രാജ്യത്തെ സ്മാര്‍ട്‌ഫോണുകളിലെല്ലാം സഞ്ചാര്‍ സാഥി ആപ്പ് ഉള്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം രാജ്യവ്യാപകമായി വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സ്മാര്‍ട്‌ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ഡ് ആയി ആപ്പ് ഉണ്ടായിരിക്കണം എന്നാണ് കേന്ദ്രം മൊബൈല്‍ നിര്‍മാണ കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശം. 90 ദിവസത്തെ സമയമാണ് ഇത് നടപ്പാക്കാന്‍ കമ്പനികള്‍ക്ക് അനുവദിച്ചത്. ആപ്പ് ഡിലീറ്റ് ചെയ്യാന്‍ അനുവദിക്കരുതെന്ന് നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഈ നീക്കം ആശ്വാസത്തിന് പകരം വലിയ ആശങ്കയിലേക്കാണ് രാജ്യത്തെ നയിച്ചത്. പ്രതിപക്ഷം ശക്തമായി ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. പാര്‍ലമെന്റില്‍ ഈ വിഷയം ഉയര്‍ത്തിയ പ്രതിപക്ഷം, പൗരരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും അവരെ ബിഗ് ബോസിനെപ്പോലെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പൗരപ്രമുഖരെ നിയന്ത്രിക്കാന്‍ ശ്രമിച്ചതുപോലുള്ള നീക്കമാണിതെന്നും ആപ്പ് മൊബൈലുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഏകപക്ഷീയമായ നിര്‍ദേശം സ്വേച്ഛാധിപത്യത്തിന് സമാനമാണെന്നും കുറ്റപ്പെടുത്തി.

To advertise here,

എന്താണ് സഞ്ചാര്‍ സാഥി ആപ്പ്?

സഞ്ചാര്‍ സാഥി ആപ്പ് മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വിവാദമായതിന് ശേഷമായിരിക്കും പലരും അതിനെ കുറിച്ച് കേട്ടിട്ടുണ്ടാവുക. എന്നാല്‍ രാജ്യത്തെ ടെലികോം, മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സഞ്ചാര്‍ സാഥി ഏറെ വിജയകരമായ പദ്ധതിയാണ്.

120 കോടിയലധികം ഉപഭോക്താക്കളുള്ള ലോകത്തെ രണ്ടാമത്തെ വലിയ ടെലികോം ശൃംഖലയാണ് ഇന്ത്യ. ആശയവിനിമയത്തിന് മാത്രമല്ല, ബാങ്കിംഗ്, വിനോദം, ഇ-ലേണിംഗ്, ആരോഗ്യ സംരക്ഷണം, സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയവയ്ക്കും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളുടെ പഴുതുകള്‍ ചൂഷണം ചെയ്ത് ഒട്ടേറെ തട്ടിപ്പുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്. ഐഡന്റിറ്റി തെഫ്റ്റ്, വ്യാജ കെവൈസി, മൊബൈലുകളുടെ മോഷണം, ബാങ്കിംഗ് തട്ടിപ്പുകള്‍ ഉള്‍പ്പടെ ജനങ്ങള്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടത്തിന് വഴിവെക്കുന്ന ഒട്ടേറെ കുറ്റകൃത്യങ്ങള്‍ അക്കൂട്ടത്തിലുണ്ട്. ഇതില്‍ നിന്നെല്ലാം ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് 2023 മേയ് 16 ന് സഞ്ചാര്‍ സാഥി വെബ് പോര്‍ട്ടല്‍ ആരംഭിക്കുന്നത്. പിന്നീട് 2025 ജനുവരി 17 നാണ് സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പ് അവതരിപ്പിച്ചത്. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്) ആണ് ഈ സേവനം വികസിപ്പിച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ലോക ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര ടെലികോം വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1.7 കോടി ടെലിഫോണ്‍ കണക്ഷനുകളാണ് ടെലികോം വകുപ്പ് വിച്ഛേദിച്ചത്. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച കണക്ഷനുകളും വ്യാജ രേഖകള്‍ നല്‍കി എടുത്ത മൊബൈല്‍ കണക്ഷനുകളും ഇതില്‍ ഉള്‍പ്പെടും. സഞ്ചാര്‍ സാഥി വെബ്സൈറ്റിന്റെ സഹായത്തോടെ ശേഖരിച്ച വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് ഈ കണക്ഷനുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പേരില്‍ അപരിചിതമായ കണക്ഷനുകള്‍ ഉണ്ടോ എന്നറിയാനുള്ള സൗകര്യം സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ ഒരുക്കിയിരുന്നു. സൗകര്യം ഉപയോഗിച്ച് തന്റേതല്ലെന്ന് ഉപഭോക്താക്കള്‍ അറിയിച്ച 32.18 ലക്ഷം നമ്പറുകള്‍ നീക്കം ചെയ്തു. മുമ്പ് പലപ്പോഴായി എടുത്തതും ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്തതുമായ കണക്ഷനുകള്‍ ഉപഭോക്താക്കള്‍ ആവശ്യമില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 11.57 ലക്ഷം കണക്ഷനുകളും നീക്കം ചെയ്തവയിലുണ്ട്. ജനുവരിയില്‍ പുറത്തിറക്കിയ ഈ ആപ്പ് ഒക്ടോബറില്‍ മാത്രം 700,000-ല്‍ അധികം നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാന്‍ സഹായിച്ചുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

അത് മാത്രമല്ല, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകള്‍ റിപ്പോര്‍ട്ട് ചെയ്യുക, ബ്ലോക്ക് ചെയ്യുക, IMEI നമ്പറുകള്‍ ഉപയോഗിച്ച് ഉപകരണങ്ങള്‍ ട്രാക്ക് ചെയ്യുക, ഒരാളുടെ പേരില്‍ എടുത്തിട്ടുള്ള എല്ലാ മൊബൈല്‍ നമ്പറുകളും പരിശോധിക്കാന്‍ കഴിയുക, വ്യാജ - സ്പാം കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യുക, മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ ആധികാരികത പരിശോധിക്കുക എന്നിവ ഉള്‍പ്പെടെ നിരവധി വിലപ്പെട്ട സേവനങ്ങള്‍ അത് നല്‍കുന്നുണ്ട്.

സഞ്ചാര്‍ സാഥി ആപ്പ് ഫോണുകളില്‍ നിര്‍ബന്ധിതമാക്കുമ്പോള്‍

സഞ്ചാര്‍ സാഥി പോര്‍ട്ടലിന്റെ വന്‍ വിജയത്തിന്റെ പിന്‍പറ്റിയാണ് മാസങ്ങള്‍ക്കിപ്പുറം സ്മാര്‍ട്‌ഫോണുകളില്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. നവംബര്‍ 28 നാണ് സഞ്ചാര്‍ സാഥി ആപ്പ് ഫോണുകള്‍ പ്രീന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന ഉത്തരവിറങ്ങിയത്. ആപ്പിള്‍, സാംസങ്, വിവോ, ഓപ്പോ, ഷവോമി എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്ക് പുതിയ ഉത്തരവ് ബാധകമാണ്. ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് ഉത്തരവില്‍ 90 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. 120 ദിവസത്തിന് ശേഷം റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു.

  • ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനായി രാജ്യത്ത് നിര്‍മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളിലും സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്ലിക്കേഷന്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
  • ഈ ആപ്പ് ഉപഭോക്താക്കള്‍ക്കെല്ലാം എളുപ്പം കാണുംവിധം ലഭ്യമാക്കണം. ആപ്പിന്റെ പ്രവര്‍ത്തനങ്ങളൊന്നും തന്നെ ഡിസേബിള്‍ ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യരുത്.
  • ഇന്ത്യയില്‍ ഇതിനകം നിര്‍മിച്ചുകഴിഞ്ഞതും വില്‍പനയ്ക്കായി പോയതുമായ എല്ലാ ഫോണുകളിലും സോഫ്റ്റ്​വെയര്‍ അപ്‌ഡേറ്റുകളിലൂടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.

തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയത്. ഈ ആപ്പ് ഡിലീറ്റ് ചെയ്യാന്‍ അനുവദിക്കരുതെന്ന നിര്‍ദേശവും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ടെലികോംമന്ത്രി ജോതിരാദിത്യ സിന്ധ്യ അത് നിഷേധിച്ചു. സഞ്ചാര്‍ സാഥി എല്ലാ ഫോണുകളിലും മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും ആപ്പ് ഉപയോക്താവിന് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. ഉത്തരവുമായി ബന്ധപ്പെട്ട് സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് മന്ത്രി വിശദീകരണവുമായി എത്തിയത്.

'രാജ്യത്ത് വില്‍ക്കുന്ന ഫോണുകളുടെ ആധികാരികത പരിശോധിക്കുന്നതിനും ഫോണ്‍ നഷ്ടപ്പെട്ടാല്‍ ട്രാക്ക് ചെയ്യുന്നതിനും വേണ്ടിയുള്ള ഒരു മാര്‍ഗമായാണ് സര്‍ക്കാര്‍ ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ആളുകളുടെ സുരക്ഷിതത്വബോധം വര്‍ധിപ്പിക്കും. ജനങ്ങളുടെ ഡാറ്റ സുരക്ഷിതമായിരിക്കും, കൂടാതെ ഉറപ്പാക്കേണ്ട പൗരസംരക്ഷണത്തിന്റെ എല്ലാ വശങ്ങളും ഡിജിറ്റലായി സംരക്ഷിക്കപ്പെടുമെന്നും', അദ്ദേഹം പറയുന്നു.

രഹസ്യ നിരീക്ഷണ ഭീതി, എതിര്‍പ്പുകള്‍

എതിരാളികളെ വരുതിയിലാക്കുന്നതിനായി ആഗോളതലത്തിലുള്ള ഭരണകൂട ഏജന്‍സികള്‍ പെഗാസസ് പോലുള്ള രഹസ്യ നിരീക്ഷണ സോഫ്റ്റ്​വെയര്‍ ഉപയോഗിക്കുന്നുണ്ടെന്നത് 2017 ല്‍ ആഗോളതലത്തില്‍ വിവാദമായിരുന്നു. വാട്‌സാപ്പ് ആപ്പ് ഉപയോഗിച്ച് എന്‍എസ്ഒ ഗ്രൂപ്പ് പെഗാസസ് മാല്‍വെയര്‍ പ്രചരിപ്പിച്ചുവെന്ന മെറ്റയുടെ വെളിപ്പെടുത്തലാണ്. മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, അഭിഭാഷകര്‍ ഉള്‍പ്പടെ വിവിധ മേഖലകളിലുള്ളവരെ ലക്ഷ്യമിട്ട് പെഗാസസ് രഹസ്യനിരീക്ഷണം നടത്തിയതായി വാട്‌സാപ്പ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

ലോകത്തെമ്പാടുമുള്ള ഭരണകൂടങ്ങളും ഭരണകൂട ഏജന്‍സികളുമാണ് തങ്ങളുടെ ഉപഭോക്താക്കളെന്ന് പെഗാസസ് നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍എസ്ഒ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. സ്വാഭാവികമായും ഇന്ത്യന്‍ ഭരണകൂടവും ഇത് ഉപയോഗിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍ കേന്ദ്രം നിഷേധിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സഞ്ചാര്‍ സാഥി ആപ്പ് മൊബൈല്‍ ആപ്പുകളില്‍ നിര്‍ബന്ധിതമാക്കുന്നതിലെ അപകടം പ്രതിപക്ഷവും ജനങ്ങളും ഉന്നയിക്കുന്നത്.

പെഗാസസ് എന്നത് കള്ളനെപ്പോലെ ജനലിലൂടെ ഒളിഞ്ഞുനോക്കുന്ന ഒന്നാണെങ്കില്‍, സഞ്ചാര്‍ സാഥി എന്നത് 'സുരക്ഷയുടെ' പേരില്‍ മുന്‍വാതിലിലൂടെ വന്ന്, നിങ്ങളുടെ കിടപ്പുമുറിയില്‍ സ്ഥിരമായി ക്യാമറ സ്ഥാപിക്കുന്നതിന് തുല്യമാണെന്നാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരിച്ചുകൊണ്ട് കേരള മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ ടിഎം തോമസ് ഐസക് ഫെയ്​സ്ബുക്കിൽ പങ്കിട്ട പോസ്റ്റില്‍ ആരോപിച്ചത്. ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനാകുമെങ്കില്‍ അത് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എന്തിനാണെന്നും ആവശ്യമുള്ളവര്‍ക്ക് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താല്‍ പോരേയെന്നും തോമസ് ഐസക് ചോദിക്കുന്നു.

ആപ്പിനെതിരെ ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസുമെത്തി. സ്വേച്ഛാധിപത്യ ഭരണകൂടം പൗരാവകാശങ്ങള്‍ കണ്ടുകെട്ടുന്നതിനും നിയന്ത്രിക്കുന്നതിനും ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. പെഗാസസ് ചാരസോഫ്റ്റ്​വെയറിലൂടെ പ്രതിപക്ഷ നേതാക്കളും ജഡ്ജിമാരും മാധ്യമപ്രവര്‍ത്തകരും കേന്ദ്രമന്ത്രിമാരുമടങ്ങുന്ന നൂറിലധികംപേരുടെ ഫോണുകള്‍ ബിജെപി ചോര്‍ത്തിയിരുന്നുവെന്നും പൗരന്റെ സ്വകാര്യത സുപ്രീംകോടതിയില്‍ മൗലികാവകാശമായി പ്രഖ്യാപിക്കുന്നത് മോദിസര്‍ക്കാര്‍ എതിര്‍ത്തതില്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാര്‍ സാഥി രഹസ്യാന്വേഷണ ആപ്പാണെന്നും അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പരിഹാസ്യമാണെന്ന് പ്രിയങ്കാഗാന്ധിയും പറഞ്ഞു.

ആപ്പ് പെര്‍മിഷനുകളിലെ അപകടം

ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആ ആപ്പുകള്‍ക്ക് ആവശ്യമായ ചില അനുമതികള്‍ നല്‍കേണ്ടതുണ്ട്. സഞ്ചാര്‍ സാഥിയും അതുപോലെ വിവിധ അനുമതികള്‍ ഫോണുകളില്‍ ആവശ്യപ്പെടുന്നുണ്ട്. കോള്‍ ലോഗുകള്‍, ക്യാമറ, നോട്ടിഫിക്കേഷന്‍, ഫോണ്‍ കോള്‍, എസ്എംഎസ്, സ്‌റ്റോറേജ്, ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പടെയുള്ളവ ഈ ആപ്പിന് ആവശ്യമാണ്. ഒരു മൊബൈല്‍ ആപ്പിനെ സംബന്ധിച്ചിടത്തോളം ഈ അനുമതികളെല്ലാം ആവശ്യം തന്നെയാണ്. എന്നാല്‍ ഈ അനുമതികള്‍ എന്തിനെല്ലാം ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് അപകടം.

സൈബര്‍ സുരക്ഷയുടെ പേരിലുള്ള അടിസ്ഥാന ഡാറ്റാ ശേഖരണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് ഈ അനുമതികള്‍ ആപ്പുകള്‍ ആവശ്യപ്പെടുന്നതെങ്കിലും, ഒരു ഭരണകൂടം അവതരിപ്പിച്ച മൊബൈല്‍ ആപ്പ് എന്ന നിലയില്‍ രാജ്യത്തെ പൗരന്മാരുടെ മൊബൈല്‍ ഫോണുകളിലേക്ക് അവര്‍ക്ക് കടന്നുകയറാനുള്ള എളുപ്പമാര്‍ഗമായി സഞ്ചാര്‍ സാഥി മാറിയേക്കാമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. കോള്‍ ലോഗുകളിലേക്കുള്ള പ്രവേശനം ഒരാളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ എളുപ്പം ചോര്‍ത്താനുള്ള മാര്‍ഗമായി മാറിയേക്കാം. ക്യാമറ ഉപയോഗിക്കാനുള്ള ആപ്പിന് നല്‍കുന്ന അനുമതി രഹസ്യമായി ക്യാമറാ നിരീക്ഷണം നടത്തുന്നതിനായി ഉപയോഗപ്പെടുത്തിയേക്കാം. ഇങ്ങനെ ഫോണിലെ ഓരോ പ്രവൃത്തിയും ആപ്പ് വഴി ചോര്‍ത്താനാവും. മറ്റേത് ആപ്പുകള്‍ക്ക് നേരെയും ഇതേ ആശങ്ക ഉന്നയിക്കാവുന്നതാണ്. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ പരാതിയുമായി ഭരണകൂടത്തെയോ അധികാരികളേയോ നമ്മള്‍ക്ക് സമീപിക്കാം. പക്ഷെ അധികാരികള്‍ പുറത്തിറക്കിയ ആപ്പ് തന്നെയാണ് അത് ചെയ്യുന്നതെങ്കിലോ? ആശങ്ക സ്വാഭാവികമാണ്.

എതിര്‍പ്പുമായി വന്ന ആപ്പിളും ഗൂഗിളും

സ്മാര്‍ട്‌ഫോണ്‍ വിപണി കയ്യാളുന്ന രണ്ട് പ്രധാന കമ്പനികളാണ് ആപ്പിളും ഗൂഗിളും. ഐഒഎസ് ഫോണുകള്‍ അഥവാ ഐഫോണുകള്‍ നിര്‍മിക്കുന്നത് ആപ്പിളാണ്. ആന്‍ഡ്രോയിഡ് ഒഎസ് ഗൂഗിളിന്റേതാണ്. സഞ്ചാര്‍ സാഥി സ്മാര്‍ട്‌ഫോണുകളില്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരാണ് ഈ രണ്ട് കമ്പനികളും. തീരുമാനം നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി ഐഒഎസ്, ആന്‍ഡ്രോയിഡ് ഒഎസ് എന്നിവയില്‍ പ്രത്യേകമായി മാറ്റങ്ങള്‍ വരുത്തേണ്ടിവരും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെങ്കിലും ഈ നീക്കം ഉപകരണങ്ങളില്‍ സിസ്റ്റം തലത്തിലും സ്വകാര്യതയുമായി ബന്ധപ്പെട്ടും ഒട്ടേറെ വെല്ലുവിളികള്‍ക്കിടയാക്കുമെന്ന് കമ്പനികള്‍ അഭിപ്രായപ്പെടുന്നു. ഈ ആശങ്കകള്‍ ഉന്നയിച്ചാവും തീരുമാനത്തിനെതിരെ കമ്പനികള്‍ സര്‍ക്കാരിനെ സമീപിക്കുക.

ടെലികോംമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ വിശദീകരണം

ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്ന സഞ്ചാര്‍ സാഥി ആപ്പ് ഉപഭോക്താക്കള്‍ക്ക് താത്പര്യമില്ലെങ്കില്‍ മറ്റേത് ആപ്പിനെ പോലെയും നീക്കം ചെയ്യാനാകുമെന്നാണ് ടെലികോം മന്ത്രി ജോതിരാദിത്യ സിന്ധ്യ പറയുന്നത്. മാത്രവുമല്ല ആപ്പ് മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറഞ്ഞതിനര്‍ത്ഥം അത് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുമെന്നല്ല. ഉപഭോക്താവ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വരെ ആപ്പ് പ്രവര്‍ത്തിക്കുകയില്ലെന്നും അദ്ദേഹം പറയുന്നു.

ആപ്പ് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് അത് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കുന്നു. പൊതുജന പങ്കാളിത്തമുണ്ടെങ്കിലേ ആപ്പ് വിജയകരമാവുകയുള്ളൂ. പൊതുജനാഭിപ്രായം അനുസരിച്ച് ഉത്തരവില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ തയ്യാറാണെന്നും. ആപ്പ് വഴി രഹസ്യ നിരീക്ഷണം സാധ്യമല്ലെന്നും അത് ചെയ്യുകയുമില്ലെന്നും മന്ത്രി ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ ആശങ്കകളോട് പ്രതികരിച്ച് പറഞ്ഞു.

എന്തായാലും ഭരണകൂട താത്പര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്നതിനാല്‍ രഹസ്യനിരീക്ഷണം സംബന്ധിച്ച ആശങ്കകളെ നിസാരവത്കരിക്കുന്നതില്‍ അര്‍ത്ഥമില്ല. എതിര്‍പ്പുകള്‍ ശക്തമാവുകയാണെങ്കില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാനും അത് ഫോണുകളില്‍ കര്‍ശനമായും അനിയന്ത്രിതമായും നിലനിര്‍ത്താനുള്ള ഉത്തരവില്‍ മാറ്റം വരുത്തുമെന്ന സൂചനയാണ് മന്ത്രി നല്‍കുന്നത്.