ഇസ്ലാമാബാദ്: പാകിസ്താന്റെ രാഷ്ട്രീയ നേതൃത്വത്തോടോ പാർലമെന്റിലോ ആലോചിക്കാതെയാണ് മക്ക കരാറിന്റെ (Mecca Pact) ഭാഗമായി സൗദി അറേബ്യയിലേക്ക് അധിക സൈന്യത്തെ വേഗത്തിൽ അയക്കാൻ പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ. സൗദി അറേബ്യയിൽ നിലവിലുള്ള 8,000 പാക് സൈനികർക്ക് പുറമെയാണ് ഈ പുതിയ വിന്യാസം. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പാകിസ്താൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ ഓഗസ്റ്റിൽ ഉണ്ടാക്കിയ പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
2015-ൽ യെമൻ സംഘർഷത്തിൽ ഇടപെടേണ്ടതില്ലെന്നും നിഷ്പക്ഷത പാലിക്കുമെന്നും പാകിസ്താൻ പാർലമെന്റ് ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. എന്നാൽ നിലവിലെ തീരുമാനം പാർലമെന്റിന്റെ വോട്ടെടുപ്പില്ലാതെയാണ് കൈക്കൊണ്ടിട്ടുള്ളത്. ഇത് പാകിസ്താന്റെ വിദേശനയത്തിലും ആഭ്യന്തര രാഷ്ട്രീയത്തിലും സൈന്യത്തിനുള്ള സ്വാധീനം വർദ്ധിച്ചതിനെയാണ് കാണിക്കുന്നത്. കഴിഞ്ഞ വർഷം കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയിലൂടെ അസിം മുനീറിന് മൂന്ന് സേനകളുടെയും കമാൻഡ് അധികാരം 2030 വരെ നൽകുകയും ജീവപര്യന്തം ഫീൽഡ് മാർഷൽ പദവിയും നിയമനടപടികളിൽനിന്ന് സംരക്ഷണവും നൽകുകയും ചെയ്തിരുന്നു. അതിനാൽ പുതിയ സൈനിക വിന്യാസം കോടതിയിൽ ചോദ്യം ചെയ്യുക എന്നത് അസാധ്യമായ കാര്യമാണ്.
അതേസമയം എത്ര സൈനികരെയാണ് അയക്കുന്നതെന്നോ, അവരുടെ കൃത്യമായ ദൗത്യം എന്താണെന്നോ, ചെലവുകൾ എത്രയാണെന്നോ വ്യക്തമാക്കിയിട്ടില്ല. ഹൂതികൾക്കെതിരായ നേരിട്ടുള്ള പോരാട്ടത്തിൽ പാക് സൈന്യം പങ്കാളികളാകുമോ എന്നതും വ്യക്തമല്ല. യു.എസ്-ഇറാൻ തർക്കത്തിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ, ഹൂതികൾക്കെതിരെ നേരിട്ട് സൈനിക നടപടിക്ക് മുതിർന്നാൽ അത് ഇറാനുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കാം. ആവശ്യമായ എല്ലാ സർക്കാർ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നാണ് പാകിസ്താനിലെ വാർത്താവിതരണ മന്ത്രാലയം അറിയിച്ചെങ്കിലും പാർലമെന്റോ കാബിനറ്റോ സൈനികരെ വിന്യസിച്ച തീരുമാനത്തിൽ പങ്കാളികളായിട്ടുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല.
മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണശ്രമങ്ങളെ തുടർന്ന് റിയാദിൽ ചേർന്ന അടിയന്തര യോഗത്തിലാണ് പാകിസ്താൻ, തുർക്കി രാജ്യങ്ങൾ സൈനിക വിന്യാസമുണ്ടാകുമെന്ന് അറിയിച്ചത്. ഇതിനെത്തുടർന്ന് തങ്ങളുടെ ശേഷി വേഗത്തിൽ ലഭ്യമാക്കുമെന്ന് മൂന്ന് രാജ്യങ്ങളും അറിയിച്ചിരുന്നു. 2025-ൽ സൗദി അറേബ്യയും പാകിസ്താനും തമ്മിൽ ഒപ്പുവെച്ച പ്രതിരോധ കരാറിന്റെ തുടർച്ചയാണ് തുർക്കിയും കൂടി ഉൾപ്പെട്ട മക്ക സംയുക്ത പ്രതിരോധ കരാർ.
Content Highlights: Pakistan sends additional troops to Saudi Arabia under Mecca Pact, bypassing parliament, amid rising Houthi attacks and regional defense agreements.
Published: 09 Oct 2026, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented