
പാകിസ്താന് 40 അഞ്ചാം തലമുറ ജെ-35 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ നല്കാന് ചൈന. ഇതോടൊപ്പം മൂന്നാം തലമുറ നിരീക്ഷണ വിമാനമായ കെജെ-500, എച്ച്ക്യൂ 19 എന്ന ലോങ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവയും ചൈന നല്‍കും. ഇത് കൂടാതെ തുര്‍ക്കിയില്‍ നിന്ന് അഞ്ചാം തലമുറ കാന്‍ ടിഎഫ് സ്റ്റെല്‍ത്ത് യുദ്ധവിമാനവും വാങ്ങാന്‍ പാകിസ്താന് പദ്ധതിയുണ്ട്. പാകിസ്താനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന തുര്‍ക്കി ഈ ഇടപാടിന് പിന്തുണ നല്‍കിയേക്കും.
ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് പാകിസ്താന് വന്‍തോതില്‍ തങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുള്ള ശ്രമം നടത്തുന്നത്. നിലവില്‍ പാകിസ്താന് ഉപയോഗിച്ച ചൈനീസ് നിര്‍മിതമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നേരിടുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലോങ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളെ നേരിടാനുള്ള എച്ച്ക്യൂ 19 സംവിധാനം വാങ്ങുന്നത്.
ഇതോടെ സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ സ്വന്തമായുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി പാകിസ്താന് മാറും. സ്വന്തമായി അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) നിര്‍മിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ നടത്തുന്നുണ്ട്. മെയ് 27ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അതിനുള്ള അനുമതി നല്‍കിയിരുന്നു. ഇതിനിടെയാണ് പാകിസ്താന്റെ നീക്കം.
എന്താണ് സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍
റഡാര്‍, ഇന്‍ഫ്രാറെഡ് ഉള്‍പ്പടെയുള്ള നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ലക്ഷ്യസ്ഥാനം ഭേദിക്കാന്‍ കഴിവുള്ള യുദ്ധവിമാനങ്ങളാണ് സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍. ശത്രക്കളുടെ കണ്ണില്‍ പെടാതെ ദൗത്യങ്ങള്‍ നടപ്പാക്കുകയാണ് ഇതിന്റെ പ്രധാന ഉപയോഗം.
റഡാര്‍ സിഗ്നലുകളെ ആകിരണം ചെയ്യുന്ന ചില പ്രത്യേക കവചങ്ങള്‍ ഇത്തരം വിമാനങ്ങളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കാറുണ്ട്. ഇത് വ്യോമ നിരീക്ഷണ സംവിധാനങ്ങളില്‍ നിന്ന് വരുന്ന റഡാര്‍ സിഗ്നലുകളെ പ്രതിഫലിപ്പിക്കുന്നതിന് പകരം ആകിരണം ചെയ്യുന്നു.
സമാനമായി വിമാനങ്ങളുടെ താപനില തിരിച്ചറിയാനാവുന്ന ഇന്‍ഫ്രാറെഡ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളെ കണ്ണുവെട്ടിക്കുന്നതിന് എഞ്ചിനുകളെ തണുപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളും സ്റ്റെല്‍ത്ത് വിമാനത്തിലുണ്ടാവും.
പാകിസ്താന്റെ തയ്യാറെടുപ്പ്
കഴിഞ്ഞ ആറ് മാസക്കാലമായി തിരഞ്ഞെടുക്കപ്പെട്ട പാക് വ്യോമസേനാ പൈലറ്റുമാര്‍ ചൈനയില്‍ പരിശീലനത്തിലാണെന്ന് വിരമിച്ച ഇന്ത്യന്‍ വ്യോമസേനാ പൈലറ്റും പ്രതിരോധ വിദഗ്ദനുമായ ഗ്രൂപ്പ് ക്യാപ്റ്റൻ അജയ് അഹ്ലാവത്തിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ജെ-35 വിമാനത്തില്‍ നിന്ന് ചെറിയ മാറ്റങ്ങളുള്ള പതിപ്പായ എഫ്സി-31 ആണ് പാകിസ്താന് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ ഷെന്യാങ് എയര്‍ക്രാഫ്റ്റ് കോര്പറേഷന് വികസിപ്പിച്ച ജെ-35 വിമാനത്തിന്റെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പതിപ്പാണ് എഫ്സി-31. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെയാണ് പാകിസ്താനും ചൈനയും തമ്മിലുള്ള ഈ ഇടപാട് നടക്കുന്നതെന്നും എഫ്സി 31 പറഞ്ഞു.
ഏറെ കാലമായി മികച്ച പരിശീലനത്തിലൂടെയും യുദ്ധതന്ത്രങ്ങളിലൂടെയും യുദ്ധസാമഗ്രികളിലൂടെയും ഇന്ത്യന്‍ വ്യോമസേന പാകിസ്താനേക്കാള്‍ ഏറെ മുന്നിലാണ്. അതിനിടെ, ജെ-35 വിമാനങ്ങള്‍ അല്പമെങ്കിലും മുന്‍തൂക്കം നല്‍കുമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്.
അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുറത്തുനിന്ന് വാങ്ങാനാവുന്ന സ്റ്റെല്‍ത്ത് വിമാനങ്ങള്‍ അമേരിക്കന്‍ നിര്‍മിതമായ എഫ്-35, റഷ്യയുടെ സുഖോയ് 57 എന്നിവയാണ്. എന്നാല്‍ ഇന്ത്യ ഈ വിമാനങ്ങളില്‍ അത്ര സംതൃപ്തരല്ല. അതുകൊണ്ടാണ് ഇന്ത്യ സ്വന്തമായി സ്റ്റെല്‍ത്ത് വിമാനം നിര്‍മിക്കാനൊരുങ്ങുന്നത്. എഎംസിഎ ദൗത്യം പറ്റുന്നിടത്തോളം വേഗത്തിലാക്കണനെന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ അഹ്ലാവത്ത് പറഞ്ഞു.
Content Highlights: China will supply Pakistan with 40 J-35 stealth fighters, KJ-500 surveillance aircraft, and HQ-19
Published: 20 Jun 2025, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented