ബെംഗളൂരു: ഭിന്നശേഷി-പുനരധിവാസ ഉപകരണ നിർമാണ രംഗത്തെ ആഗോള ഭീമന്മാരായ അമേരിക്കൻ കമ്പനി പ്രൈഡ് മൊബിലിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചു ഇന്ത്യയിലെ ആദ്യ തനത് ഇലക്ട്രിക് വീൽചെയർ നിർമാതാക്കളായ ഓസ്ട്രിച്ച് മൊബിലിറ്റി. പ്രൈഡിന്റെ ജാസി, ക്വാണ്ടം റീഹാബ് തുടങ്ങിയ ലോകോത്തര പുനരധിവാസ ഉൽപ്പന്നങ്ങൾ ഓസ്ട്രിച്ചിന്റെ വിപുലമായ വിപണന ശൃംഖല വഴി ഇന്ത്യയിലുടനീളം ലഭ്യമാക്കുന്നതിനാണ് ഇരു കമ്പനികളും ധാരണാപത്രം ഒപ്പുവെച്ചത്. ലോകോത്തര മൊബിലിറ്റി സൊല്യൂഷനുകൾ മിതമായ നിരക്കിൽ ലഭ്യമാക്കി രാജ്യത്തെ വയോധികരുടെയും ഭിന്നശേഷിക്കാരുടെയും ജീവിതനിലവാരം ഉയർത്തുകയാണ് പങ്കാളിത്ത ലക്ഷ്യം. തദ്ദേശീയ എൻജിനീയറിങ് മികവിനെ ആഗോള സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ച് കൂടുതൽ ഭിന്നശേഷിക്കാരിലേക്ക് ആധുനിക മൊബിലിറ്റി സൊല്യൂഷനുകൾ എത്തിക്കാൻ പുതിയ സഹകരണത്തിലൂടെ സാധിക്കുമെന്ന് കമ്പനി സിഇഒ വേണു കൃഷ്ണൻ വ്യക്തമാക്കി.
മലയാളികളായ വേണു, ബിനു, ശ്രീജിത്ത്, ഹർഷ, ഹരി എന്നിവർ ചേർന്ന് 2007-ൽ ആരംഭിച്ച സ്ഥാപനമാണ് ഓസ്ട്രിച്ച്. മാരുതി ബലേനോ കാറിന്റെ വൈപ്പർ മോട്ടോറിൽ ആദ്യ പ്രോട്ടോടൈപ്പ് നിർമിച്ച് തുടങ്ങിയ കമ്പനി ഇന്ന് 22,000-ത്തിലധികം ഉപയോക്താക്കളുടെ ആശ്രയമാണ്. ബാംഗ്ലൂർ ഡെയ്സ്, വസീർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ഉത്പന്നം ഹാർവാർഡ് ബിസിനസ് സ്കൂളിൽ കേസ് സ്റ്റഡിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സിഡ്ബി-ഇ.ടി എം.എസ്.എം.ഇ അവാർഡ്, ഇ.ടി നൗ ലീഡേഴ്സ് ഓഫ് ടുമോറോ അടക്കമുള്ള ദേശീയ പുരസ്കാരങ്ങളും കമ്പനിയെ തേടിയെത്തി.
കേന്ദ്ര ഘനവ്യവസായ മന്ത്രാലയം, ഐ.ഐ.ടി. മദ്രാസ്, ഐ.ഐ.ടി. കാൺപൂർ എന്നിവയുമായി ചേർന്നുള്ള സാങ്കേതികവിദ്യകളും തകരാറിലായാൽ വീട്ടുപടിക്കൽ സേവനമെത്തിക്കുന്ന ആജീവനാന്ത ഡോർസ്റ്റെപ്പ് സർവീസുമാണ് ഓസ്ട്രിച്ചിന്റെ സവിശേഷത. വ്യക്തികളുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുർഘട പാതകളിൽ സുരക്ഷിത യാത്രയൊരുക്കുന്ന സ്പ്ലിറ്റ് ഫ്രെയിം സസ്പെൻഷൻ ടെക്നോളജി, ഇടുങ്ങിയ സ്ഥലങ്ങളിലും ചെറിയ ശുചിമുറികളിലും സുഗമമായി തിരിയാൻ സഹായിക്കുന്ന ജോയ്സ്റ്റിക് അധിഷ്ഠിത 'ഓട്ടോമാറ്റിക് വീൽബേസ് അഡ്ജസ്റ്റർ' എന്നീ പേറ്റന്റ് നേടിയ സാങ്കേതികവിദ്യകളാണ് വീൽചെയറിൽ ഉപയോഗിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യൻ പ്രതിരോധ സേനയുടെ കാന്റീൻ വഴിയും ആക്സെഞ്ചർ, ടാർഗെറ്റ്, സിസ്കോ, മെഴ്സിഡസ്-ബെൻസ്, എബിബി തുടങ്ങിയ പ്രമുഖ കമ്പനികളുടെ സി.എസ്.ആർ പദ്ധതികൾ വഴിയും ഓസ്ട്രിച്ച് ഉത്പന്നം വിതരണം ചെയ്യുന്നുണ്ട്.
Content Highlights: India's first indigenous electric wheelchair manufacturer, Ostrich Mobility, has signed an MoU with US-based Pride Mobility to make world-class rehabilitation products available across India, aiming to improve the quality of life for the elderly and disabled.
Published: 16 Oct 2026, 06:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented