
സ്വന്തമായി സ്വകാര്യ റോക്കറ്റ് വിക്ഷേപിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്‌റോസ്‌പേസ് വികസിപ്പിച്ചെടുത്ത സ്വകാര്യ ഓർബിറ്റൽ ലോഞ്ച് വെഹിക്കിളായ വിക്രം-1 ഈ വർഷം ജൂലായ് 18-ന് ആണ് ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്പേസ് റിസർച്ച് സെന്ററിൽനിന്ന് വിക്ഷേപിച്ചത്. ചരിത്രപരമായ നേട്ടം യുഎസിനും ചൈനയ്ക്കും ശേഷം സ്വന്തമായി വികസിപ്പിച്ച സ്വകാര്യ റോക്കറ്റ് വഴി ആദ്യ ശ്രമത്തിൽ തന്നെ വിജയകരമായി ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ എത്തിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. 'മിഷൻ ആഗമൻ' എന്ന ഈ ചരിത്രപരമായ ദൗത്യത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ചവരിൽ മലയാളികളായ 14 എൻജിനീയർമാരും ഉണ്ട്. ഇവരിൽ ഒരാൾ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ അജിൻ ഘോഷ് ആണ്. ദൗത്യത്തിലെ തന്റെ അനുഭവങ്ങൾ മാതൃഭൂമിയുമായി പങ്കുവെയ്ക്കുകയാണ് അദ്ദേഹം.
വിക്രം 1 വിക്ഷേപണ സമയത്തെ മറക്കാനാകാത്ത അനുഭവം?
കൗണ്ട് ഡൗൺ ആരംഭിച്ചപ്പോൾ എല്ലാവരുടെയും ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. ഒപ്പം ആകാംക്ഷയും. ഓരോ സെക്കന്റും സൂക്ഷമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. റോക്കറ്റ് എങ്ങനെ പോകും, അതിന്റെ പാതയിൽ എന്തെങ്കിലും വ്യതിയാനം സംഭവിക്കുമോ എന്നെല്ലാമുള്ള ചിന്തകളായിരുന്നു മനസിൽ. മൊത്തം നാല് സ്റ്റേജുകളാണ് റോക്കറ്റിലുണ്ടായിരുന്നത്. കലാം 1200, കലാം 250, കലാം 100. ഇവ മൂന്നും സോളിഡ് റോക്കറ്റ് മോട്ടറുകളായിരുന്നു. ഓർബിറ്റൽ അഡ്ജസ്റ്റ്മെന്റ് മൊഡ്യൂൾ ലിക്വിഡ് സ്റ്റേജ് ആയിരുന്നു നാലാമത്തേത്. ഈ ലിക്വിഡ് സ്റ്റേജ് ഡിപാർട്മെന്റിലാണ് ഞാൻ പ്രധാനമായും പ്രവർത്തിച്ചത്. ഇതിൽ പ്രൊപ്പൽഷൻ എൻജിനീയറായിരുന്നു ഞാൻ.
വിക്ഷേപണ സമയത്ത് റോക്കറ്റ് കുതിച്ച് ഉയരുന്നത് നേരിട്ട് കാണാൻ സാധിക്കുമായിരുന്നില്ല. പ്രത്യേകമായി ഒരുക്കിയ മുറിക്കുള്ളിലെ സ്ക്രീനിലാണ് ഇത് കാണുക. കൗണ്ട് ഡൗൺ ആരംഭിച്ചു. എൻജിൻ സ്റ്റാർട് ചെയ്തു. എന്നാൽ പെട്ടെന്ന് എൻജിന്റെ ശബ്ദം മാറാൻ തുടങ്ങി. ഉടൻ എൻജിൻ ടെസ്റ്റ് നിർത്തിവെച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ ലിക്വിഡ് പ്രൊപ്പൽഷനിലുണ്ടായ ചെറിയൊരു തകരാർ കണ്ടെത്തി. ഇത് ഉടൻ പരിഹരിച്ച് വീണ്ടും എനജിൻ ടെസ്റ്റ് ആരംഭിച്ചു. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായിരുന്നു അത്. എൻജിന്റെ പ്രവർത്തനം പരാജയമായോ എന്നുപോലും സംശയിച്ചു. പിന്നീട് ഇതേ എൻജിനുമായാണ് വിക്രം 1 കുതിച്ചുയർന്നത്.
ഈ ചരിത്രദൗത്യത്തിന് പിന്നിൽ മലയാളികളായ 14 എൻജിനീയർമാർ ഉണ്ടായിരുന്നു എന്നത് എത്രത്തോളം അഭിമാനം നൽകുന്നു?
എല്ലാവരും ബഹിരാകാശ തൽപരർ ആയിരുന്നു. റോക്കറ്റ് നിർമാണത്തിന്റെ ഭാഗമാകണമെന്ന കടുത്ത ആഗ്രഹമായിട്ടാണ് ഇവർ സ്കൈറൂട്ടിലേക്ക് എത്തിയത്. മലയാളികളാണെന്ന വികാരം ഞങ്ങൾക്ക് എല്ലാവർക്കും പരസ്പരം കരുത്തായി. ദൗത്യത്തിന്റെ വിജയത്തിനു പിന്നിലുള്ള കാരണങ്ങളിൽ പ്രധാനമാണ് ഈ കരുത്ത്.
'മിഷൻ ആഗമൻ' ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വരുത്താവുന്ന മാറ്റങ്ങൾ?
ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഓപ്പൺ സ്പേസ് ഫോർ ഓൾ എന്നാണ് സ്കൈറൂട്ടിന്റെ ആപ്തവാക്യം. ലോ എർത്ത് ഓർബിറ്റുകളിൽ സാറ്റ്ലൈറ്റുകൾ സ്ഥാപിക്കുന്നതിലൂടെ മൈക്രോ ഗ്രാവിറ്റി റിസർച്ചുകൾ, സാറ്റ്ലൈറ്റ് ഇമേജിങ്, ഇന്റർനെറ്റ് കണക്ടിവിറ്റി എന്നിങ്ങനെ ഒരുപാട് കാര്യങ്ങളെ ത്വരിതപ്പെടുത്താൻ കഴിയും.
മിഷൻ ആഗമൻ ഇതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ഉറപ്പാണ്. ഒരുപാട് സാറ്റ്ലൈറ്റുകൾ വരുന്നതോടെ ബഹിരാകാശ ആവാസ വ്യവസ്ഥ തന്നെ മാറും.
വിക്രം-1 വിക്ഷേപണ സമയത്തെ ഏറ്റവും വലിയ വെല്ലുവിളി?
വിജയം എന്നതുതന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ചെറിയൊരു പിഴവ് മതി പരാജയത്തിന്. എന്നാൽ, പരാജയങ്ങളെ നേരിടാനും ഞങ്ങൾ തയ്യാറായിരുന്നു. എല്ലാ വിജയത്തിനു പിന്നിലും പരാജയങ്ങളുണ്ടാകുമല്ലോ. അത്തരം പരാജയങ്ങൾ പരീക്ഷണസമയത്ത് നേരിട്ടിരുന്നു. പക്ഷെ അതിനെയെല്ലാം മറികടക്കാനായതോടെ ആത്മവിശ്വാസം വർധിച്ചു. സ്കൈറൂട്ടിലെ കരുത്തുറ്റ ജീവനക്കാരുടെ പ്രയത്നവും കഴിവുമാണ് ഈ വിജയത്തിന് പിന്നിൽ.
ഐഎസ്ആർഒയ്‌ക്ക് പുറമെ സ്വകാര്യ മേഖലയിൽ ബഹിരാകാശ ഗവേഷണത്തിന് ഇന്ന് നിലവിലുള്ള സാധ്യതകൾ?
വിശാലമായ സാധ്യതകളാണുള്ളത്. പെട്ടെന്ന് വളരുന്ന ഒരു മേഖലയാണിത്. ഇന്ത്യയിൽ ബഹിരാകാശ ഗവേഷണരംഗത്ത് സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കമ്പനികളുണ്ട്. ഒരുപാട് കമ്പനികൾ പ്രവർത്തനം ആരംഭിക്കാനും പോവുകയാണ്. കേരളത്തിലും സാറ്റ്ലൈറ്റ് കമ്പനികളുണ്ട്. ബഹിരാകാശ ഗവേഷണ പദ്ധതികൾക്കുള്ള വലിയ തയ്യാറെടുപ്പുകളാണ് ഇവർ നടത്തുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് സ്പേസ് ടൂറിസം. ഭാവിയിൽ ബഹിരാകാശ രംഗം വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യംവഹിക്കും.
എന്തൊക്കെയാണ് സ്കൈറൂട്ടിന്റെ ഭാവി പദ്ധതികൾ?
ചെറിയ സാറ്റ്ലൈറ്റ് വഹിക്കാൻ കഴിയുന്ന മികച്ച ലോഞ്ച് വെഹിക്കിളുകൾ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ നിർമിക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. വിക്രം1-ൽ തന്നെയാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ വിക്രം 2 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതു കൂടാതെ മറ്റ് ഒരുപാട് പദ്ധതികളും കമ്പനി തയ്യാറാക്കുന്നുണ്ട്. വൈകാതെ ഒരു ലോഞ്ച് കൂടി പ്രതീക്ഷിക്കാം.
വിക്രം 1 റോക്കറ്റിൽ പൂർണമായും കാർബൺ കോമ്പോസിറ്റ് ഘടന ഉപയോഗിച്ചതുകൊണ്ടുള്ള ഗുണങ്ങൾ?
റോക്കറ്റിന്റെ ഘടന എപ്പോഴും ഭാരം കുറഞ്ഞതായിരിക്കണം. കാർബൺ കോമ്പോസിറ്റ് തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണം ഇതിന്റെ ഉയർന്ന കരുത്തും കുറഞ്ഞ ഭാരവുമാണ്. സാധാരണയായി റോക്കറ്റിന്റെ ഘടന നിർമിക്കാൻ ഉപയോഗിക്കുന്നത് സ്റ്റീൽ അല്ലെങ്കിൽ അലൂമിനിയം ആണ്. എന്നാൽ ഇതിന്റെയെല്ലാം പോരായ്മ, കരുത്ത് കൂടിയാൽ ഭാരം കൂടുകയും ഭാരം കുറഞ്ഞാൽ കരുത്ത് കുറയുകയും ചെയ്യും എന്നതാണ്. ഇങ്ങനെ താരതമ്യം ചെയ്യുമ്പോൾ കാർബൺ കോമ്പോസിറ്റ് ഏറെ മികച്ചതാണ്. കാർബൺ കോമ്പോസിറ്റ് ഫൈബർ വൈന്റ് ചെയ്യുന്നതാണ് ഈ നിർമാണ രീതി.
ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യ കമ്പനികൾ കടന്നുവരുമ്പോഴുള്ള മെച്ചം, ഇന്ത്യയുടെ ഭാവി?
സാങ്കേതിക വികാസത്തിൽ കൂടുതൽ ശ്രദ്ധചെലുത്താൻ ഇതിലൂടെ സാധിക്കും. അമേരിക്കയും ചൈനയുമാണ് ഇതിന് മുൻപ് ബഹിരാകാശ രംഗത്ത് സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യങ്ങൾ. അതിനുശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. എന്നാൽ, മറ്റു രാജ്യങ്ങളുടെ നിർമാണച്ചെലവിനേക്കാൾ എത്രയോ കുറവാണ് ഐഎസ്ആർഒ നിർമിക്കുന്ന റോക്കറ്റുകളുടേത്. കുറഞ്ഞ ചെലവിൽ റോക്കറ്റുകൾ നിർമിക്കുന്നത് ഇന്ത്യയുടെ പ്രത്യേകത തന്നെയാണ്. ഇത് സ്വാഭാവികമായും കൂടുതൽ കസ്റ്റമേഴ്സിനെ ആകർഷിക്കും. ഇതിലൂടെ വലിയ വരുമാനവും നേടാം.
ബഹിരാകാശ ഗവേഷണത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തേണ്ടതില്ലേ?
ബഹിരാകാശ ഗവേഷണത്തെയും ലോഞ്ച് വെഹിക്കിളുകളെയും കുറിച്ചുള്ള അറിവ് വിദ്യാർഥികൾക്ക് നൽകണം. ഐഎസ്ആർഒയിലേയും സ്വകാര്യ മേഖലയിലെയും റോക്കറ്റ് വിക്ഷേപണ വിവരങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കണം. ഇത് അവരുടെ താൽപര്യം വർധിപ്പിക്കും. ഇന്റർനെറ്റ് സൗകര്യങ്ങൾ ഉള്ളതിനാൽ പല വിവരങ്ങളും എളുപ്പത്തിൽ കിട്ടും. കുട്ടികൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയാൽ അവർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പെട്ടെന്ന് കാര്യങ്ങൾ പഠിക്കും. കോളേജുകളിൽ റോക്കറ്റ് എൻജിൻ നിർമിക്കുന്ന പ്രൊജക്ടുകളുണ്ട്. കേരളത്തിലെ ഇത്തരം ചില കോളേജുകളിലെ വിദ്യാർഥികൾ സ്കൈറൂട്ടുമായി ബന്ധപ്പെടാറുമുണ്ട്.
ബഹിരാകാശ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവ എൻജിനീയർമാർക്ക് നൽകാനുള്ള ഉപദേശം?
സാധാരണ സർക്കാർ സ്കൂളുകളിൽ പഠിച്ച ഒരാളാണ് ഞാൻ. ഒരു ശരാശരി വിദ്യാർഥി. പക്ഷെ പുതിയ കാര്യങ്ങൾ പഠിക്കാനും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനും ആഗ്രഹിച്ചിരുന്നു. എംടെക്കിന് ശേഷമുള്ള റിസർച്ചുവർക്കുകളാണ് ഈ രംഗത്തേക്ക് കടന്നുവരാൻ എന്നെ പ്രാപ്തനാക്കിയത്. താൽപര്യങ്ങളും സ്വപ്നങ്ങളുമാണ് നമ്മെ വിജയത്തിലേക്ക് നയിക്കുക. എ.പി.ജെ. അബ്ദുൾ കലാം പറഞ്ഞതുപോലെ വലിയ സ്വപ്നങ്ങൾ കാണുക. ഞാനും അതുപോലെ വലിയ സ്വപ്നങ്ങൾ കണ്ടു. ചെയ്യുന്ന കാര്യത്തിൽ നൂറ് ശതമാനം ആത്മാർഥതയും ഒപ്പം കഠിനാധ്വാനവും വേണം. ഒരു പ്രവർത്തന മേഖല തിരഞ്ഞെടുത്താൽ അതിൽ മികച്ചതാകാൻ ശ്രമിക്കണം. അപ്പോൾ വിജയം നമ്മെ തേടിയെത്തും. ഏവിയോണിക്സ്, പ്രൊപ്പൽഷൻ, എയ്റോഡയനാമിക്സ്, എയ്റോ തെർമൽ ഇങ്ങനെ വ്യത്യസ്ഥങ്ങളായ ഒരുപാട് മേഖലകൾ ബഹിരാകാശ രംഗത്തുണ്ട്. നിങ്ങളുടെ താൽപര്യം ഏതിലാണോ ആ മേഖല തിരഞ്ഞെടുക്കുക. ചിന്തകളേയും കാഴ്ചപാടുകളും പിന്തുടരുക. തെറ്റുകൾ സംഭവിച്ചാൽ അത് പരിഹരിക്കാനുള്ള മാർഗങ്ങളും നാം തന്നെ കണ്ടെത്തണം. അത് നിങ്ങളെ മികച്ച എൻജിനീയറാക്കി മാറ്റും.
സ്കൈറൂട്ടിന്റെ ഭാഗമായത് എങ്ങനെ?
എൻഐടി ട്രിച്ചിയിൽ നിന്നാണ് മാസ്റ്റേഴ്സ് പൂർത്തിയാക്കിയത്. ബിടെക് തിരുവനന്തപുരത്തെ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ആയിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയസിൽ പിന്നീട് ഗവേഷണക വിദ്യാർഥിയായി. ഇതിനിടെയാണ് 2021-ൽ സ്റ്റാർട്ടപ്പ് കമ്പനിയായി തുടങ്ങിയ സ്കൈറൂട്ടിൽ അവസരം ലഭിച്ചത്. അവിടത്തെ സൗഹൃദ തൊഴിൽ അന്തരീക്ഷം എന്നെ ആകർഷിച്ചു. അനാലിസിസ്, ഡിസൈൻ, ടെസ്റ്റിങ് എന്നീ മേഖലകളിൽ പ്രവർത്തിക്കാനായി. ഇപ്പോൾ ക്രയോജനിക് എൻജിന്റെ ഡിസൈനിങ്ങിന്റെ ഭാഗമാണ്.
മുഖ്യമന്ത്രി വി.ഡി.സതീശനിൽ നിന്ന് ലഭിച്ച പിന്തുണയെ എങ്ങനെ കാണുന്നു?
വരും തലമുറയ്ക്ക് അവരുടെ സ്വന്തം ലോഞ്ച് വെഹിക്കിൾ കമ്പനികൾ നിർമിക്കാനുള്ള സാഹചര്യം ഭാവിയിൽ കേരളത്തിൽ ഉണ്ടാകണമെന്നതായിരുന്നു മുഖ്യമന്ത്രിയെ കാണാൻ പോകുമ്പോൾ ഞങ്ങളുടെ കാഴ്ചപാട്. ഇക്കാര്യത്തിൽ സന്തോഷവും അഭിമാനവും തോന്നുന്ന പിന്തുണയാണ് അദ്ദേഹം നൽകിയത്. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. മിഷൻ ആഗമന്റെ ഭാഗമായ എല്ലാവരേയും സ്കൈറൂട്ടിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ബഹിരാകാശ മേഖലയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മനസിലുള്ള വലിയ സ്വപ്നം?
ഒരുപാട് സ്വപ്നങ്ങളുണ്ട്. അതിൽ ആദ്യത്തേത്, സ്പെയ്സ് എക്സിന്റെ റാപ്റ്റർ എൻജിനോട് കിടപിടിക്കുന്ന വലിയ ക്രയോജനിക് എൻജിൻ നിർമിക്കുമ്പോൾ അതിന്റെ ഭാഗമാകണം എന്നതാണ്. ആ എൻജിൻ ഉപയോഗിച്ചുള്ള ലോഞ്ച് വെഹിക്കിൾ ഇന്ത്യയിൽ നിന്ന് തന്നെ വിക്ഷേപിച്ച് രാജ്യത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കണം എന്നാണ് ആഗ്രഹം.
Content Highlights: Ajin Ghosh, a Malayali propulsion engineer with Skyroot Aerospace, shares his nerve-wracking experience of resolving a critical liquid-stage engine glitch right before India made history with the successful Vikram-1 orbital rocket launch.
Published: 16 Aug 2026, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented