2024 ജൂണ്‍ മുതലാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് വിവരം

പ്രമുഖ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്ങും ചൈനീസ് ചാരവനിത എന്ന് ആരോപിക്കപ്പെടുന്ന ആലിസ് ഹുവാങ്ങും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലിസുമായി തനിക്ക് വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് നേരത്തേ ജെൻസൻ തുറന്ന് പറഞ്ഞിരുന്നു. എൻവിഡിയ ജീവനക്കാർക്ക് അയത്ത ഇമെയിൽ സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ കുറ്റസമ്മതം. ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആഗോള എഐ വ്യവസായത്തിലെ നിർണായക തീരുമാനങ്ങളെ സ്വാധീനിക്കാനും ജെൻസനിൽ നിന്ന് വിവരങ്ങൾ ചോർത്താനുമുള്ള ചാരപ്രവർത്തനമാണോ ഈ ബന്ധം എന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ഇപ്പോൾ അന്വേഷിക്കുന്നത്.
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇതേക്കുറിച്ച് നേരത്തേ തന്നെ സൂചന ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുള്ള പ്രണയബന്ധം സംബന്ധിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ രഹസ്യ മെമ്മോ തയ്യാറാക്കിയിരുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ചെറുസംഘത്തിന് മാത്രമാണ് ഇത് കൈമാറിയതെന്നും വിവരമുണ്ട്. ജെൻസൻ ഹുവാങിന് ചൈനീസ് വ്യവസായിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന വിവരം ന്യൂയോർക്ക് ടൈംസ് നേരത്തേ പുറത്തുവിട്ടിരുന്നു.
ചൈനീസ് പൗരത്വമുള്ള ആലിസ് ഹുവാങ്, ഹുവാങ് ലെ എന്ന പേരിലും അറിയപ്പെടുന്നു. ആഗോള എഐ ചിപ്പ് വ്യവസായത്തിൽ ഇവർക്ക് വലിയ ബന്ധങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നുവെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഈ ബന്ധം ചൈനീസ് ചാരപ്രവർത്തനത്തിന്റെ ഭാഗമായിരിക്കാമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പ്രകാരം ഇരുവരുടെയും അടുപ്പം സംബന്ധിച്ച രഹസ്യ വിലയിരുത്തൽ അമേരിക്കൻ ഏജൻസികൾ തയ്യാറാക്കിയിരുന്നു.
2024 ജൂൺ മുതലാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് വിവരം. തായ്പേയിൽ നടന്ന സാങ്കേതികവിദ്യാ പ്രദർശനത്തിനുശേഷം ഇരുവരും ഒരു ബാറിൽ ഒന്നിച്ചെത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സാങ്കേതികവിദ്യാ കമ്പനിയായ നെറ്റ്തണ്ടർ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ചിത്രങ്ങളിലാണ് ഇരുവരെയും കാണുന്നത്. ജെൻസൻ ഹുവാങ് പതിവായി ധരിക്കുന്ന കറുത്ത ലെതർ ജാക്കറ്റിലായിരുന്നു ചിത്രങ്ങളിൽ. സാങ്കേതികവിദ്യാ മേഖലയിലെ മറ്റ് പ്രമുഖർക്കൊപ്പമാണ് ഇരുവരും ഇരുന്നത്. അവിടെവെച്ച് ഇരുവരും ഒന്നിച്ച് വിസ്‌കി കഴിച്ചതായും റിപ്പോർട്ടുകളുണ്ട്.
2025 മേയിൽ തായ്പേയിൽ നടന്ന കംപ്യൂട്ടെക്സ് പ്രദർശനത്തിനിടെയും ഇരുവരും ഒന്നിച്ചെത്തി. ചൈനീസ് റസ്റ്ററന്റിൽ ജെൻസൻ ഹുവാങ് സംഘടിപ്പിച്ച അത്താഴവിരുന്നിലായിരുന്നു കൂടിക്കാഴ്ച. പുറത്തുവന്ന ചിത്രങ്ങളിലും ലൈവ് ദൃശ്യങ്ങളിലും ആലിസ് ഹുവാങ് അദ്ദേഹത്തിന് സമീപത്തായി ഇരിക്കുന്നതു കാണാം. അവർ ജെൻസൻ ഹുവാങിന്റെ കവിളിൽ ചുംബിക്കുന്നതും പുറത്ത് കൈവെക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ അദ്ദേഹം പുറത്തേക്കുപോയപ്പോഴും ആലിസ് ഹുവാങ് പിന്നാലെ എത്തിയിരുന്നു. പിന്നീട് ഇരുവരും ഒരേ കാറിലാണ് മടങ്ങിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചൈനയിൽ ടെലിവിഷൻ മാധ്യമപ്രവർത്തകയായാണ് ആലിസ് ഹുവാങ് ഔദ്യോഗിക ജീവിതം ആരംഭിച്ചതെന്നാണ് വിവരം. പിന്നീട് സാങ്കേതികവിദ്യാ മേഖലയിലേക്ക് മാറി. ചൈനീസ് ഫണ്ട് ഡാറ്റാബേസിലെ ഒരു ഓൺലൈൻ പ്രൊഫൈലിൽ ഇവരുടെ മുൻ ജോലികളെക്കുറിച്ച് വിവരങ്ങളുണ്ട്. എച്ച്എസ്ബിസിയിലും ചൈനീസ് വാർത്താ ചാനലുകളായ സിസിടിവി, ഹുനാൻ ടിവി എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നതായി പ്രൊഫൈലിൽ പറയുന്നു. എന്നാൽ ഈ വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എഎഫ്പി വ്യക്തമാക്കിയിരുന്നു.
പിന്നീട് സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് ഇന്റർനാഷണലിന്റെ മുതിർന്ന എക്‌സിക്യൂട്ടീവായി ആലിസ് ഹുവാങ് പ്രവർത്തിച്ചു. നിർമിതബുദ്ധി സംവിധാനങ്ങൾ പരിശീലിപ്പിക്കാനും പ്രവർത്തിപ്പിക്കാനും ആവശ്യമായ കംപ്യൂട്ടിങ് ശേഷി വാടകയ്ക്ക് നൽകുന്ന കമ്പനിയാണ് മെഗാസ്പീഡ്. ഏഷ്യ-പസഫിക് മേഖലയിലെ എൻവിഡിയയുടെ കംപ്യൂട്ടിങ് പവർ ക്ലൗഡ് ബിസിനസിന്റെ പ്രധാന പങ്കാളിയാണ് തങ്ങളെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റിലെ അവകാശവാദം. എൻവിഡിയ പ്രോസസറുകൾ ചൈനയിലേക്ക് കയറ്റുമതി ചെയ്യാൻ നിയന്ത്രണമുണ്ട്. എന്നാൽ നിയന്ത്രണം മറികടക്കാൻ മെഗാസ്പീഡ് സഹായിച്ചെന്ന സംശയത്തെത്തുടർന്ന് 2024 മുതൽ അമേരിക്കൻ സർക്കാർ കമ്പനിയെ നിരീക്ഷിച്ചുവരികയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
2025-ൽ മെഗാസ്പീഡുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിംഗപ്പൂർ അധികൃതർ ആലിസ് ഹുവാങിനെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ചൈനീസ് ഗെയിമിങ് കമ്പനിയിൽനിന്ന് വേർപെട്ടാണ് മെഗാസ്പീഡ് രൂപംകൊണ്ടതെന്നും പിന്നീട് എഐ ഡാറ്റാ സെന്റർ മേഖലയിലേക്ക് വളർന്നതാണെന്നും ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. രണ്ട് വർഷത്തിനിടെ 480 കോടി ഡോളറിലധികം മൂല്യമുള്ള എൻവിഡിയ ചിപ്പുകൾ കമ്പനി വാങ്ങിയതായി ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു. ആഗോള എഐ ചിപ്പ് വിപണിയിൽ കമ്പനിയുടെ ഇടപെടലുകൾ ഇതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
ചൈനയുടെ സൈനികവും സാങ്കേതികവുമായ ശേഷി വർധിപ്പിക്കാൻ അത്യാധുനിക എഐ പ്രോസസറുകൾ സഹായിക്കുമെന്ന ആശങ്കയിലാണ് അമേരിക്ക ഇവയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ അനുമതിയില്ലാതെ ഇത്തരം ചിപ്പുകൾ ചൈനയിലെത്തുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നമായാണ് യുഎസ് സർക്കാർ കാണുന്നത്. നിയമവിരുദ്ധമായി ചിപ്പുകൾ കൈമാറിയെന്ന ആരോപണം മെഗാസ്പീഡ് 2025 ഡിസംബറിൽ നിഷേധിച്ചിരുന്നു. ബ്ലൂംബെർഗിന്റെ റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. ചട്ടവിരുദ്ധമായ ഇടപാടുകൾ നടന്നതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് എൻവിഡിയയും നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം ആലിസ് ഹുവാങും ജെൻസൻ ഹുവാങും തമ്മിലുള്ള ബന്ധം ചൈനീസ് ചാരപ്രവർത്തനത്തിന്റെ ഭാഗമായിരുന്നോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സംശയങ്ങളും മാധ്യമറിപ്പോർട്ടുകളുമാണ് വിവാദത്തിന് ആധാരം. ലോകത്തെ ഏറ്റവും സ്വാധീനമുള്ള സാങ്കേതികവിദ്യാ കമ്പനികളിലൊന്നിന്റെ മേധാവിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ആഗോള എഐ ചിപ്പ് വ്യവസായലോകവും ഉറ്റുനോക്കുകയാണ്.
Content Highlights: Reports reveal further details on Nvidia CEO Jensen Huang's affair with suspected Chinese spy Alice Huang, involving public appearances and multi-billion dollar chip deals currently probed by US intelligence.
Published: 09 Nov 2026, 02:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented