടയിടാന്‍ 2007ല്‍ ഗൂഗിള്‍ തങ്ങളുടെ 'പേജ് റാങ്ക്' എന്ന അല്‍ഗൊരിതത്തില്‍ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. എന്നാല്‍ ഗൂഗിള്‍ തന്നെ ഈ അടുത്തക്കാലത്ത് അപ്ഡേറ്റ് ചെയ്ത 'നോളജ് ഗ്രാഫ്' (Knowledge Graph) എന്ന അല്‍ഗോരിതത്തിലൂടെ ഇതുതിരിച്ചു വന്നുകൊണ്ടിരിക്കുന്നു എന്നതും ഒരു വിരോധാഭാസമാണ്.

കുപ്രചരണങ്ങള്‍ മുതല്‍ വാര്‍ത്തകളുടെ വിശകലനം വരെ ഇന്റര്‍നെറ്റ് മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനാല്‍, ശരിയായ വാര്‍ത്തകള്‍ക്ക് അധികം പ്രചാരണം കിട്ടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അത് വാര്‍ത്തകളുടെ ആധികാരികതയെ സാരമായി ബാധിക്കുകയും അതുമൂലം ഉടലെടുക്കുന്ന പ്രതികരണങ്ങള്‍ സമൂഹത്തില്‍ യാഥാര്‍ത്ഥ്യത്തെ തെറ്റായ വിശകലനത്തിന് പാത്രമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

placeholder
Representational Image by Freepik

 പ്രചാരണങ്ങളില്‍ സോഷ്യല്‍മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാരുടെ സ്വാധീനം

രാഷ്ടീയ,വ്യാവസായിക,വിദ്യാഭ്യാസ,തൊഴില്‍ അന്തരീക്ഷത്തില്‍ ആരോഗ്യകരമായ വാര്‍ത്തകള്‍ അനിവാര്യമാണ്. പ്രത്യേകിച്ചും ഇന്നത്തെ പുതിയ തലമുറ ശരിയും തെറ്റും വിശകലനം ചെയ്യുന്നതുപോലും ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്ന വിവരങ്ങളെ ആശ്രയിച്ചിരിക്കുന്ന സാഹചര്യത്തില്‍.

അവിടെയാണ് സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാരെ ഉപയോഗിച്ചുള്ള പ്രചാരണം ചര്‍ച്ച ചെയ്യേണ്ടത്. കച്ചവട താത്പര്യങ്ങള്‍ക്ക് മാത്രമായി ഇന്‍ഫ്ളുവന്‍സര്‍മാര്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സാഹചര്യം സംജാതമായിരിക്കുന്നു. ഇവരിലൂടെ ലഭ്യമാകുന്ന, അഭിപ്രായങ്ങള്‍, അവലോകനങ്ങള്‍, ആധികാരികമല്ലാത്ത പരസ്യങ്ങള്‍ ഇതൊക്കെ അന്ധമായി അനുകരിക്കുന്ന ഫോളോവര്‍മാര്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവുമാകുന്നു.

അറിഞ്ഞോ അറിയാതെയോ ഇത്തരം ഇന്‍ഫ്ളുവന്‍സര്‍മാര്‍ Conformity and Social influence, Informational Social influence എന്നീ നവമാധ്യമ തന്ത്രങ്ങളാണ് അവലംബിക്കുന്നത്. ഇതുവഴി സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത നല്ലൊരു വിഭാഗം ജനങ്ങളെ തങ്ങളുടെ കീഴില്‍ കൊണ്ടുവരാന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് സാധിക്കുന്നു. 

placeholder
Photo: Gettyimages

വാര്‍ത്തകളുടെ ആധികാരികതയ്ക്ക് മുകളിലുള്ള കടന്നുകയറ്റം

സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വെബ് പ്ലാറ്റ്‌ഫോമുകളില്‍ തിരയുന്നവര്‍ക്ക് മുമ്പില്‍ പലപ്പോഴും മുന്‍കാലങ്ങളില്‍ കൂടുതല്‍ പ്രചാരം കിട്ടിയ വിവരങ്ങളാണ് എത്തുന്നത്. അതൊരുപക്ഷേ തെറ്റായ വിവരങ്ങളും ആയിരിക്കാം. ഇത് വാര്‍ത്തകളുടെ ആധികാരികതയ്ക്ക് കനത്ത തിരിച്ചടിയാകുകയും യഥാര്‍ഥ വാര്‍ത്തകള്‍ ലഭ്യമല്ലാതാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇതിന് ഒരു കാരണം അത്തരം വാര്‍ത്തകളോട് നമ്മള്‍ മുന്‍കാലങ്ങളില്‍ കാണിച്ച പ്രതിപത്തി തന്നെയാണ്. ഫില്‍റ്റര്‍ ബബില്‍ ഇഫക്ട്  (Filter bubble effect) അല്ലെങ്കില്‍ എക്കോ ചേമ്പര്‍ ഇഫക്ട് (Echo Chamber effetc) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. അതായത് നമ്മള്‍ ഏതുതരം വാര്‍ത്തകളോടാണോ മുമ്പ് താത്പര്യം പ്രകടമാക്കിയിട്ടുള്ളത് അത്തരം വാര്‍ത്തകളിലേക്കും ഉള്ളടക്കങ്ങളിലേക്കും മാത്രം നമ്മളുടെ സെര്‍ച്ച് പ്ലാറ്റ്‌ഫോമുകളിലും, സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും കുടുക്കിയിടുന്ന പ്രവണത.

സാങ്കേതികമായി, ഇതിന് കാരണം നവമാധ്യമങ്ങളുടെയും സെര്‍ച്ച് എന്‍ജിനുകളുടെയും അല്‍ഗോരിതം തന്നെയാണ്. പ്രധാനമായും എടുത്തു പറയേണ്ട മറ്റൊരു കാര്യം പ്രമുഖ വ്യക്തികളെയോ, രാഷ്ട്രീയ പ്രവര്‍ത്തകരെയോ കുറിച്ചുള്ള വിവരങ്ങള്‍ നമ്മള്‍ ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍, പരിതാപകരമെന്നു പറയട്ടെ ഏറ്റവും മോശമായ വാര്‍ത്തകളാണ് പലപ്പോഴും നമുക്ക് ആദ്യം ദൃശ്യമാകുന്നത്. കാരണം മറ്റൊന്നല്ല മുമ്പ് പറഞ്ഞ കാര്യങ്ങള്‍  തന്നെയാണ്! 

രാഷ്ട്രീയം, ബസിനസ്, മത്സരരംഗത്ത് പലപ്പോഴും നമ്മുടെ കഴിവുകളും മറ്റുള്ളവരുടെ കുറ്റങ്ങളും നവമാധ്യമങ്ങളില്‍ പ്രചരണായുധമാക്കുമ്പോള്‍ ഇരു ചേരിയിലുമുള്ള ഫോളോവര്‍മാര്‍ മത്സരിച്ചു അനുകൂലവും പ്രതികൂലമായി അഭിപ്രായമിടുന്നു. അഭിപ്രായമായാലും വാര്‍ത്തകള്‍ ആയാലും ഇത്തരത്തില്‍ കൂടുതല്‍ പ്രതികരണം (Response), കൂടുതല്‍ ദൃശ്യമാകുന്നവ (Impressions), കൂടുതല്‍ ആളുകളിലേക്ക് എത്തുന്നവ (Reach) വെബ് പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ ദൃശ്യമാകുന്നു. ഇതിന്റെ വിശകലനം 'കെ ഫാക്ടര്‍' (K-Factor) എന്നറിയപ്പെടുന്നു. ഇതുതന്നെയാണ് പ്രചാരണ അല്‍ഗോരിതത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നതും.

placeholder
Representative image | Photo: AFP
പ്രതീകാത്മ ചിത്രം | Photo: AFP

ഒരു വാര്‍ത്തയ്ക്ക് ലഭിക്കുന്ന ജനപ്രീതി (Popularity of a News)

വാര്‍ത്തകള്‍ക്ക് പ്രചാരം ലഭിക്കുന്നത് അതിന്റെ ലഭ്യതയനുസരിച്ചാണ്. അതായത് സ്വാഭാവിക രീതിയില്‍ (Organic Method) സെര്‍ച്ച് എന്‍ജിനുകള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഈ വാര്‍ത്തകളെയും വിവരങ്ങളെയും സംയോജിപ്പിച്ചിരിക്കുന്ന രീതി (Collaborative Tagging), വാര്‍ത്തകളുടെ സ്വഭാവം, വായിക്കുന്നവരുടെ എണ്ണം എന്നിവ ഇതിനെ ആശ്രയിച്ചിരിക്കുന്നു.  

ആദ്യ രണ്ട് കാര്യങ്ങളും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ചെയ്തുകഴിഞ്ഞാല്‍ ബാക്കി ഭാഗം ഫോളോവര്‍മാര്‍ ചെയ്‌തോളും. ഇവിടെ എതിരഭിപ്രായമുള്ളവരുടെ സാന്നിധ്യവും പ്രതികരണവുമൊക്കെ അഭികാരക (Catalyst) ഘടകമായി വര്‍ത്തിക്കുന്നു. ഇവിടെയും വാര്‍ത്തകളുടെ ആധികാരിക ഒരു മുഖ്യവിഷയമാണ്. വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ ഇന്ന് ജനങ്ങള്‍ക്ക് ഫാക്ട്‌ചെക്ക്(Fact Check) നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ചില പത്രങ്ങള്‍ വാര്‍ത്തകളുടെ ആധികാരികത പരിശോധിക്കാന്‍ വായനക്കാരെ തങ്ങളുടെ തന്നെ ഫാക്ട്‌ചെക്കിനെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നതും ഇന്ന് നമുക്ക് കാണാന്‍ കഴിയും.

സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് ലോകരാഷ്ട്രങ്ങള്‍ - മാതൃകാപരമായ നടപടികള്‍

സോഷ്യല്‍ മീഡിയയുടെ വര്‍ധിച്ച സ്വാധീനം ഈ തലങ്ങളില്‍ യാതൊരു നിലവാരവുമില്ലാത്ത കുറേയധികം ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ കടന്നുകയറ്റത്തിനു കാരണമായിട്ടുണ്ട്. ഇത്തരം ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സ്വാധീനത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ നിന്നും പരസ്യ  പ്രചാരണങ്ങളില്‍ നിന്നും വസ്തുനിഷ്ഠമായ കാര്യങ്ങള്‍ തിരിച്ചറിയുക എന്നുള്ളത് ഇന്ന് ഏറ്റവും വലിയ കടമ്പയായി മാറിയിരിക്കുന്നു. ഭരണകൂടവും സോഷ്യല്‍ മീഡിയാ കമ്പനികളും ഇതില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നു എന്നുള്ളത് ആശ്വാസകരമാണ്. 

ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ച നടപടികള്‍ എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ വിവിധ സാധനങ്ങളും സേവനങ്ങളും പ്രൊമോട്ട് ചെയ്യുമ്പോള്‍ സ്വയം പരീക്ഷിച്ചു ബോധ്യപ്പെടുകയോ, അതുമല്ലെങ്കില്‍ സ്വന്തം അഭിപ്രായം മാത്രമാണോയെന്നും ഉപഭോക്താക്കളെ അറിയിക്കണമെന്ന് അവര്‍ നിഷ്‌കര്‍ഷിക്കുന്നു.

placeholder
Photo: Gettyimages

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും, സിനിമാ-മാധ്യമ മേഖലകളിലും വേണ്ടത്ര സാന്നിധ്യമുള്ളവരെക്കൊണ്ട് പരസ്യം ചെയ്യിക്കുമ്പോള്‍ ആ ഉത്പന്നങ്ങള്‍, അഥവാ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നിങ്ങളെ പ്രേരിപ്പിക്കുകയെന്ന വ്യക്തമായ ഉദ്ദേശ്യം അതിന്റെ പിറകില്‍ പരസ്യ ഉടമകള്‍ക്കുണ്ട്. ഉത്പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ പ്രചാരണവുമായി ബന്ധപ്പെട്ട് വ്‌ളോഗര്‍മാര്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവര്‍ സാമ്പത്തികമായും മറ്റുപലരീതിയിലും നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ അവര്‍ പറയുന്നതൊക്കെ അവരുടെ സ്വതസിദ്ധമായ അഭിപ്രായമാണെന്ന് കരുതുന്ന ഉപഭോക്താക്കളെ അവര്‍ യഥാര്‍ഥത്തില്‍ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. 

ഇത്തരത്തില്‍ മാര്‍ക്കങ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അത് ആ രാജ്യത്തെ മാര്‍ക്കറ്റിങ് നിയമങ്ങള്‍ക്ക് അനുസൃതമാണോ? ഒരു ഉല്‍പ്പന്നം വാങ്ങുവാന്‍ ഇവര്‍ നമ്മളില്‍ സ്വാധീനം ചെലുത്തുമ്പോള്‍, ഈ ഉത്പ്പന്നം ഉപയോഗിച്ചത് കൊണ്ട് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് പരസ്യദാതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ടോ? ഇതൊന്നും പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം!

ഫ്രാന്‍സിലെ നിയമമനുസരിച്ച് ഇത്തരത്തിലുള്ള ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സാധനങ്ങളോ സേവനങ്ങളോ പ്രൊമോട്ട് ചെയ്യുമ്പോള്‍ അവര്‍ക്ക് ആ ബ്രാന്‍ഡുമായുള്ള ബന്ധം ഏതുതരത്തിലാണെന്ന് വ്യക്തമാക്കേണ്ടത് അനിവാര്യമാണ്. തൊഴിലിന്റെ ഭാഗമാണോ സാമ്പത്തിക നേട്ടത്തിന് വേണ്ടിമാത്രമാണോ എങ്കില്‍ അതും വ്യക്തമാക്കണം. പലപ്പോഴും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പരസ്യത്തിലേക്ക് ഇറങ്ങുമ്പോള്‍ അവര്‍ പ്രതിഫലം പലരീതിയിലാണ് കൈപറ്റുന്നത് ആഹാരം, സൗജന്യ താമസം, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, പണം എന്നിങ്ങനെ പോകുന്നു അവ. സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുമ്പോള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കണം.സോഷ്യല്‍മീഡിയകളിലൂടെയുള്ള പ്രചാരണത്തില്‍ ഈ കാര്യങ്ങള്‍ കുറഞ്ഞത് ആദ്യത്തെ മൂന്ന് ഹാഷ്ടാഗുകളില്‍ ഏറ്റവും ആദ്യം വ്യക്തമാക്കിയിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. ഇത്‌ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല തന്നെ!

അമേരിക്കയില്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനും (FTC) ഈ അടുത്ത കാലത്ത് എടുത്ത ക്രിയാത്മകമായ നടപടികള്‍ ഈ അവസരത്തില്‍ എടുത്തു പറയേണ്ടതാണ്. ഇത്തരത്തില്‍ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളില്‍ സ്വാധീനം ചെലുത്തുന്നവര്‍ ബ്രാന്‍ഡുമായി അവര്‍ക്ക് എന്തെങ്കിലും രീതിയില്‍ മെറ്റീരിയല്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തണമെന്നും പരസ്യവുമായി ബന്ധപ്പെട്ടു  അവരുടെ  വെളിപ്പെടുത്തലുകള്‍ വ്യക്തവും സുതാര്യവുമായിരിക്കണം എന്നും നിഷ്‌കര്‍ഷിക്കുന്നു. പരസ്യമേഖലയില്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ  കടന്നുകയറ്റം മൂലം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍  വഴി പ്രചരിക്കുന്ന തെറ്റിദ്ധാരണാജനകവും നിലവാരമില്ലാത്തതുമായ പരസ്യങ്ങള്‍ വഴി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്.  അവ പരിഹരിക്കുന്നതിനും ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍, കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ മറ്റ് ഫെഡറല്‍ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയമം നടപ്പിലാക്കുന്നതിനും FTC യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയാ ദുരുപയോഗം ചെയ്തുള്ള പരസ്യ പ്രചാരണ തന്ത്രങ്ങള്‍ ഇന്ത്യയില്‍ 

ഇന്ത്യയിലെ സ്ഥിതി ഒട്ടും വിഭിന്നമല്ല. നവമാധ്യമങ്ങളില്‍ യാതൊരു നിലവാരവുമില്ലാതെ സ്വയം  നെഗറ്റീവ് പബ്ലിസിറ്റിയുണ്ടാക്കി അതിലൂടെ കുപ്രസിദ്ധിയാര്‍ജിക്കുന്നവരെ  ബിസിനസ് സ്ഥാപനങ്ങളുടെ ഉത്ഘാടനത്തിനും ഉത്പന്നങ്ങളുടെ പരസ്യത്തിനും ഉപയോഗിക്കുന്ന വിരോധാഭാസവും നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ വലയില്‍ കുടുങ്ങികിടക്കുന്നവരില്‍ ഒരു വലിയൊരു ശതമാനം കൊച്ചുകുട്ടികള്‍കൂടി ഉണ്ടാകുമ്പോള്‍ ഇതിന്റെ തീവ്രത എത്രത്തോളം ഭീകരമാണ് എന്നത് ചിന്തിക്കാവുന്നതെയുള്ളൂ! 

സമൂഹത്തിന് മാതൃകയാകേണ്ട സെലിബ്രിറ്റികള്‍ വരെ സോഷ്യല്‍ മീഡിയകള്‍ വഴി ഓണ്‍ലൈന്‍ ചൂതുകളിപോലുള്ള പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു സമൂഹത്തെ വഴിതെറ്റിക്കുന്ന കാഴ്ചയും, യാതൊരു ആധികാരികതയുമില്ലാത്ത  ഉത്പന്നങ്ങളുടെ പരസ്യങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ഇന്നുണ്ട്.

placeholder

അതിനെ നേരിടാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് 2023 ജനുവരി 20 ന് ഡല്‍ഹിയില്‍ വെച്ച് പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച്, സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും അവര്‍ പ്രൊമോട്ട് ചെയ്യുന്ന ഉല്‍പ്പന്നത്തില്‍ നിന്നും ബ്രാന്‍ഡില്‍നിന്നും അവര്‍ക്ക് ലഭിക്കുന്ന മോണിറ്ററി അല്ലെങ്കില്‍ മറ്റീരിയല്‍ ആനുകൂല്യങ്ങള്‍ (സാമ്പത്തികമോ ഭൗതികമോ ആയ നേട്ടങ്ങള്‍) നിര്‍ബന്ധമായും വെളിപ്പെടുത്തിയിരിക്കണം. അതില്‍ വീഴ്ചവരുന്നവര്‍, അതായത് ഇതില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ലംഘനങ്ങള്‍ക്ക് ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം 50 ലക്ഷം രൂപ വരെ പിഴ ചുമത്തണമെന്നും ചട്ടങ്ങള്‍ ആവശ്യപ്പെടുന്നു.

അച്ചടി മാധ്യമങ്ങള്‍ക്കും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും ഇതു ബാധകമല്ല. കാരണം ഇത്തരം മാധ്യമങ്ങളില്‍ നിന്ന് വരുന്ന പരസ്യങ്ങള്‍ കൂടുതല്‍ ആധികാരികത വെളിവാക്കുന്നു എന്നത് തന്നെയാണ് കാരണം. യാതൊരു നിയന്ത്രണവും ഇല്ലാതെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തുകൊണ്ടുള്ള അധികരിച്ച പരസ്യങ്ങളെയും പ്രമോഷന്‍ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തിയാണ് ഈ നടപടി.

സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തുകൊണ്ട് വെറും സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ട്, ആധികാരികതയില്ലാത്ത വിവരങ്ങള്‍ പരസ്യപ്പെടുത്തി ഉല്‍പ്പന്നങ്ങളും സേവനങ്ങളും നിങ്ങളില്‍  എത്തിക്കാന്‍ ശ്രമിക്കുന്ന സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സ്വാധീനത്തില്‍ വീണ് സ്വയം നഷ്ടബോധമുണ്ടാവുന്ന ഒരു അവസ്ഥയുണ്ട് ' loss aversion', അത്തരം അവസ്ഥ ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

(ഓണ്‍ലൈന്‍ പബ്ലിക് റിലേഷന്‍സ്, ന്യൂ മീഡിയ, വെബ്‌ജേണലിസം, ഡാറ്റ അനലറ്റിക്‌സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ലേഖകന്‍)