
ഇ-ഗവേണന്‍സിലും സാക്ഷരതയിലുമൊക്കെ മുന്നിലെന്നതുപോലെ സ്റ്റാര്‍ട്ടപ്പ് കാര്യത്തിലും മുമ്പേ പറക്കാനുള്ള നടപടികളാണ് നാം കൈക്കൊണ്ടത്. ഇതിന്റെ തുടക്കമായിരുന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതിയോടെ ആരംഭിച്ച ടെക്നോപാര്‍ക്ക് ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്റര്‍. ഇത് പിന്നീട് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുളള നോഡല്‍ ഏജന്‍സിയായി. അതുകഴിഞ്ഞ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനായും മാറി. സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് യുവാക്കള്‍ക്ക് ധൈര്യം നല്‍കിയത് സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നു വേണമെങ്കില്‍ പറയാം. മിഷന്‍ നല്‍കിയ ഈ ധൈര്യമാണ് രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം അയ്യായിരത്തിലെത്താന്‍ വഴിയൊരുക്കിയത്.
മികച്ച ആശയങ്ങള്‍ കണ്ടെത്തി അവയെ സംരംഭകത്വത്തിലേക്ക് നയിച്ച്, പിന്തുണച്ച്, പരിപോഷിപ്പിച്ച് മികച്ച സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള നിരവധി പരിപാടികള്‍ വന്നതോടെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നത് സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥാപനമായി തന്നെ വളര്‍ന്നു. നിരവധി ഇന്‍കുബേറ്ററുകളും ഇന്നൊവേഷന്‍ സോണുകളും ഉള്‍പ്പടെ മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങള്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വന്നതോടെ പുത്തന്‍ സംരംഭം എന്ന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങി. സോഫ്റ്റ്വെയറുകള്‍ക്ക് മാത്രമല്ല, ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്റ്റാര്‍ട്ടപ്പ് മിഷന്‍ പിന്തുണ നല്‍കിത്തുടങ്ങി. ഫാബ് ലാബുകളും സൂപ്പര്‍ ഫാബ് ലാബുകളുമൊക്കെ വന്നതോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം വളര്‍ന്നു. കാമ്പസ്സുകളില്‍ നിന്നു തന്നെ സംരഭകരെ സൃഷ്ടിക്കുന്ന മായാജാലം ഇതിലൂടെ കേരളത്തിന് കാണാനുമായി.
നൂതനത്വമുള്ള സംരംഭങ്ങള്‍ക്കായി പ്രോത്സാഹനം നല്‍കുന്ന നടപടികളാണ് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മുന്നേറ്റത്തിന് കരുത്താകുന്നത്. സര്‍ക്കാര്‍ അവതരിപ്പിച്ച ഇന്നൊവേഷന്‍ ഗ്രാന്റ് പദ്ധതി സ്റ്റാര്‍ട്ടപ്പുകളെയും സംരംഭകരെയും തങ്ങളുടെ വേറിട്ട ആശയങ്ങളെ പൂര്‍ണ്ണരൂപത്തിലുള്ള വാണിജ്യ സംരംഭങ്ങളാക്കി മാറ്റാന്‍ സഹായിച്ചു. മികച്ച ആശയവുമായി വരുന്നവര്‍ക്ക്, ഉത്പന്നത്തിന്റെ ആദ്യരൂപം തയ്യാറാക്കി അതിനെ ഒരു പൂര്‍ണ്ണതോതിലുള്ള വ്യവസായമാക്കി മാറ്റാനുള്ള പോക്കറ്റ് മണിയായിട്ടാണ് ഇന്നൊവേഷന്‍ ഗ്രാന്റ് അനുവദിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി രണ്ട് ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെ നല്‍കുന്നുണ്ട്. ഇന്നൊവേഷന്‍ ഗ്രാന്റിനായി ഇതുവരെ ലഭിച്ച 9000-ല്‍ അധികം അപേക്ഷകളില്‍ നിന്ന് 709 ആശയങ്ങള്‍ തിരഞ്ഞെടുക്കപ്പെടുകയും 38 കോടി രൂപയുടെ ധനസഹായം അനുവദിക്കുകയും ചെയ്തു. കൂടാതെ സീഡ് ഫണ്ട്, ഫണ്ട് ഒഫ് ഫണ്ട്, റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഗ്രാന്റ്, വാടക സബ്സിഡി തുടങ്ങിയവ നല്‍കുന്നു. ഇത്തരത്തില്‍ ആശയ ഘട്ടം മുതല്‍ ഉത്പന്നം വിപണയില്‍ എത്തിക്കുന്നതുവരെയുളള സമയത്ത് പൂര്‍ണ പിന്തുണയാണ് സംരംഭകര്‍ക്ക് ലഭിക്കുന്നത് എന്നത് ചെറിയ കാര്യമല്ലെന്നും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര വായ്പയുപയോഗിച്ചും ഇസാഫ് പോലുള്ളവയുടെ വനിതാ സംരംഭകത്വ പദ്ധതികള്‍ വഴിയും സ്റ്റാര്‍ട്ടപ്പുകളുമായി എത്താന്‍ ശ്രമിക്കുന്നവരും കുറവല്ല.
10 ലക്ഷം ചതുരശ്രയടി, 63 ഇന്‍കുബേറ്ററുകള്‍
ആശയങ്ങളുമായെത്തി അവയെ ഉത്പന്നങ്ങളായി വികസിപ്പിക്കുന്ന ഘട്ടത്തിനായി 63 ഇന്‍കുബേറ്ററുകളുടെ ശൃംഖലയാണ് ഇന്ന് കേരളത്തിലുള്ളത്. പ്രമുഖ കോളേജുകളിലും സര്‍വകലാശാലകളിലുമായി ഇത് പ്രവര്‍ത്തിക്കുന്നു. ഐ.ടി, ഐ.ടി.ഇ.എസ്, ബയോടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്, എ.ആര്‍/വി.ആര്‍, ഫിന്‍ടെക്, റൊബോട്ടിക്സ് എന്നിങ്ങനെ നാല്‍പതിലധികം വരുന്ന സെക്ടറുകളിലായി തന്നെ ഇന്‍കുബേറ്ററുകളുണ്ട്. എറണാകുളത്തും തിരുവന്തപുരത്തുമാണ് കൂടുതലുളളതെങ്കിലും എല്ലാ ജില്ലകളിലും ഇവയുള്ളത് സംരംഭക തല്‍പരര്‍ക്ക് സഹായകരമാകുന്നുണ്ട്. കൂടാതെ ഒരു സൂപ്പര്‍ ഫാബ് ലാബ്, മൂന്ന് ഫാബ് ലാബുകള്‍, 22 മിനി ഫാബ് ലാബുകള്‍, 20 ഇന്റര്‍നെറ്റ് ഒഫ് തിങ്സ് ലാബുകള്‍, 15-ല്‍ അധികം കോ-വര്‍ക്കിംഗ് സ്പേസുകള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍വേറെയും. അതുകൊണ്ടുതന്നെയാണ് കേരളത്തില്‍ കൂടുതല്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തുവരുന്നതും.
'ഫെയില്‍ ഫാസ്റ്റ് ഒര്‍ സക്സീഡ്' എന്ന പരിപാടിയിലൂടെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്നോട്ടുവയ്ക്കുന്നത് കൃത്യമായ ആശയവുമായി എത്തി വിജയത്തിലേക്കെത്തുക എന്നതാണ്. അല്ലാതെയുളളവര്‍ പെട്ടന്ന് തന്നെ പരാജയത്തിലേക്ക് നീങ്ങി അത് വിജയത്തിലേക്കുളള വഴിയാക്കണം. സ്റ്റാര്‍ട്ടപ്പുകള്‍ അടുത്ത ഘട്ടത്തിലേക്ക് എത്തുന്നതിനുള്ള ഏറ്റവും ക്രിയാത്മകമായ പരിപാടിയായിട്ടാണ് ഇതിനെ കാണുന്നത്. കൂടാതെ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിയില്‍ വ്യവസായ സംവിധാനങ്ങളെക്കൂടി ഉള്‍പ്പെടുത്തി സംരംഭകര്‍ക്ക് ആവശ്യമായ വ്യാവസായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ട്. വന്‍കിട കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് സ്റ്റാര്‍ട്ടപ്പുകളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളും ഒരു വിഭാഗം സ്റ്റാര്‍ട്ടപ്പുകള്‍ക്കെങ്കിലും ഗുണകരമാണ്.
പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രംഗപ്രവേശം നടത്താനുതകുന്ന തരത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതും യുവതയെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നു. ഹഡില്‍ ഗ്ലോബലാണ് അതില്‍ പ്രധാനം. ഇന്ത്യയിലെ വന്‍കിട നിക്ഷേപകരം സാങ്കേതിക രംഗത്തെ വിദഗദ്ധരും നൂതനാശയമുള്ളവരുമൊക്കെ ഒത്തുചേരുന്ന ഹഡില്‍ ഗ്ലോബലില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകിലേക്ക് നിക്ഷേപവും വരുന്നുണ്ട്. സീഡിംഗ് കേരള, ഫിന്‍ടെക് സമ്മിറ്റ്, ഹെല്‍ത്ത് സമ്മിറ്റ്, പ്രൊക്യുര്‍മെന്റ് സമ്മിറ്റ്, ഇന്‍വെസ്റ്റര്‍ കഫെ, മീറ്റപ് കഫെ എന്നിവയൊക്കെ പുതിയ സ്റ്റാര്‍ട്ടപ്പുള്‍ ജനിക്കാനും നേരത്തെ വന്നവയ്ക്ക് വളരാനുമുള്ള വഴിയൊരുക്കുന്നു.
കേരളത്തില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ വിജയശതമാനം കൂടുതലാണെന്നാണ് ഈ രംഗത്തുളളവര്‍ ചൂണ്ടിക്കാട്ടുന്നത്. അതിന് മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ സഹായിക്കുന്നുണ്ട്. എങ്കിലും എല്ലാ സംസ്ഥാനങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മികച്ച സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ അവരുമായി മത്സരിച്ചുവേണം നമുക്ക് മികച്ചതെന്ന സ്ഥാനം നിലര്‍ത്താന്‍.അതിനായി ഇനി എന്തൊക്കെയാണ് വേണ്ടതെന്നും പുതിയ ഐ.ടി നയത്തില്‍ എന്തൊക്കെ ഉണ്ടാകുമെന്നതും നാളെ വിലയിരുത്താം.
(തുടരും)
സര്‍ക്കാര്‍ തന്നെ വിപണി
ആശയങ്ങള്‍ ഉത്പന്നങ്ങളായിക്കഴിഞ്ഞാലും അവയ്ക്ക് കമ്പോളം കണ്ടെത്തുകയെന്നതാണ് പ്രയാസം. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതാടെ സര്‍ക്കാര്‍ തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള കമ്പോളമായി മാറിക്കഴിഞ്ഞു. 2017-ലെ ഐ.ടി നയത്തിലൂടെയാണ് കേരളത്തില്‍ ഇത്തരത്തിലൊരു സംവിധാനമുണ്ടായത്. നിശ്ചിത തുകവരെയുള്ള സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വാങ്ങുന്നതിന് ടെണ്ടറിന്റെ ആവശ്യമില്ലെന്നത് പല സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങള്‍ക്കും പിടിച്ചുനില്‍ക്കുന്നതിന് വഴിയൊരുക്കി. പൊതു ടെണ്ടറുകളില്‍ പങ്കെടുക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവുകള്‍ നല്‍കി. ടെണ്ടര്‍ ഫീസിനത്തിലും നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിലും ഇത്തരം സംരംഭങ്ങള്‍ക്ക് ഇളവു നല്‍കി. മുന്‍പരിചയവും മറ്റും വേണ്ടെന്നും വന്നതോടെ പല സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകളിലേക്കെത്തി. നിലവില്‍ 105 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് 114 സര്‍ക്കാര്‍് വകുപ്പുകള്‍ നേരിട്ട് ഉത്പന്നങ്ങളോ സേവനങ്ങളോ വാങ്ങിക്കഴിഞ്ഞു. 205 വര്‍ക്ക് ഓഡറുകളും ലഭിച്ചിട്ടുണ്ട്. 16.28 കോടി രൂപയുടേതാണ് ഇതെന്നാണ് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ കണക്ക്.
**********************************
Content Highlights: kerala startup development
Published: 18 Jan 2024, 02:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented