ഉപയോക്താക്കൾക്കുവേണ്ടി ദൈനംദിന ജോലികൾ ചെയ്യുന്ന എഐ ഏജന്റുകളെപ്പറ്റി വലിയ പ്രചാരണമാണ് ടെക് കമ്പനികൾ നടത്തുന്നത്. കോടിക്കണക്കിന് ഡോളർ ചെലവഴിച്ചാണ് ലോകത്തെ മുൻനിര എഐ കമ്പനികൾ അവയെ വികസിപ്പിക്കുന്നത്. ക്യാബ് ബുക്കിങ്, ഭക്ഷണം ഓർഡർ ചെയ്യൽ തുടങ്ങിയ ദൈനംദിന കാര്യങ്ങൾ എഐ ഏജെന്റുകൾ കൈകാര്യം ചെയ്യുന്ന ഭാവി അവർ പ്രവചിക്കുന്നു. എന്നാൽ അതൊന്നും പ്രാവർത്തികമായി തുടങ്ങിയിട്ടില്ലെന്നും ഉപയോക്താക്കൾ ഇപ്പോഴും സ്വന്തം സ്‌ക്രീനുകളിൽ തന്നെ ടാപ്പ് ചെയ്താണ് ദൈംനംദിന കാര്യങ്ങൾ ചെയ്യുന്നതെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് യൂബർ പറയുന്നു.

To advertise here,

യൂബറിന്റെ എക്കാലത്തെയും ഏറ്റവും തിരക്ക് രേഖപ്പെടുത്തിയ ഹാലോവീൻ ആഴ്ചയിൽ ലോകമെമ്പാടും നാമമാത്രമായ യാത്രകൾ മാത്രമാണ് ഒരു എഐ ഏജന്റ് വഴി ബുക്ക് ചെയ്തതെന്ന് കമ്പനി എക്‌സിക്യൂട്ടീവുകൾ പറയുന്നു. ഉബർ ഈറ്റ്സ് വഴിയുള്ള ഡെലിവറികളിൽ ഇക്കാര്യത്തിൽ അൽപംകൂടി മെച്ചമുണ്ടെങ്കിലും യഥാർഥ കണക്ക് വളരെ കുറവാണ്. ഹാലോവിൻ ആഴ്ചയിൽ ഏകദേശം 32 ലക്ഷം യാത്രാ, ഫുഡ് ഡെലിവറി ഓർഡറുകൾ ലഭിച്ചുവെങ്കിലും അവയിൽ വെറും 500 എണ്ണം മാത്രമാണ് ഒരു എഐ ഏജന്റിനെ ഉപയോഗിച്ച് ഓർഡർ ചെയ്തതെന്ന് യൂബർ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ബാലാജി കൃഷ്ണമൂർത്തി പറയുന്നു.

എഐ ഏജന്റുകൾ വളരെ പ്രാരംഭ ഘട്ടത്തിലാണ് എന്നതാകാം ഇതിന്റെ കാരണം എന്ന് യൂബർ തന്നെ സമ്മതിക്കുന്നു. നിലവിൽ എഐ ഏജന്റുകൾക്ക് വളരെ പരിമിതമായ സ്വീകാര്യതയാണ് കാണാൻ കഴിയുന്നത്. ഇതിൽ മാറ്റം വരുമെന്നും അവയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായും യൂബർ പറയുന്നു.

ഓപ്പൺഎഐ, ആന്ത്രോപിക്, ഗൂഗിൾ, സ്‌പേസ്എഐ തുടങ്ങിയ ടെക് ഭീന്മാരെല്ലാം എഐ അസിസ്റ്റന്റുകളെ പുറത്തിറക്കിയിട്ടുണ്ട്. എന്നിരുന്നാലും അവയുടെ ഉപയോഗം ഇപ്പോഴും നാമമാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് യൂബറിന്റെ കണക്കുകൾ. ഉപയോക്താക്കൾ ഇപ്പോഴും തദ്ദേശീയ ആപ്പുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത് എന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.