ദുരന്തനിവാരണത്തിൽ വൻ വിജയമായിരിക്കുകയാണ് ജനങ്ങളുടെ സുരക്ഷയ്ക്കായി സർക്കാർ അവതരിപ്പിച്ച പുതിയ മുന്നറിയിപ്പ് സംവിധാനം. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുടനീളം പെരുമഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ അധികൃതർ നൽകുന്നുണ്ടായിരുന്നു. എവിടെയെല്ലാം റെഡ് അലർട്ടുണ്ട്, എപ്പോൾ ശക്തമായ കാറ്റോടുകൂടിയുള്ള മഴ പെയ്യും തുടങ്ങി ബാധിക്കപ്പെട്ട ജില്ലകളിലെ മുഴുവൻ നിവാസികളിലേക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തി. എസ്.എം.എസ്. ആയും വലിയ ശബ്ദത്തോടുകൂടിയുള്ള അറിയിപ്പായുമെല്ലാം ഈ ദുരന്ത മുന്നറിയിപ്പ് സന്ദേശമെത്തി. എങ്ങനെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്? ദുരന്തനിവാരണത്തിൽ ഇതിന്റെ പ്രയോജനം എന്തൊക്കെയാണ്?
ഈ സന്ദേശങ്ങൾ സാചേതിന്റെ സഹായത്തോടെ
ഇന്ത്യയിൽ അടിയന്തര സാഹചര്യങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ജനങ്ങൾക്ക് തത്സമയം മുന്നറിയിപ്പ് നൽകുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത ഒരു സംയോജിത സുരക്ഷാ അലേർട്ട് സംവിധാനമാണ് സാചേത് (SACHET). 'ജാഗ്രത' എന്നാണ് ഈ പേരിനർത്ഥം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (DoT) സംയുക്തമായാണ് ഈ സംവിധാനം രൂപീകരിച്ചത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ പ്രമുഖ ഗവേഷണ വികസന സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DOT) ആണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. 2023 മാർച്ച് 11-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ 'നാഷണൽ ഡിസാസ്റ്റർ അലേർട്ട് പോർട്ടലും' സാചേത് മൊബൈൽ ആപ്ലിക്കേഷനും രാജ്യത്തിന് സമർപ്പിച്ചത്.
സാചേതിന്റെ ഉദ്ദേശമെന്ത്?
പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവരിലേക്കും ജീവൻരക്ഷാ മുന്നറിയിപ്പുകൾ എത്തിക്കുക എന്നതാണ് സാചേതിന്റെ പ്രധാന ലക്ഷ്യം. ചുഴലിക്കാറ്റ്, പ്രളയം, ഉരുൾപൊട്ടൽ, ഭൂകമ്പം, കാട്ടുതീ, ഇടിമിന്നൽ, സുനാമി തുടങ്ങിയ വിവിധ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള സുരക്ഷാ അലേർട്ടുകൾ സാചേത് വഴി ജനങ്ങളിലേക്ക് എത്തിക്കുന്നു.
ഇത് കൂടാതെ വാതകച്ചോർച്ചയോ രാസവസ്തുക്കൾ മൂലമുള്ള അപകടങ്ങളോ പോലുള്ള മനുഷ്യനിർമിത അടിയന്തര സാഹചര്യങ്ങളിലും ജനങ്ങൾക്ക് ഈ സംവിധാനം വഴി തത്സമയം സുരക്ഷാ നിർദേശങ്ങൾ ലഭ്യമാക്കുന്നുണ്ട്.
ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിൽ ഈ സേവനം പൂർണ്ണമായി ലഭ്യമാക്കിയിട്ടുണ്ട്.
ദുരന്ത ബാധിത പ്രദേശങ്ങളിൽ കൃത്യമായ വിവരങ്ങൾ തത്സമയം എത്തിച്ച് ആളുകളെ മുൻകൂട്ടി തയ്യാറാകാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഈ അലേർട്ടുകൾ സഹായിക്കുന്നു.
പ്രവർത്തനം എങ്ങനെ?
- മൊബൈൽ ടവറുകളെയും ഭൂമിശാസ്ത്രപരമായ വിവരങ്ങളെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംവിധാനം ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെയും പ്രവർത്തിക്കും. ഇതിനായി വിപുലമായ രണ്ട് സാങ്കേതികവിദ്യകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
- ആദ്യത്തേത് എസ്.എം.എസ്. വഴിയുള്ള മുന്നറിയിപ്പാണ്. ഇതിനകം തന്നെ രാജ്യത്തുടനീളം ദുരന്ത സമയങ്ങളിൽ 19-ലധികം പ്രാദേശിക ഭാഷകളിലായി 13,400 കോടിയിലേറെ എസ്.എം.എസ്. അലേർട്ടുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്.
- രണ്ടാമത്തേതാണ് സെൽ ബ്രോഡ്കാസ്റ്റ് ടെക്നോളജി. ഒരു നിശ്ചിത പ്രദേശത്തെ മൊബൈൽ ടവറുകളുടെ പരിധിയിലുള്ള എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അതിവേഗത്തിൽ സന്ദേശങ്ങൾ അയക്കാൻ ഇതിന് സാധിക്കും. ഇതൊരു വൺ-വേ കമ്മ്യൂണിക്കേഷൻ സിസ്റ്റമാണ്.
- നെറ്റ്‌വർക്കിലെ തിരക്കുകൾ കാരണം മുന്നറിയിപ്പ് സന്ദേശങ്ങൾ എസ്.എം.എസ്. ആയി എത്താൻ വൈകിയേക്കാം. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് ഉച്ചത്തിലുള്ള സൈറൺ ശബ്ദത്തോടെയും വൈബ്രേഷനോടെയും മുന്നറിയിപ്പ് അലേർട്ടുകൾ എത്തിക്കാൻ ഈ സെൽ ബ്രോഡ്കാസ്റ്റിന് സാധിക്കും.
- 2025-ൽ ഉടനീളം ഇതിന്റെ പരീക്ഷണങ്ങൾ നടന്നിരുന്നു. പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച സെൽ ബ്രോഡ്കാസ്റ്റ് സംവിധാനത്തിന്റെ പ്രവർത്തനോദ്ഘാടനം 2026 മേയ് 2-നായിരുന്നു.
സാചേത് ആപ്പ്
വെബ് പോർട്ടലിന് പുറമെ പൊതുജനങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ സാചേത് മൊബൈൽ ആപ്ലിക്കേഷൻ തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ നമ്മൾ നിലനിൽക്കുന്ന പ്രദേശത്തെ കൃത്യമായ ദുരന്ത മുന്നറിയിപ്പുകളും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) നൽകുന്ന ദൈനംദിന കാലാവസ്ഥാ വിവരങ്ങളും പ്രവചനങ്ങളും തത്സമയം അറിയാൻ സാധിക്കും.
മലയാളം ഉൾപ്പെടെ ഇന്ത്യയിലെ 12 പ്രധാന പ്രാദേശിക ഭാഷകളിൽ ഈ ആപ്പ് ലഭ്യമാണ്.
വിവിധ സംസ്ഥാനങ്ങളിലെ അടിയന്തര ഹെൽപ്‌ലൈൻ നമ്പറുകൾ, ദുരന്തബാധിത പ്രദേശങ്ങളുടെ മാപ്പ് വിവരങ്ങൾ എന്നിവയും ആപ്പിലുണ്ട്.
ഈ അലേർട്ടുകൾ കൃത്യമായി ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യുമ്പോൾ ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ട്.
Content Highlights: The central government's SACHET portal and cell broadcast technology are proving to be a massive success in disaster management by delivering real-time, multi-lingual emergency alerts directly to mobile phones in affected areas, even without an internet connection.
Published: 04 Aug 2026, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented