നിശ്ശബ്ദം ചില വിപ്ലവങ്ങൾ നമുക്കുചുറ്റും നടക്കുന്നുണ്ട്. പൊതുവേദികളിൽ സ്വന്തംമേനി വിളിച്ചുപറയാനറിയാത്തവരായ ചില മനുഷ്യരാണ് ഈ വിപ്ലവങ്ങളുടെ ചാലകശക്തികൾ. അവർ സൃഷ്ടിക്കുന്ന കാര്യങ്ങളുടെ ഗുണഭോക്താക്കൾ ഈ ലോകം മുഴുവനാണ്. ഈ കഥ അത്തരം ചില ശ്രമങ്ങളെക്കുറിച്ചാണ്. ചില മനുഷ്യരെക്കുറിച്ചാണ്. നിസ്വാർഥതയാണ് ഈ വിപ്ലവങ്ങളുടെ മുഖമുദ്ര.

ബി.എന്‍.കൈലാഷ് നാഥ് | ഫോട്ടോ: ജോസഫ് ആന്റണി\ മാതൃഭൂമി
ബെംഗളൂരുവിലേക്ക് താമസം മാറുന്നതിന്റെ തലേരാത്രി ബി.എന്‍. കൈലാഷ് നാഥ് ഞങ്ങളോട് യാത്ര പറയാന്‍ വന്നു. 2012 ജനുവരി ഒടുവിലായിരുന്നു അത്. ഇംഗ്ലണ്ടില്‍ മിഡില്സ്സക്സ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കി അയാള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ട് അധികനാളായിട്ടില്ല. 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ആയിരുന്നു പഠനവിഷയം. സര്‍വകലാശാല അവിടെ വാഗ്ദാനം ചെയ്ത അസിസ്റ്റന്റ് പ്രൊഫസര്‍ പദവി വേണ്ടെന്ന് വെച്ചാണ് കൈലാഷ് തിരിച്ചുപോന്നത്.
'ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാണ് എനിക്ക് താത്പര്യം', അതെപ്പറ്റി കൈലാഷ് പറഞ്ഞു. 'സ്വന്തം നാട്ടുകാര്‍ക്ക് പ്രയോജനം ചെയ്യുന്ന ചില പ്രോജക്ടുകള്‍ ചെയ്യണം'.
സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴേ കൈലാഷിനെ ഈ ലേഖകനറിയാം. കോഴിക്കോട് ബിലാത്തിക്കുളം ഹൗസിങ് കോളനിയില്‍ ഞങ്ങളുടെ അയല്പക്കത്താണ് കൈലാഷിന്റെ കുടുംബം താമസിച്ചിരുന്നത്. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ കൈലാഷ് മികവുറ്റ പ്രോഗ്രാമറായി. ലോകമെങ്ങും ജനപ്രീതി നേടിയ ആദ്യകാല ഓപ്പണ്‍സോഴ്സ് ബ്ലോഗ് പ്ലാറ്റ്ഫോമുകളിലൊന്ന് കൈലാഷ് രൂപംനല്കിയ 'ബോസ്റ്റ്മെഷീന്‍' ആയിരുന്നു. അതുപോലെ വേറെയും ടെക്നോളജികള്‍ വികസിപ്പിച്ചു.
ഈ പൂര്‍വ്വചരിത്രം അറിയാവുന്നതുകൊണ്ട്, 'നാട്ടുകാര്‍ക്കായി പ്രോജക്ടുകള്‍ ചെയ്യാനു'ള്ള അയാളുടെ തീരുമാനത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. 'ഐടി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ബാംഗ്ലൂരാണ് നല്ലത്. അതുകൊണ്ടാണ് അങ്ങോട്ട് താമസം മാറ്റുന്നത്'-കൈലാഷ് അറിയിച്ചു.
ഇപ്പോള്‍ ഒരു വ്യാഴവട്ടം കഴിയുന്നു. അറിയപ്പെടുന്ന ബ്രിട്ടീഷ് യൂണിവേഴ്സിറ്റി നല്കിയ മികച്ച ഓഫര്‍ വേണ്ടന്ന് വെച്ച് 'നാട്ടുകാര്‍ക്കായി പ്രോജക്ടുകള്‍ ചെയ്യാന്‍' എത്തിയ യുവാവിന് അതിന് കഴിഞ്ഞുവോ എന്ന് പരിശോധിച്ചാല്‍, അത്ഭുതപ്പെടുത്തുന്ന ഒരു ലോകത്തേയ്ക്കാണ് നമ്മളെത്തുക. കൈലാഷ് നാട്ടുകാര്‍ക്കായി ചെയ്ത 'പ്രോജക്ടു'കളിലൊന്ന് 'ഓളം' (olam.in) എന്ന ഓണ്‍ലൈന്‍ ഓപ്പണ്‍സോഴ്സ് നിഘണ്ടു ആണ്. 2010 ഒക്ടോബറില്‍ ആരംഭിച്ച ഓളം ഇപ്പോള്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്നു.
കൈലാഷ് സ്വന്തംനിലയ്ക്ക് ചേര്‍ത്ത ഏതാനും ആയിരം വാക്കുകളുമായി തുടങ്ങിയ ഓളം, പത്തുലക്ഷം എന്‍ട്രികളുടെ നിറവോടെയാണ് 15 എന്ന നാഴികക്കല്ല് പിന്നിടുന്നത്. ഇംഗ്ലീഷ്-മലയാളം, മലയാളം-മലയാളം വിഭാഗങ്ങള്‍ ചേര്‍ന്നാല്‍, ലോകത്തെ ഏറ്റവും വലിയ ഓപ്പണ്‍ ഡേറ്റാ നിഘണ്ടുവും തെസോറസും ആവുകയാണ് ഓളമിപ്പോള്. ഇപ്പോള്‍ പ്രതിമാസം 25 ലക്ഷം പേര് ഓളം ഉപയോഗിക്കുന്നു.
കൈലാഷ് കൂടി പങ്കാളിയായ 'ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷ' (ഐ.ഡി.എ.എഫ്) ന്റെ കീഴിലാണ് 2023 മുതല്‍ ഓളം. പഴയകാല രേഖകളും ഗ്രന്ഥങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിനൊപ്പം, ഡിജിറ്റല്‍ മലയാളത്തിന്റെ അടിത്തറ ശക്തിപ്പെടുത്താനായി 2022 ല്‍ ഷിജു അലക്സ്, ജിസ്സോ ജോസ്, കൈലാഷ് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഇന്‍ഡിക് ഫൗണ്ടേഷനെ (indicarchive.org) പറ്റി മാതൃഭൂമി വാരാന്തപ്പതിപ്പില്‍ മുമ്പ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ഓളത്തിന്റെ ചരിത്രത്തില്‍ മറ്റ് പലരും പങ്കുപറ്റിയിട്ടുണ്ട്. 2013 ല്‍ ഓളത്തിന്റെ ആന്‍ഡ്രോയ്ഡ് ആപ്പും, 2016 ല്‍ 'അര്‍ഥം' (Artham) എന്ന പേരില്‍ ഓളത്തിന്റെ ഓഫ്ലൈന് ആന്‍ഡ്രോയ്ഡ് ആപ്പും രൂപപ്പെടുത്തിയ അജിന് അശോകന് ആണ് അതിലൊന്ന്. ഓളം വികസിപ്പിക്കുന്നതിനിടെ 2020 ല്‍ കൈലാഷ് രൂപപ്പെടുത്തിയ ഓപ്പണ്‍ സോഴ്സ് ഡിക്ഷണറി പബ്ലീഷിങ് സംവിധാനമായ dict.press ഇന്ന് ഒട്ടേറെ ഡിക്ഷണറി വെബ്സൈറ്റുകളുടെ പ്ലാറ്റ്ഫോമാണ്.
ആര്‍ക്ക് വേണമെങ്കിലും പുതിയ വാക്കുകളും അര്ഥനിര്വചനങ്ങളും ചേര്‍ക്കാന്‍ പാകത്തിലാണ് ഓളം പ്രവര്‍ത്തനം തുടങ്ങിയത്. ഉപയോക്താക്കള്‍ ചേര്‍ക്കുന്ന നിര്‍വചനങ്ങള്‍ മോഡറേറ്റ് ചെയ്ത് നിഘണ്ടുവിന്റെ ഭാഗമാക്കുകയാണ് ചെയ്തിരുന്നത്. ക്രമേണ മോഡറേഷന് വലിയ പ്രശ്നമായി. അതിനാല്‍, ആ രീതി അവസാനിപ്പിച്ചു.
പിന്നീട് ഓളത്തിന്റെ കഥ വികസിക്കുന്നത് വര്‍ഷങ്ങളോളം വാക്കുകളെ വേട്ടയാടിയ രണ്ട് മനീഷികളിലൂടെയാണ്-'ദത്തുക്' കെ.ജെ ജോസഫ്, ഇ.കെ.കുറുപ്പ് എന്നിവരിലൂടെ. രണ്ടാളും മലയാളത്തിന്റെ മണ്ണില്‍ നിന്ന് അകലെയിരുന്ന് മലയാളം വാക്കുകളോട് കൂട്ടുകൂടിയവര്‍. രണ്ടാളും തങ്ങളുടെ ജീവിതസായാഹ്നം വാക്കുകളുടെ പുലരിയാക്കിയവര്. മലയാളത്തിന്റെ ഡിജിറ്റല്‍ ഭാവിക്ക് നമ്മളെ അവരോട് എന്നും കടപ്പെട്ടവരാക്കിയവര്!
ഒരു നൂറ്റാണ്ട് മുമ്പ്, 1895-1917 കാലത്ത് 'ശബ്ദതാരാവലി'യെന്ന ആധികാരിക നിഘണ്ടു വഴി മലയാളഭാഷയ്ക്ക് ബലമുള്ള അടിത്തറ സൃഷ്ടിക്കാന്‍ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സമാന്തരം ഇവിടെ ദര്‍ശിക്കാന്‍ കഴിയും. നൂറ്റാണ്ടിനിപ്പുറം അതുപക്ഷേ, ഡിജിറ്റല്‍ മലയാളത്തിന്റെ അടിത്തറ സൃഷ്ടിക്കാനാണെന്ന് മാത്രം!
'ദത്തുക് കോര്‍പ്പസ്'
1959 മുതല്‍ മലേഷ്യയില്‍ പ്രവാസിയായിരുന്ന കൊച്ചി കുമ്പളങ്ങി സ്വദേശി 'ദത്തുക്' കെ.ജെ ജോസഫ് രൂപപ്പെടുത്തിയ 106,000 നിര്‍വചനങ്ങള്‍ അടങ്ങിയ 83,000 മലയാളംപദങ്ങളുടെ ഡിജിറ്റല്‍ സമുച്ചയമാണ് 'ദത്തുക് കോര്‍പ്പസ്' എന്നറിയപ്പെടുന്നത്. മലയാളം കമ്പ്യൂട്ടിങിനുള്ള ആധുനിക ടൂളുകളൊന്നും ലഭ്യമല്ലാത്ത 1990 കളിലാണ് ജോസഫ് തന്റെ ഡിജിറ്റല്‍ മലയാളം നിഘണ്ടു രൂപപ്പെടുത്തിയത്. ടൈപ്പിങ് അത്ര പിടിയില്ലാത്തതിനാല്‍, മുഴുവന്‍ നിഘണ്ടുവും ഒരു കൈകൊണ്ട് അദ്ദേഹത്തിന് ടൈപ്പ് ചെയ്യേണ്ടി വന്നു!

ഓണ്‍ലൈന്‍ ബുക്സ്റ്റാളുകളോ ലൈബ്രറികളോ ഇല്ലാത്ത കാലമാണത്. പ്രവാസികള്‍ക്ക് മലയാളം വായന വലിയ പ്രശ്നമായി. അങ്ങനെയാണ്, സ്വന്തം പക്കലുള്ള മലയാളം ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് എല്ലാവര്ക്കും ലഭ്യമാക്കാമെന്ന ആശയത്തിലേക്ക് ജോസഫും സുഹൃത്തുക്കളുമെത്തിയത്. സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച 'ഭാഷാനിഘണ്ടു' ജോസഫ് ഡിജിറ്റലൈസ് ചെയ്തു. അറുപത്തിയാറാം വയസ്സില്‍ ആരംഭിച്ച ആ ഡിജിറ്റല്‍ 'സാഹസം' ആറ് വര്‍ഷം നീണ്ടു.
ചില യാഹൂ ഫോറങ്ങളില്‍ അധികമാരുടെയും ശ്രദ്ധയില്‍ പെടാതെ പോസ്റ്റ് ചെയ്യപ്പെട്ടിരുന്ന 'ദത്തുക് കോര്‍പ്പസ്' ഡേറ്റാബേസ് കൈലാഷിന്റെ ശ്രദ്ധയില്‍പെട്ടതോടെ കഥ മാറി. ജോസഫിന്റെ അനുവാദത്തോടെ ആ മലയാളം-മലയാളം നിഘണ്ടു ഓളത്തിന്റെ ഭാഗമാക്കാന്‍ കൈലാഷ് തീരുമാനിച്ചു. '15 വര്‍ഷംമുമ്പ് താന്‍ അപ്ലോഡ് ചെയ്ത ആ ഡിക്ഷണറി, ഞാന്‍ കണ്ടെത്തി എന്നതിലെ ആഹ്ലാദം നിറഞ്ഞ അത്ഭുതമാണ് ആദ്യം സംസാരിക്കുമ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ചത്', കൈലാഷ് ഓര്‍ക്കുന്നു. 'അത് ഏറെപ്പേര്‍ക്ക് പ്രയോജനം ചെയ്യാന്‍ പാകത്തില്‍ പൊതുവായി ലഭ്യമാകാന്‍ പോകുന്നു എന്നത് അദ്ദേഹത്തെ സന്തോഷിപ്പിച്ചു. ശരിക്കും അദ്ദേഹം ലക്ഷ്യമിട്ടത് അതുതന്നെയായിരുന്നു'.
പക്ഷേ, കൈലാഷിന്റെ തലവേദന തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. 'പ്രാകൃത ഡിജിറ്റല്‍ മലയാള'ത്തിന്റെ വള്ളിക്കെട്ടുകള്‍ക്കിടയില്‍ നിന്ന് അതിനെ പാറ്റിപ്പെറുക്കിയെടുക്കാന് അത്ര എളുപ്പമായിരുന്നില്ല. അതിന് രണ്ടുവര്‍ഷം അധ്വാനിക്കേണ്ടി വന്നു. 2013 ല്‍ അത് ഓളത്തിന്റെ ഭാഗമായതോടെ, 'ദത്തുക്' ജോസഫിന്റെ അധ്വാനം ലക്ഷക്കണക്കിന് മലയാളം ഭാഷാപ്രേമികള്‍ക്ക് അനുഗ്രഹമായി.
1930 മേയ് 13ന് കുമ്പളങ്ങിയില്‍ സി.ജെ.ജോസഫ്, തെരേസ്സ ദമ്പതിമാരുടെ മകനായി ജനിച്ച ജോസഫ്, സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് നിന്ന് ഫിസിക്സില്‍ ബിരുദമെടുത്തു. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 12 -ാം വയസില്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത ജോസഫ്, പില്ക്കാലത്ത് തിരുവനന്തപുരം ടീച്ചേര്‍സ് ട്രെയിനിങ്ങ് കോളേജില്‍ ബി.എഡിന് പഠിക്കുമ്പോള്‍, കേരളത്തിലെ ബി.എഡ് വിദ്യാര്‍ഥികള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് വിമോചനസമരത്തിലും പങ്കെടുത്തു. 'ഹാം' (HAM) റേഡിയോ എന്നറിയപ്പെടുന്ന അമേച്വര്‍ റേഡിയോ പ്രസ്ഥാനത്തിന് കേരളത്തില്‍ തുടക്കംകുറിച്ചവരില്‍ ഒരാളായിരുന്നു ജോസഫ്.
വൈപ്പിനിലെ ഇടവനക്കാട് സ്കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന സമയത്ത്, 1959 ലാണ് ജോസഫ് മലേഷ്യയിലേക്ക് കുടിയേറുന്നത്. അവിടെ സാബാ സ്റ്റേറ്റിലെ ജസ്റ്റല്ട്ടനില് (ഇപ്പോള്‍ കോട്ട കിനാബാലു) പുതിയതായി തുടങ്ങിയ ല സാല് (La Salle) സ്കൂളില്‍ ശാസ്ത്രവും ഗണിതവും പഠിപ്പിക്കുന്ന അധ്യാപകനായി. കൂടെ പ്രവര്‍ത്തിച്ചിരുന്ന അധ്യാപികയായ റീത്താമ്മ ജോസഫിനെ ജീവിതസഖിയാക്കി. ജോസഫ്-റീത്താമ്മ ദമ്പതിമാര്‍ക്ക് മൂന്നു മക്കള്‍ ഉണ്ട് - പ്രേം, പ്രീത, സാലി എന്നിവര്‍.
അധ്യാപകനായാണ് തുടങ്ങിയതെങ്കിലും, ജോസഫിന്റെ പ്രവാസജീവിതം അതില്‍ പരിമിതപ്പെട്ടില്ല. സാബായിലെ പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹം സജീവ സാന്നിധ്യമായി. സബാ ടീച്ചേര്‍സ് യൂണിയന്, സബാ ഇന്ത്യന്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ സംഘടനകള്‍ സ്ഥാപിച്ചു. 1974 ല്‍ ഔദ്യോഗികപദവി രാജിവെച്ച് ബിസിനസ്സിലേക്കു തിരിഞ്ഞ അദ്ദേഹം, സബാ ഷിപ്പ്യാര്ഡ് ചെയര്മാന്, സബാ അലയന്‍സ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തുടങ്ങിയ ഉന്നതപദവികള്‍ വഹിച്ചു.
രാഷ്ട്രീയരംഗത്തും സാമൂഹികരംഗത്തും നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി മലേഷ്യ സര്‍ക്കാര്‍ ജോസഫിനെ 'ദത്തുക്' പദവി നല്കി ആദരിച്ചു. 'ദത്തുക് കോര്‍പ്പസ്' സൃഷ്ടിക്കുക മാത്രമല്ല, ചങ്ങമ്പുഴയുടെ സമ്പൂര്‍ണ്ണ കൃതികളും അദ്ദേഹം ഡിജിറ്റലൈസ് ചെയ്തു. 2019 ജനുവരി 29 ജോസഫ് വിടവാങ്ങി.
'പ്രതിപദം ഭാക്ഷണഭേദം'

സ്വന്തം പിതാവിന്റെ വായനാശീലം പിന്‍പറ്റി വാക്കുകളോട് അടുപ്പംകൂടിയ ആലപ്പുഴ മാരാരിക്കുളം സ്വദേശി ഇ.കെ.കുറുപ്പ്, മുംബൈയിലിരുന്ന് 20 വര്‍ഷം മലയാളത്തിന് വേണ്ടി സ്വജീവിതം സമര്‍പ്പിച്ചതിന്റെ ബാക്കിപത്രമാണ്, ഇപ്പോള്‍ ഓളത്തിന്റെ ഭാഗമാകുന്ന 'പ്രതിപദം ഭാക്ഷണഭേദം' എന്ന പര്യായ നിഘണ്ടു (തെസോറസ്). 75-കാരനായ കുറുപ്പ്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൊണ്ട് പത്തുലക്ഷം വാക്കുകളും നിര്വചനങ്ങളുമടങ്ങിയ പര്യായനിഘണ്ടുവാണ് രൂപപ്പെടുത്തിയത്.
എന്തുകിട്ടിയാലും വായിക്കുന്ന സ്വഭാവക്കാരനായിരുന്ന കുറുപ്പ്, ജോലിക്കായാണ് 1976 ല്‍ മുംബൈയിലെത്തുന്നത്. ടൈപ്പിസ്റ്റായി ആദ്യ മൂന്നുവര്‍ഷം ജോലിനോക്കിയ ശേഷം, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനിയില്‍ ക്ലാര്‍ക്കായി. മീറ്റിങുകളുടെ മിനിറ്റ്സും റിപ്പോര്‍ട്ടുകളും പ്രസംഗങ്ങളുമൊക്കെ ജോലിയുടെ ഭാഗമായി എഴുതേണ്ടി വന്നു. അപ്പോഴാണ് വാക്കുകള്‍ കൊണ്ട് ചില കളികള്‍ സാധ്യമാണെന്ന് തോന്നിയത്. റിപ്പോര്‍ട്ടില്‍ അല്ലെങ്കില്‍ പ്രസംഗത്തില്‍ ഒരേ വാക്ക് ആവര്‍ത്തിക്കുന്ന വിരസതയ്ക്ക് പരിഹാരമായി, സമാന അര്‍ഥം വരുന്ന മറ്റൊരു വാക്ക് ഉപയോഗിച്ചുകൂടേ എന്ന ചിന്ത കൗതുകമുണര്‍ത്തി. ഒരു വാക്കിന് തന്നെ പല അര്‍ഥങ്ങള്‍, അവ സന്ദര്‍ഭത്തിനനുസരിച്ച് മാറുന്നു. വാക്കുകളെപ്പറ്റി കൗതുകകരമായ അന്വേഷണം തുടങ്ങുന്നത് അങ്ങനെയാണ്. ഓക്സ്ഫഡ് തെസോറസ് പോലൊന്ന് എന്തുകൊണ്ട് മലയാളത്തില്‍ ആയിക്കൂടാ എന്ന ചിന്തയുദിച്ചു. ആ ചിന്തയാണ് 'പ്രതിപദം ഭാഷണഭേദം' അഥവാ 'മറുവാക്ക്' എന്ന തെസോറസിലേയ്ക്ക് നയിച്ചത്.
ഒരു ഹോബി എന്ന നിലയ്ക്കാണ് 2004 ല്‍ തുടങ്ങിയതെങ്കിലും, മറുവാക്ക് തേടല്‍ ഏറെ ശ്രമകരമാണെന്ന് ക്രമേണ ബോധ്യമായി. ഒരുവേള അത് നിര്‍ത്തിയാലോ എന്നുവരെ തോന്നി. പക്ഷേ, നിര്‍ത്താന്‍ പറ്റാത്തത്ര സമയവും അധ്വാനവും അപ്പോഴേയ്ക്കും ആ ഉദ്യമത്തിന് ചെലവാക്കിയിരുന്നു. ജോലിക്കിടെ കിട്ടുന്ന ഒഴിവുസമയം മുഴുവന്‍ ചെലവഴിച്ചു. വിരമിച്ച ശേഷം പൂര്‍ണമായും വാക്കുകള്ക്കൊപ്പമായി ജീവിതം.
'പ്രതിപദം ഭാക്ഷണഭേദം' പ്രസിദ്ധീകരിക്കാന്‍ മലയാളത്തിലെ പ്രമുഖ പ്രസാധകരുമായി ധാരണയിലെത്തി. പക്ഷേ, ഒന്നും നടന്നില്ല. പ്രധാന തടസ്സം അതിന്റെ വലിപ്പമായിരുന്നു. അയ്യായിരത്തോളം പേജുകള്‍. വാണിജ്യസാധ്യത സംബന്ധിച്ച ആശങ്ക. അതാണ് പ്രസാധകര് പിന്‍വാങ്ങാന്‍ കാരണം. ഭാഷാകമ്പ്യൂട്ടിംഗ് വിദഗ്ധനായ സന്തോഷ് തോട്ടിങ്ങലിനെ യാദൃച്ഛികമായി പരിചയപ്പെട്ടത്, കഥ മാറ്റി. അദ്ദേഹമാണ് 'ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്' എന്ന എന്‍.ജി.ഒ.യുമായി കുറുപ്പിനെ ബന്ധപ്പെടുത്തുന്നത്. 'ഫൗണ്ടേഷന്റെ ഭാഗത്തുനിന്ന് വളരെ താത്പര്യജനകമായ പ്രതികരണമാണ് ലഭിച്ചത്', കുറുപ്പ് സാക്ഷ്യപ്പെടുത്തുന്നു.
രണ്ട് പതിറ്റാണ്ടുകാലത്തെ അധ്വാനത്തിന്റെ ഫലം വെളിച്ചം കാണാന്‍ അവസരമൊരുങ്ങുന്നത് അങ്ങനെയാണ്. 'മുന്‍തലമുറയില്‍ പെട്ട പലരുടെയും അധ്വാനത്തിന്റെ ഫലമാണ് ഇന്ന് നമ്മള് അനുഭവിക്കുന്ന പല സൗകര്യങ്ങളും. എനിക്കിഷ്ടപ്പെട്ട ഒരു കാര്യം ചെയ്യുന്നത് എല്ലാവര്ക്കും ഉപകാരപ്പെടട്ടെ എന്ന ചിന്തയാണ് ഇന്‍ഡിക് ഫൗണ്ടേഷനെ ഇത് ഏല്‍പ്പിക്കാന്‍ കാരണം', കഴിഞ്ഞ വര്‍ഷം ഒരു ചടങ്ങില്‍ കുറുപ്പ് പറഞ്ഞു.

കൈലാഷ് നാഥിന്റെ കാര്യത്തില്‍ 'ഓളം' വെറും തുടക്കം മാത്രമായിരുന്നു. 2012 ല്‍ ബാംഗ്ലൂരിലേയ്ക്ക് താമസം മാറ്റിയ ശേഷമാണ്, ഓളം മാതൃകയില്‍ ഓണ്‍ലൈന്‍ കന്നട നിഘണ്ടു എന്ന ആശയം ഉദിക്കുന്നത്. ഒരു കന്നട-ഇംഗ്ലീഷ് നിഘണ്ടു സൃഷ്ടിക്കാന്‍ 40 വര്‍ഷമായി പ്രയത്നിക്കുന്ന വി. കൃഷ്ണ എന്ന സൗമ്യഭാഷിയായ മൈസൂര്‍ സ്വദേശിയെ 2018 ല്‍ കൈലാഷ് പരിചയപ്പെട്ടു. സ്വന്തം നിലയ്ക്ക് ഗവേഷണം നടത്തി ഒന്നരലക്ഷം കന്നട വാക്കുകളും, അവയുടെ 240,000 ഇംഗ്ലീഷ് വ്യാഖ്യാനങ്ങളും അപ്പോഴേക്കും വേഡ്ഫയലായി കൃഷ്ണയുടെ ഡേറ്റാബേസില്‍ ഇടംപിടിച്ചിരുന്നു! ആ ഡേറ്റാബേസ് ഉപയോഗിച്ച്, കൃഷ്ണയുടെ സഹകരണത്തോടെ 2020 ല്‍ 'അലര്' (alar.ink) എന്ന ഓണ്‍ലൈന്‍ കന്നഡ-ഇംഗ്ലീഷ് നിഘണ്ടുവിന് കൈലാഷ് തുടക്കമിട്ടു.

കൈലാഷുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ നിഘണ്ടുവിന്റെ കാര്യം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. തലശ്ശേരി വയലളം സ്വദേശി ഞാറ്റ്യേല ശ്രീധരന് തയ്യാറാക്കിയ, മലയാളം, തമിഴ്, കന്നട, തെലുഗു ഭാഷകള്‍ ചേര്‍ന്ന ചതുര്‍ഭാഷാ ഡിക്ഷനറിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ 'സമം' (samam.net) ആണത്. നാലാംക്ലാസ് ഔപചാരികവിദ്യാഭ്യാസം മാത്രമുള്ള ശ്രീധരന് 25 വര്‍ഷം ചെലവിട്ടാണ് ഈ നിഘണ്ടു തയ്യാറാക്കിയത്. 17,000 പദങ്ങളുടെ ചതുര്‍ഭാഷാ വാക്കുകള്‍ അടങ്ങിയ നിഘണ്ടു 2024 ല്‍ ഇന്‍ഡിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 'സമം' (samam.net) എന്ന പേരില്‍ അത് ഓണ്‍ലൈനിലെത്തി.
ബട്ടര്‍ഫ്ളൈ ഇഫക്ട്
ഓളത്തിന് 15 വര്ഷമാകുന്നതാണ് ഈ ലേഖനത്തിന്റെ വിഷയമെങ്കിലും, കൈലാഷ് നാഥിന്റെ കഥയില്‍ ഓളം എന്നത് മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ്. 'നാട്ടുകാര്‍ക്ക് പ്രയോജനം ചെയ്യുന്ന പ്രോജക്ടുകള്‍' ചെയ്യാന്‍ പുറപ്പെട്ട ആ യുവാവിന് തന്റെ 38 വയസ്സിനിടെ ഓളം കൂടാതെ മറ്റെന്തൊക്കെ സാധിച്ചു?
അതറിയാന്‍ കൈലാഷ് ഇപ്പോള്‍ ആരാണെന്നും, എന്ത് ഫിലോസൊഫിയാണ് അയാളെ നയിക്കുന്നതെന്നും അറിയണം. 160 ലക്ഷം ആളുകളെ ഓഹരി വിപണിയില്‍ ഒരു കൈ നോക്കാന്‍ സഹായിക്കുന്ന, ഇന്ത്യയിലെ സാധാരണക്കായുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷെയര്‍ ബ്രോക്കിങ്ങ് പ്ലാറ്റ്ഫോമാണ് 'സെരോഥ (Zerodha) ലിമിറ്റഡ്'. അതിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ (സിടിഒ) ആണിന്ന് കൈലാഷ് നാഥ്!
സെരോഥയുടെ പിന്‍ബലത്തോടെ കൈലാഷ് സ്ഥാപിച്ച രണ്ട് ഫൗണ്ടേഷനുകളാണ് 'നാട്ടുകാര്‍ക്കായുള്ള പ്രോജക്ടുകള്‍'ക്ക് യഥാര്‍ഥ പിന്തുണയേകുന്നത്. രാജ്യത്താകമാനം, കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും പരിസ്ഥിതി സംരക്ഷിക്കാനുമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും ഗവേഷകര്‍ക്കും സഹായമേകാന്‍ 2021 ല്‍ രൂപംനല്കിയ 'റെയിന്‍മാറ്റര്‍ ഫൗണ്ടേഷന്' ആണ് അതില്‍ ആദ്യത്തേത്. സെരോഥയുടെ വരുമാനത്തില്‍ വലിയൊരു പങ്ക് ഈ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു.
2022 ല്‍ കൈലാഷ് സ്വന്തം നിലയ്ക്ക് സ്ഥാപിച്ച 'സമാഗത ഫൗണ്ടേഷന്' ആണ് രണ്ടാമത്തേത്. കര്‍ണാടകത്തിലും കേരളത്തിലുമായി 22 സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്തുണ നല്കുന്ന കാര്യം ഫൗണ്ടേഷന്റെ വെബ്ബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓളത്തിന്റെ ചുമതല വഹിക്കുന്ന ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷനും കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം ആന്‍ഡ് പ്ലാനറ്റേറിയവും മുതല്‍ കോഴിക്കോട് പാലിയേറ്റീവ് മെഡിസിന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നവീകരണം വരെ ആ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
ഒരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെയാണ് സമാഗത ഫൗണ്ടേഷന്റെ പ്രവര്‍ത്തനം. ഈ ലേഖകന്‍ മറ്റ് സോഴ്സുകളില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ച്, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശിക്കുന്ന കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രത്തിന്റെ നവീകരണത്തിന് മാത്രം, ഏഴുകോടി രൂപ നല്‍കാനുള്ള ധാരണാപത്രത്തിലാണ് കേന്ദ്രസര്‍ക്കാരുമായി സമാഗത ഫൗണ്ടേഷന് ഒപ്പിട്ടിട്ടുള്ളത്!
കോഴിക്കോട് പുത്തലത്ത് ബാലകുമാരന്നായരുടെയും കുറൂളിശ്ശേരി നളിനിയുടെയും രണ്ട് ആണ്മക്കളില് മൂത്തയാളായ കൈലാഷ് 'ബട്ടര്‍ഫ്ലൈ ഇഫക്ടി'ല്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. നമ്മള് സൃഷ്ടിക്കുന്ന നന്മയുടെ ചെറുചലനങ്ങള്‍, സമൂഹത്തില്‍ ആത്യന്തികമായി വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും എന്നതാണ് ആ വിശ്വാസത്തിന്റെ കാതല്‍. അച്ഛനും അമ്മയും ജീവിതപങ്കാളി ദീപയും കൈലാഷിന്റെ ഈ വിശ്വാസത്തിനൊപ്പം നിലകൊള്ളുന്നു.
സൂക്ഷിച്ചു നോക്കിയാല്‍ കൈലാഷിന്റെ കഥയില്‍ ബട്ടര്‍ഫ്ലൈ ഇഫക്ട് മറ്റൊരു രീതിയിലും പ്രവര്‍ത്തിക്കുന്നത് കാണാം. സെരോഥയുടെ ഉപഭോക്താക്കള്‍ അറിയുന്നില്ല; ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ തങ്ങള്‍ ആ പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ രാജ്യത്ത് എവിടെയോ ഒരു പ്രദേശം ഹരിതാഭമാകാനും, ഒരു നീര്ച്ചാല് മാലിന്യമുക്തമാകാനും, ഡിജിറ്റല്‍ലോകത്ത് ഓളങ്ങള്‍ തീര്‍ക്കാനും, കോഴിക്കോട് പ്ലാനറ്റോറിയം സന്ദര്‍ശിക്കുന്ന ഒരു കുട്ടിയുടെ ശാസ്ത്രജിജ്ഞാസയ്ക്ക് ആക്കംകൂട്ടാനും, ദുരിതമനുഭവിക്കുന്ന ഒരു രോഗിയുടെ വേദനയ്ക്ക് ശമനമേകാനുമൊക്കെ അത് പരോക്ഷമായി കാരണമാകുന്നുവെന്ന്!
Content Highlights: Discover Olam, the revolutionary Malayalam open-source dictionary. Learn about AI pioneer B.N. Kailash Nath`s journey and his impact on digital India.
Published: 09 Nov 2025, 09:43 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented