എഐ ടൂളുകളുടെ സഹായത്തോടെ രചിക്കുന്ന പുസ്തകങ്ങൾക്കായി പുതിയ സാഹിത്യ പുരസ്‌കാരം ആരംഭിച്ചു. ഫ്രഞ്ച് ഭാഷയിലുള്ള കൃതികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന ‘പ്രി പാസ്കൽ ഡി ലിറ്ററേച്ചർ ഐഎ’ (Prix Pascal de Littérature IA) എന്ന ഈ പുരസ്‌കാരം ലഭിക്കുന്ന കൃതി പ്രസിദ്ധീകരിക്കുമെന്നാണ് സംഘാടകരുടെ പ്രഖ്യാപനം. ടെക് സംരംഭകരായ ഫിലിപ്പ് റോഡ്രിഗസ്, ആൽബിൻ സെർവിയന്റ്, ഗില്ലസ് മെൻട്രെ എന്നിവരാണ് പുരസ്‌കാരത്തിന് തുടക്കമിട്ടത്.

To advertise here,

10,000 മുതൽ 50,000 വരെ വാക്കുകളുള്ള, ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത രചനാസൃഷ്ടികളാണ് മത്സരത്തിന് സമർപ്പിക്കേണ്ടത്. രചനയ്ക്കായി ഉപയോഗിച്ച എഐ മോഡലിന്റെ പേരും നൽകിയ പ്രോംപ്റ്റിന്റെ വിവരങ്ങളും സമർപ്പിക്കണം. ചാറ്റ്ജിപിടി (ChatGPT), ക്ലോഡ് (Claude), ജെമിനി (Gemini), ലാമ (LLaMA) എന്നിവയുൾപ്പെടെയുള്ള പ്രധാന ഭാഷാ മോഡലുകൾ ഉപയോഗിക്കാം. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. എന്നാൽ രചനകൾ ഫ്രഞ്ച് ഭാഷയിലായിരിക്കണം.

ഫ്രഞ്ച് ബഹുമുഖ പ്രതിഭയും ആദ്യകാല മെക്കാനിക്കൽ കാൽക്കുലേറ്ററുകളിലൊന്ന് വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ച ബ്ലെയ്‌സ് പാസ്കലിന്റെ (Blaise Pascal) പേരിലാണ് പുരസ്‌കാരം അറിയപ്പെടുന്നത്.

മത്സരത്തിന്റെ നിബന്ധനകൾ പ്രകാരം സമർപ്പിക്കുന്ന കൃതി ഫിക്ഷൻ വിഭാഗത്തിലുള്ളതായിരിക്കണം. അതേസമയം, മനുഷ്യരാശി നേരിടുന്ന ഏതെങ്കിലും ധാർമികമോ സാമൂഹികമോ പാരിസ്ഥിതികമോ ആയ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ആശയങ്ങൾ രചനയിൽ ഉൾപ്പെട്ടിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

വിവാദങ്ങൾക്കിടെ പുതിയ പുരസ്കാരം

സാഹിത്യ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട് എഐ ഉപയോഗത്തെച്ചൊല്ലി വിവാദങ്ങൾ നിലനിൽക്കെയാണ് പുതിയ പുരസ്‌കാരത്തിന്റെ പ്രഖ്യാപനം. കോമൺവെൽത്ത് ചെറുകഥാ പുരസ്‌കാരം, കെയ്ൻ പുരസ്‌കാരം, ഫ്രാൻസിലെ ഏറ്റവും പ്രമുഖ സാഹിത്യ പുരസ്‌കാരമായ പ്രി ഗൊൻകൂർ (Prix Goncourt) എന്നിവയിലെ ഫൈനലിസ്റ്റുകളുടെയും വിജയികളുടെയും രചനകളിൽ എഐ ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

ചൊവ്വാഴ്ചയാണ് പ്രി പാസ്കലിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയത്. പുരസ്‌കാരത്തിന്റെ വെബ്‌സൈറ്റ് വഴി രചനകൾ സമർപ്പിക്കാം. നവംബർ അവസാനത്തോടെ അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിക്കും. തുടർന്ന് 10 കൃതികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ഡിസംബർ ആദ്യം വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും.

എഴുത്തുകാർ, നിരൂപകർ, മാധ്യമപ്രവർത്തകർ, തത്ത്വചിന്തകർ, പ്രസാധകർ എന്നിവരടങ്ങുന്ന അഞ്ചോ ആറോ അംഗ ജൂറിയാണ് വിജയിയെ തിരഞ്ഞെടുക്കുക. ജൂറി അംഗങ്ങളുടെ പേരുകൾ നവംബർ ആദ്യം പ്രഖ്യാപിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.