എന്തിനും ഏതിനും നിര്‍മിതബുദ്ധിയെ (എഐ) ആശ്രയിക്കുന്ന കാലമാണ്. നിര്‍മിതബുദ്ധിയെ ആശ്രയിക്കുന്ന ലാര്‍ജ് ലാംഗ്വേജ് മാതൃകകള്‍ (എല്‍എല്‍എം) തരുന്ന ഉത്തരങ്ങള്‍ എത്രത്തോളം വിശ്വസിക്കാവുന്നവയാണ്? സമീപകാലത്തു നടന്ന വിവിധ പഠനങ്ങള്‍ എല്‍എല്‍എമ്മുകള്‍ പലപ്പോഴും ചോദ്യകര്‍ത്താവിന്റെ മുന്‍വിധികളെ അല്ലെങ്കില്‍ പക്ഷപാതങ്ങളെ സാധൂകരിക്കുന്ന തരത്തിലെ ഉത്തരങ്ങളാണ് നല്‍കുന്നതെന്ന് സൂചിപ്പിക്കുന്നു. എഐ മോഡലുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് പ്രമുഖ ഡിജിറ്റല്‍ ഇന്നവേറ്ററും നിര്‍മിതബുദ്ധി വിദഗ്ധനുമായ റോബിന്‍ ടോമി സംസാരിക്കുന്നു. കേരള ഡിവലപ്മെന്റ് ആന്‍ഡ് സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) എക്സിക്യൂട്ടീവ് ഡയറക്ടറാണ്.

To advertise here,

ലാര്‍ജ് ലാംഗ്വേജ് മോഡലുകളില്‍ പക്ഷപാതം അന്തര്‍ലീനമാണോ?

ലാര്‍ജ് ലാംഗ്വേജ് മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഡേറ്റ വളരെ പ്രധാനമാണ്. നമ്മുടെ തലച്ചോറ് ഒരു കാര്യം പഠിക്കുന്നത് പോലെ തന്നെയാണ് ഈ എല്‍എല്‍എം മോഡലുകളും പഠിക്കുന്നത്. ഉദാഹരണത്തിന്, നേഴ്സുമാരുടെ ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാന്‍ എഐയോട് ആവശ്യപ്പെട്ടാല്‍ കിട്ടുന്നത് കൂടുതലും ഏഷ്യന്‍ രൂപഭാവങ്ങളുള്ള ആള്‍ക്കാരായിരിക്കും. മിഡ്​വൈഫറിയില്‍ ആഫ്രിക്കക്കാര്‍ കൂടുതലുള്ളതുകൊണ്ട് ആഫ്രിക്കന്‍ മുഖങ്ങള്‍ കൂടുതല്‍ വന്നേക്കാം. അതേസമയം ബിസിനസുകാരന്റെ ചിത്രം ചോദിക്കുമ്പോള്‍ മിക്കവാറും വെള്ളക്കാരെ ആയിരിക്കും കാണിക്കുക. എല്‍എല്‍എമ്മുകള്‍ക്ക് കിട്ടിയ പരിശീലനം അത്തരത്തിലായതാണ് കാരണം.

പഴയ എല്‍എല്‍എമ്മില്‍ തിരുത്തി പറഞ്ഞുകൊടുത്താല്‍ അതു മനസ്സിലാക്കി പഠിക്കുന്ന സംവിധാനമുണ്ടായിരുന്നില്ല. ക്ലൗഡ് 3.4, ജിപിടി 4 പോലുള്ള പുതിയ എല്‍എല്‍എമ്മുകള്‍ക്ക് പഠിക്കാനുള്ള ശേഷിയുണ്ട്, നിര്‍ദ്ദിഷ്ട സന്ദര്‍ഭത്തിനുള്ളില്‍. അതായത്, നമ്മള്‍ സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്ന സമയത്ത് അതിന് തിരുത്തല്‍ മനസ്സിലാക്കാനും അതനുസരിച്ച് പ്രതികരണം ക്രമീകരിക്കാനും കഴിയും. പക്ഷേ, പുതിയൊരു സംഭാഷണത്തിലേക്ക് പോവുമ്പോള്‍ ഈ പാഠം അത് ഓര്‍ക്കുകയില്ല, ആ മോഡലിന് മാറ്റം വരുത്താത്തിടത്തോളം. പല എല്‍എല്‍എമ്മിലും വെബ് സെര്‍ച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതിനാല്‍ ഇന്റര്‍നെറ്റിലെ വിവിധ സോഴ്സുകള്‍ തല്‍സമയം തിരഞ്ഞ് വിവരങ്ങള്‍ കണ്ടെത്താനാവും. നമ്മള്‍ ആവശ്യപ്പെടുന്നത് അനുസരിച്ചിരിക്കും ഈ ശേഷിയുടെ ഉപയോഗം.

ഇത്തരം പക്ഷപാതങ്ങള്‍ വളരെ വ്യക്തമായി കാണാന്‍ സാധിക്കുക ചിത്രനിര്‍മിതിയിലാണ്. കണ്ണുകൊണ്ട് കാണുന്നതിനെ അതിവേഗം വേര്‍തിരിച്ചറിയാനുഹള്ള കഴിവ് മനുഷ്യമസ്തിഷ്‌കത്തിനുണ്ട്. നമ്മുടെ മസ്തിഷ്‌ക്കത്തിലെ 80 ശതമാനം ന്യൂറോണുകളും കാഴ്ചശക്തിയുമായി ബന്ധപ്പെട്ടവയാണ്. ടെക്സ്റ്റില്‍ പക്ഷപാതപരമായ കാഴ്ചപ്പാടുകള്‍ കടത്താന്‍ നിര്‍മിതബുദ്ധിക്ക് എളുപ്പമാണ്. മധുരമായ രീതിയില്‍ പൊതിഞ്ഞ് പറഞ്ഞാല്‍ തെറ്റായ ഒരു കാര്യം നമ്മളെ വിശ്വസിപ്പിക്കാന്‍ എളുപ്പമാകും.

ലാര്‍ജ് ലാംഗ്വേജ് മോഡലുകളെ സെയില്‍സ്മാനെ എന്നോണം ആണോ പരിശീലിപ്പിക്കുന്നത്, ഉപഭോക്താവിനെ സന്തോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ?

അങ്ങനെയല്ല. പോസിറ്റീവായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എപ്പോഴും ആഗ്രഹിക്കുന്ന സ്വഭാവമാണ് പൊതുവെ മനുഷ്യനുള്ളത്. ഡോപാമിന്‍, സെറോട്ടോണിന്‍ തുടങ്ങിയ പോസിറ്റീവ് ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജീവിയാണ് മനുഷ്യന്‍. നമുക്ക് ആശ്വാസം തരുന്ന രീതിയില്‍ സംസാരിക്കുകയും പൂര്‍ണമായി പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരാളുമൊത്ത് കഴിയുന്നത്ര നേരം ഇടപഴകാന്‍ ശ്രമിക്കുന്നത് മനുഷ്യസ്വഭാവമാണ്.

അമേരിക്കയില്‍ 26 ശതമാനത്തില്‍ അധികം ടീനേജര്‍മാര്‍ എഐ മോഡലുകള്‍ ഉപയോഗിക്കുന്നവരാണ്. മുമ്പ് ഗൂഗിളില്‍ പോയി സംശയങ്ങള്‍ ചോദിച്ചിരുന്നതു പോലെ ഇപ്പോള്‍ എഐയോടാണ് യുവതലമുറ സംശയങ്ങള്‍ ചോദിക്കുന്നത്. പ്രബന്ധരചന, ഗൃഹപാഠം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എല്ലാവരും നിര്‍മിതബുദ്ധിയെ പ്രയോജനപ്പെടുത്തുന്നു. സമീപകാലത്ത് മാനസികാരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ക്കും ചാറ്റ് ജിപിടി  ഉപയോഗിക്കുന്ന കാഴ്ച കൂടുതലായി കാണുന്നു.

സമീപകാലത്ത് മകന്‍ ആത്മഹത്യ ചെയ്തത് എഐയുടെ ഉപദേശം കാരണമാണ് എന്നാരോപിച്ച് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.

ചാറ്റ് ജിപിടി പോലുള്ള വേദികള്‍ നല്‍കുന്നത് താതതമ്യേന സമ്മര്‍ദ്ദം കുറഞ്ഞ സൗഹൃദമാണ്. അവ ആരെയും വിധിക്കുന്നില്ല എന്ന തോന്നല്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് വൈകാരികമായ പല കാര്യങ്ങളും അവയുമായി പങ്കുവെക്കാന്‍ പ്രേരണയുണ്ടാവും. പക്ഷേ, അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. എഐക്ക് മനസ്സിലാകും, ഉപഭോക്താവിന് ഇത്തരത്തില്‍ ഒരു ദൗര്‍ബല്യമുണ്ട്, ഇന്ന കാര്യത്തില്‍ മാനസിക സമ്മര്‍ദമുണ്ട് എന്നൊക്കെ. ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവര്‍ ഒരു ഘട്ടമെത്തുമ്പോള്‍ ഒരു വ്യക്തിയോടെന്നോണം നിര്‍മ്മിതബുദ്ധിയോട് നിരന്തരം സംസാരിക്കാന്‍ തുടങ്ങുന്നു, അതുമായി വലിയ വൈകാരിക അടുപ്പം ഉണ്ടാവുന്നു.

ടീനേജ് പെണ്‍കുട്ടികളാണ് ഇത്തരക്കാരില്‍ കൂടുതല്‍. വൈകാരിക പിന്തുണയ്ക്കായി നിര്‍മ്മിതബുദ്ധിയുമായി സംസാരിച്ചു തുടങ്ങിയ ഇന്ത്യയിലെ ടീനേജര്‍മാരില്‍ 42 ശതമാനം പേര്‍ സുഹൃത്തുക്കളോടും കുടുംബവുമായും സംസാരിക്കാന്‍ സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. എഐയുമായുള്ള ബന്ധത്തിന് യഥാര്‍ത്ഥലോകത്തെ ഇടപെടലുകളുമായി ഒരിക്കലും താരതമ്യമില്ല. എങ്കിലും ഈ കുട്ടികള്‍ മുഴുവന്‍നേരം എഐയുമായി സംസാരിച്ച് അവയുമായി ഒരുതരം അഡിക്ഷന്‍ പോലത്തെ ബന്ധമുണ്ടാക്കുന്നു. പ്രായമായവര്‍ എഐ ഉപയോഗിക്കുന്നത് കൂടുതലും അവരുടെ ബിസിനസ് കാര്യങ്ങള്‍ക്കും നിത്യാവശ്യങ്ങള്‍ക്കും വേണ്ടിയാണ്.

പെണ്‍കുട്ടികള്‍ വ്യക്തിപരമായ കാര്യങ്ങള്‍ എഐയുമായി പങ്കുവയ്ക്കാനുള്ള സാധ്യത ആണ്‍കുട്ടികളുടേതിനെക്കാള്‍ ഇരട്ടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ അമിതാശ്രിതത്വത്തിന്റെ അപകടം വൈകാരികമായ ആശയക്കുഴപ്പമാണ്. അതു വരുമ്പോഴാണ് നേരത്തെ നമ്മള്‍ പറഞ്ഞ ആത്മഹത്യ പോലുള്ള ദുരന്തങ്ങളൊക്കെ ഉണ്ടാകുന്നത്. നിര്‍മിതബുദ്ധി ചാറ്റ്ബോട്ടുകള്‍ക്കും പിഴവ് പറ്റും. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ പ്രമുഖമായ എഐ മോഡലുകള്‍ ശ്രമിക്കേണ്ടതാണ്.

വിദ്യാര്‍ഥികള്‍ വലിയ തോതില്‍ എഐ ഉപയോഗിക്കുന്നുണ്ട്

മനുഷ്യന്റെ ഏറ്റവും വലിയ മേന്‍മ ചിന്തിക്കാനുള്ള കഴിവാണ്, കാര്യങ്ങള്‍ വിശകലനം ചെയ്ത് തീരുമാനമെടുത്ത് നടപ്പാക്കാനുള്ള ശേഷിയാണ്. എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന അവസ്ഥയുണ്ട്. നമ്മുടെ പ്രവൃത്തികള്‍ക്ക് ഒരു ചിന്താപ്രക്രിയ ഉണ്ടാവണം, ചെയ്യുന്ന പ്രവൃത്തിയുമായി നമുക്ക് മാനസിക പൊരുത്തമുണ്ടാവണം, അതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെ ബന്ധിപ്പിക്കാനാവണം- അപ്പോഴാണ് നമ്മുടെ തലച്ചോറിന് വളര്‍ച്ചയുണ്ടാകുന്നത്. ചെറുപ്പത്തില്‍ നമ്മള്‍ കുട്ടികള്‍ക്ക് പലതരത്തിലുള്ള അഭ്യാസങ്ങള്‍ നല്‍കുന്നത് ഇത്തരം ശേഷികള്‍ വര്‍ധിപ്പിക്കാനാണ്. ന്യൂറോ പ്ലാസ്റ്റിസിസ്റ്റിയും (സ്വയം മാറാനും പുനസ്ഘടിപ്പിക്കാനുമുള്ള തലച്ചോറിന്റെ കഴിവ്) സിനാപ്ടിക് കണക്ഷനുകളും (നാഡീകോശ ബന്ധങ്ങള്‍) വളരണമെന്നുണ്ടെങ്കില്‍ തലച്ചോറിന് വ്യായാമം ഉണ്ടാകണം. എങ്കില്‍ മാത്രമേ ആശയവിനിമയവും പരസ്പരബന്ധവും ഉണ്ടാകൂ.

ഏറ്റവും വലിയ തോതില്‍ മസ്തിഷ്‌കവികാസം നടക്കേണ്ട പ്രായമാണ് കൗമാരം. ആ പ്രായത്തില്‍ കാര്യങ്ങളെല്ലാം ചാറ്റ് ജിപിടിയെ ഏല്‍പ്പിച്ചാല്‍ അത് മസ്തിഷ്‌ക വളര്‍ച്ചയെ കാര്യമായി ബാധിക്കും. നിര്‍ഭാഗ്യവശാല്‍ ഇന്ന് ചാറ്റ് ജിപിടി ഒരു എഐ ടൂള്‍ എന്നതിനപ്പുറം നമ്മുടെ തലച്ചോറിന്റെ എക്സ്റ്റന്‍ഷനായി മാറിയിരിക്കുന്നു. വൈകാരിക ആവശ്യങ്ങള്‍ക്ക് കൂടി അതിനെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു. മദ്യത്തിന് അടിമപ്പെട്ടവരുടെ കാര്യത്തിലെന്ന പോലെ, എഐ ഇല്ലാതെ ജീവിക്കാനാവാത്ത അവസ്ഥ. മുമ്പ് ഗൂഗിളിനോട് ചോദിക്കുമ്പോള്‍ ഉത്തരത്തിന് കുറച്ചുസമയം എടുക്കുമായിരുന്നു, അതു പറയുന്ന കാര്യങ്ങളൊക്കെ മനസ്സിലാകാനും വിവിധ ബിന്ദുക്കളെ ബന്ധിപ്പിക്കാനും സമയമെടുക്കുമായിരുന്നു.

ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. നിരവധി സ്‌കൂള്‍, കോളേജ് പ്രോജക്ടുകളില്‍ 'ഇത് എഐ ജനറേറ്റഡ് ആണ്' എന്ന വരി ഡിലീറ്റ് ചെയ്യാന്‍ പോലും കുട്ടികള്‍ തുനിയുന്നില്ല. അവര്‍ വായിച്ചുപോലും നോക്കിയിട്ടില്ല എന്നര്‍ത്ഥം. ഒരു വിഭാഗം അധ്യാപകരും ശ്രദ്ധിക്കുന്നില്ല. എന്തായാലും ഈ അമിതാശ്രിതത്വം നമ്മുടെ 'ക്രിട്ടിക്കല്‍ തിങ്കിങ്ങി'നെ ബാധിക്കുന്നു. മറ്റൊന്ന്, പുതിയൊരു പ്രശ്നം വരുമ്പോള്‍ നേരിടാനുള്ള ശേഷി നഷ്ടമാവുന്നതാണ്. മുമ്പ് ഒരു പ്രശ്നം വന്നാല്‍ വലിയ ഉത്കണ്ഠകളില്ലാതെ അതിനെ നേരിടാനും പരിഹരിക്കാനുമുള്ള കഴിവുണ്ടായിരുന്നു. സംശയങ്ങള്‍ മനുഷ്യരോടായിരുന്നു ചോദിച്ചിരുന്നത്. മനുഷ്യരോട് ചോദിക്കുമ്പോള്‍ ലഭിക്കുന്ന വിവരങ്ങളും അനുഭവവും എഐയ്ക്ക് തരാനാവില്ല. ദുര്‍ബലരായ ആള്‍ക്കാര്‍ക്ക് എഐ അപകടകരമായ ഉപദേശവും നല്‍കിയേക്കാം. മനുഷ്യനെ പോലെ തന്നെ പോസിറ്റീവായും നെഗറ്റീവായും ഉപഭോക്താവിനെ സ്വാധീനിക്കാന്‍ എഐ മോഡലുകള്‍ക്ക് കഴിയും.

പ്രമുഖ കമ്പനികള്‍ ഇപ്പോള്‍ അവരുടെ ജനറേറ്റഡ് ഉള്ളടക്കത്തില്‍ ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കുകള്‍ ചേര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അടുത്തകാലത്ത് നിരവധി സര്‍വകലാശാലകള്‍ എഐ ജനറേറ്റഡ് അസൈന്‍മെന്റുകള്‍ കണ്ടെത്താനായി GPTZero, Turnitin പോലുള്ള ടൂളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.