എഐ കമ്പനിയായ ഓപ്പൺഎഐയെ ബഹിഷ്കരിക്കാൻ ഗണിതശാസ്ത്രജ്ഞരുടെ ആഹ്വാനം. 370-ലധികം ഗണിതശാസ്ത്രപ്രശ്നങ്ങൾ പരിഹരിക്കുകയും ഈ ഫലങ്ങൾ ഉൾപ്പെടുന്ന 700-ലധികം ഫയലുകൾ കമ്പനി പുറത്തുവിടുകയും ചെയ്തതിന് പിന്നാലെയാണ് കമ്പനിയെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഗണിത ശാസ്ത്രജ്ഞർ രംഗത്തുവന്നത്. യു.എസ്. അധിഷ്ഠിതമായ 'അസോസിയേഷൻ ഫോർ ഹ്യൂമൻ മാത്തമാറ്റിക്സ്' (AHM) എന്ന സംഘടനയാണ് ഓപ്പൺഎഐയുമായി ചേർന്ന് പ്രവർത്തിക്കുന്നത് നിർത്തിവെക്കാൻ ഗവേഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

To advertise here,

ഈ ജോലി ചെയ്യാൻ ഗണിതശാസ്ത്രജ്ഞർ ആവശ്യപ്പെട്ടിട്ടില്ല. എഐ നിർമിത ഗണിതശാസ്ത്ര ഗവേഷണത്തിലുള്ള കമ്പനിയുടെ സമീപനത്തേയും ശാസ്ത്രജ്ഞർ വിമർശിച്ചു. ഒരേസമയം 700-ലധികം ഫയലുകൾ പുറത്തുവിട്ടത് പണ്ഡിതോചിതമല്ലെന്നും മറിച്ച് കമ്പനിയുടെ 'അധികാര പ്രകടനം' മാത്രമാണെന്നും സംഘടന ആരോപിച്ചു. അഡ്വാൻസ്ഡ് എഐ മോഡലുകളിൽ സങ്കീർണമായ ഗണിത പ്രശ്നങ്ങൾ പരീക്ഷിക്കരുതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയിലെ അഡ്വൈസറി ഗ്രൂപ്പ് ഓൺ മാത്തമാറ്റിക്സ് ആൻഡ് നിർമിത ബുദ്ധി (AGMAI) നൽകിയ നിർദേശം ഓപ്പൺഎഐ അവഗണിച്ചതായി എ.എച്ച്.എം. ചൂണ്ടിക്കാട്ടി.

വൻകിട എഐ കമ്പനികൾക്ക് മാത്രം പ്രവേശനമുള്ള ശക്തമായ മോഡലുകൾ ഉപയോഗിച്ച് ഗവേഷണം നടത്തുന്നത് വഴി, ഗണിതശാസ്ത്രജ്ഞരെ രണ്ടാംതരക്കാരാക്കി മാറ്റി നിർത്തുന്ന അവസ്ഥയിലേക്ക് നയിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. എഐ കമ്പനികളിലെ ഗവേഷകർക്ക് ശക്തമായ എഐ മോഡലുകളിലേക്ക് പ്രവേശം ലഭിക്കുകയും മറ്റ് ഗണിതശാസ്ത്രജ്ഞർക്ക് അത് ലഭിക്കാത്ത സ്ഥിതിയുണ്ടാവുകയും ചെയ്യുന്നു. അതുവഴി എഐ കമ്പനികളിലെ ഗവേഷകർക്ക് സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മേൽക്കൈ ലഭിക്കുമെന്നും ഈ സംവിധാനങ്ങളിലേക്ക് തുല്യമായ പ്രവേശനം വേണമെന്നും സംഘടന ആവശ്യപ്പെടുന്നു.

മുമ്പ് അതിസങ്കീർണമായ ഗണിതശാസ്ത്ര പ്രശ്നങ്ങളിലൊന്നായ നാവിയർ-സ്റ്റോക്സ് (Navier-Stokes) സമസ്യ പരിഹരിച്ചതായി ഓപ്പൺഎഐ അവകാശപ്പെട്ടപ്പോഴും, ഇതിലെ സ്വതന്ത്ര പരിശോധനയുടെയും സുതാര്യതയുടെയും അഭാവം മുൻനിർത്തി ശാസ്ത്രലോകം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതേസമയം, ഗണിതശാസ്ത്ര ഫലങ്ങൾ പുറത്തുവിടുന്ന തീരുമാനമെടുക്കും മുമ്പ് അഡ്വൈസറി ഗ്രൂപ്പുമായി ആലോചിച്ചിരുന്നുവെന്നും അവരുടെ നിർദേശങ്ങളും പൊതുനിർദേശങ്ങളും പരിഗണിച്ചാണ് ഫലങ്ങൾ പുറത്തുവിട്ടതെന്നും ഓപ്പൺഎഐ പറഞ്ഞു. ഗിറ്റ്ഹബ്ബിൽ (GitHub) ഈ ഗണിതശാസ്ത്രഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ കംപ്യൂട്ടർ വഴി ഈ തെളിവുകൾ പരിശോധിക്കാൻ അനുവദിക്കുന്ന ലീനിൽ (Lean) ഇവയിൽ പലതിന്റേയും തെളിവുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എഐ ഉപയോഗിച്ച് നടത്തിയ ഗവേഷണത്തിന്റെ സംഗ്രഹങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ചാറ്റ്ജിപിടി പ്രോയുടെ ഏകദേശം മൂന്ന് മണിക്കൂർ ചിന്തയ്ക്ക് തുല്യമായ ശേഷിയാണ് ഫലം കണ്ടെത്തുന്നതിന് ശരാശരി ആവശ്യമായി വന്നതെന്ന് ഓപ്പൺഎഐ പറഞ്ഞു.