നിര്‍മ്മിതബുദ്ധിയെ ആശ്രയിക്കുന്ന ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് പ്രമുഖ ഡിജിറ്റല്‍ ഇന്നവേറ്ററും നിര്‍മിതബുദ്ധി വിദഗ്ധനുമായ റോബിന്‍ ടോമി സംസാരിക്കുന്നു. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെഡിസ്‌ക്) എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.

To advertise here,

കണക്കും ശാസ്ത്രവും പോലെ നൂറുശതമാനം വസ്തുനിഷ്ഠമായ ഉത്തരങ്ങള്‍ മാനവികവിഷയങ്ങളില്‍ ബുദ്ധിമുട്ടാണല്ലോ. ഇവിടെ ചോദ്യകര്‍ത്താവ് ആഗ്രഹിക്കുന്ന തരത്തിലുള്ള ഉത്തരം എഐ നിരത്തുന്ന സാഹചര്യമുണ്ടോ? എങ്കില്‍ അത് കുട്ടികളുടെ ലോകവീക്ഷണത്തെ ദോഷകരമായി ബാധിക്കില്ലേ?
ഉറപ്പായും. പക്ഷേ, അത് നിര്‍മിതബുദ്ധി കൊണ്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്താണ് എന്നതിനെക്കൂടി ആശ്രയിച്ചിരിക്കും. എഐ മോഡലുകളുടെ കാഴ്ചപ്പാടിന്റെ വിശാലത സുപ്രധാനമാണ്. എല്‍എല്‍എമ്മിന് മൂന്നുനാല് അടിസ്ഥാന ഘടകങ്ങള്‍ ഉണ്ടാവണം-. ക്രിട്ടിക്കല്‍ തിങ്കിംഗ്, സഹാനുഭൂതി, കാര്യങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള ശേഷി തുടങ്ങിയവ. ചാറ്റ് ജിപിടിയെക്കൊണ്ട് പ്രബന്ധം എഴുതിക്കുമ്പോഴൊക്കെ അവബോധപരമായ റീസണിങ് വളരെ കുറയും, അത് ഓര്‍മ്മയുടെ രൂപീകരണത്തെ ബാധിക്കും. മാനവികമേഖലയില്‍ വളരെ അധികം വേണ്ട കഴിവുകളിലൊന്നാണ് സര്‍ഗപരമായ യുക്തിചിന്ത (ക്രിയേറ്റീവ് റീസണിങ്). നൈതികമായ തീരുമാനമെടുക്കുന്നതും ആവശ്യമാണ്. മാനുഷികസിദ്ധികള്‍ ഏറ്റവും അധികം വേണ്ട ഈ മേഖലയില്‍ ജനറേറ്റീവ് എഐ ഉപയോഗിച്ചാല്‍ അതൊക്കെ അപകടത്തിലാവും.
നിര്‍മ്മിത ബുദ്ധി, വിവരങ്ങള്‍ സംസ്‌കരിക്കാനും കൈമാറ്റം ചെയ്യാനുമൊക്കെ ഉപയോഗിക്കണം. നേതൃത്വം പോലുള്ള ഗുണങ്ങളും ആത്മപ്രകാശനവും നൈതികമായ കാര്യങ്ങളുമൊക്കെ വരുമ്പോഴാണ് എഐ ഇരുതലമൂര്‍ച്ചയുള്ള വാളാകുന്നത്. അത് നമ്മുടെ പഠനത്തെ സഹായിക്കുന്നു, നമ്മുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നു. നമ്മുടെ ബുദ്ധിക്കും അറിവിനും അതീതമായ ചില കാര്യങ്ങള്‍ പറഞ്ഞുതരാന്‍ അതിനാവും. പക്ഷേ, അത് വലിയതോതില്‍ ആശ്രിതത്വം സൃഷ്ടിക്കും. വായിച്ചുനോക്കാതെ കോപ്പിയടിച്ചും വേണ്ട രീതിയില്‍ എഐയ്ക്ക് വിവരങ്ങളും സന്ദര്‍ഭവും പറഞ്ഞു കൊടുക്കാതെയും കിട്ടുന്ന വിവരങ്ങള്‍ അതേപടി വിശ്വസിച്ചും വലിയ അവബോധപ്രശ്‌നത്തിലേക്ക് പോവുകയാണ് നമ്മള്‍. അത് നമ്മുടെ നാഡീബന്ധങ്ങളും ഓര്‍മ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളും പോലെ സുപ്രധാനമായ എല്ലാ കാര്യങ്ങളെയും ബാധിക്കും.

ഡിജിറ്റല്‍ ലേണിങ്ങും ഹ്യൂമന്‍ ലേണിങ്ങും വേണ്ട രീതിയില്‍ പോയാല്‍ കുഴപ്പമില്ല. വായിച്ചുനോക്കാതെ എല്ലാം വിശ്വസിക്കുന്നതിനു പകരം ആവശ്യമെങ്കില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ എഐ മോഡലിനോട് തര്‍ക്കിക്കണം. അപ്പോള്‍ എഐ മറ്റൊരു സോഴ്‌സില്‍ പോയി ശരിയായ വസ്തുതകള്‍ കണ്ടുപിടിച്ച് നേരത്തേ പറഞ്ഞ കാര്യം തിരുത്തുന്ന സാഹചര്യമുണ്ടാകും. എല്ലാ എഐ മോഡലുകളിലും അങ്ങനെ തര്‍ക്കിക്കാനുള്ള ഇടമുണ്ട്. ഒരു എഐ മോഡല്‍ പഠിച്ചുവച്ചിരിക്കുന്ന എല്ലാം ശരിയായിരിക്കണമെന്നില്ല. തെറ്റു ചൂണ്ടിക്കാട്ടുമ്പോള്‍ അത് കുറച്ചുകൂടി ആഴത്തിലേക്ക് ഇറങ്ങി വിവരങ്ങളും അവ തമ്മിലുള്ള ബന്ധങ്ങളും പരിശോധിക്കും. അതിലും തൃപ്തിയില്ലെങ്കില്‍ നമുക്ക് മറ്റു സ്രോതസ്സുകള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. അങ്ങനെ എഐ മോഡലുകളുമായി തര്‍ക്കിക്കാനും സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും വസ്തുതാപരമായ ഇന്‍ഫര്‍മേഷന്‍ എടുക്കാനുമുള്ള പരിശീലനം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉണ്ടാവണം.
കൗമാരക്കാര്‍ ഈ അപകടത്തിന് കീഴ്‌പ്പെടാനുള്ള സാധ്യത മുതിര്‍ന്നവരുടേതിനെക്കാള്‍ ഇരട്ടിയാണ് എന്നു പറയുന്നു. എഐ മോഡലുകള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എഐ മോഡലുകളുമായി സംസാരിക്കുമ്പോള്‍ ശരിയായ രീതിയിലുള്ള പ്രോംപ്ടും അതിന്റെ ഘടനയും വളരെ പ്രധാനമാണ്. ഒന്നോ രണ്ടോ വരിയിലെ പ്രോംപ്ടുകള്‍ക്ക് പകരം അതിന്റെ സന്ദര്‍ഭം നന്നായി പറഞ്ഞുകൊടുത്തുള്ള പ്രോംപ്റ്റാണ് വേണ്ടത്. ആ രീതിയില്‍ എങ്ങനെ എഴുതണമെന്ന് പഠിക്കുന്നതാണ് ആദ്യചുവട്. നമ്മള്‍ പ്രതീക്ഷിക്കുന്ന ഉത്തരം എന്താവണം എന്ന സൂചന കൊടുത്താല്‍ ആ രീതിയിലാകാം മറുപടി. നമുക്ക് ഒന്നുമറിയാത്ത കാര്യത്തെക്കുറിച്ച് നേരെ പോയി ചാറ്റ് ജിപിടിയോട് ചോദിക്കരുത്. അതിനു മനസ്സിലാകാത്ത കാര്യമാണെങ്കിലും എന്തെങ്കിലും ഉത്തരം അത് തന്നിരിക്കും. ഉത്തരം വലിയൊരു മണ്ടത്തരം ആയേക്കാം. ചോദിച്ച വിഷയത്തെക്കുറിച്ച് വലിയ പിടിപാടില്ലെങ്കില്‍ നമ്മള്‍ എഐ നൽകിയ ഉത്തരം വിശ്വസിക്കാനിടയുണ്ട്.
കുറച്ച് സമാന്തരവായന കഴിഞ്ഞിട്ട് വേണം നമ്മള്‍ എഐയെ സമീപിക്കാന്‍ എന്നാണോ?
തയ്യാറെടുപ്പിന്റെ ഭാഗമായുള്ള വായനയും വിശകലനവും കഴിഞ്ഞാണ് എഐ മോഡലിനോട് ചോദ്യം ഉന്നയിക്കാന്‍. നമ്മള്‍ അന്വേഷിക്കുന്ന വിവരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദ്യത്തിലുണ്ടാവണം. നിര്‍ദ്ദിഷ്ട വിഷയത്തില്‍ അത്യാവശ്യം വിവരമില്ലെങ്കില്‍ കബളിപ്പിക്കപ്പെടും.
ചോദ്യകര്‍ത്താവ് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന, കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്ന പ്രതിധ്വനി അറകളായി (എക്കോ ചേംബര്‍) എഐ മാറുന്ന സാഹചര്യത്തില്‍ മാറ്റം വരുത്താന്‍..
ചോദ്യത്തിന് ഉത്തരം കിട്ടിയ ശേഷവും എഐ മോഡലുമായി സംസാരിക്കാനും ഉത്തരത്തെ വിശദമായി അപഗ്രഥിക്കാനും പോയില്ലെങ്കില്‍ ഉത്തരം ശരിക്കും ഉപയോഗപ്രദമായില്ലെന്നു വരാം. ചാറ്റ് ജിപിടിക്ക് നമ്മളെ എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ വളരെ എളുപ്പമാണ്. ചിലപ്പോള്‍ അത് വ്യാജവസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും ഉത്തരം തരുന്നത്. അവര്‍ക്ക് പറഞ്ഞു ഫലിപ്പിക്കാന്‍, നമ്മളെ വിശ്വസിപ്പിക്കാന്‍ എളുപ്പമാണ്. അത്രയ്ക്ക് ഊര്‍ജ്ജസ്വലവും പരസ്പരബന്ധിതവുമാണവ. അതിനാല്‍ മോഡലുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് കൃത്യമായ അറിവ് ഉണ്ടാവണം. അവയുമായി സംസാരിക്കേണ്ടത് നമ്മള്‍ വഴി ചോദിക്കുന്നതുപോലെയാണ്. എവിടെ നിന്ന്, എങ്ങോട്ടാണ്, ഏത് ഭാഗത്തുകൂടിയാണ് പോകേണ്ടത് എന്ന് കൃത്യമായി ചോദിച്ചാല്‍ മാത്രമേ നമുക്ക് ഏറ്റവും യോജിച്ച വഴി ചൂണ്ടിക്കാണിച്ചു തരാനാവൂ.
നമ്മളെ എന്‍ഗേജ് ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോം, അല്ലാതെ ആഴത്തിലുള്ള ബന്ധമുണ്ടാക്കാനുള്ള ഒന്നല്ല എഐ. അത് നമ്മെ സദാസമയവും പഠിച്ചുകൊണ്ടിരിക്കുകയാണ്. 'നീ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്ന ആളല്ല, എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്' എന്ന് അതിനു മനസ്സിലാക്കിക്കൊടുക്കണം, നമ്മുടെ കാഴ്ചപ്പാടുകള്‍ അവയോട് പങ്കുവയ്ക്കാം. എഐ മോഡലുകളുമായുള്ള ഇടപെടലുകളില്‍ നമ്മള്‍ രൂഢമൂലമാവുന്ന ധാരണകള്‍ തകര്‍ത്തു കൊണ്ടേയിരിക്കണം. പ്രത്യേകിച്ച്, നമ്മള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അത് പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍. ഇടയ്ക്ക് നമ്മള്‍ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും 'എനിക്ക് ഇതല്ല വേണ്ടത്' എന്ന് പറയുകയും ചെയ്യണം. ആ സംഭാഷണത്തിനുള്ളില്‍ മോഡലുകള്‍ നമ്മുടെ തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും. (പുതിയൊരു സംഭാഷണം തുടങ്ങുമ്പോള്‍ ഈ പാഠം ഓര്‍ത്തുവെക്കില്ല.) അപ്പോള്‍ നമുക്ക് തരുന്ന വിവരത്തെക്കുറിച്ച് എഐ മോഡല്‍ പുനരാലോചിക്കാന്‍ തുടങ്ങും. 'ഇയാളെ ബോധ്യപ്പെടുത്താന്‍ വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കേണ്ടി വരും' എന്ന് അത് മനസ്സിലാക്കും.
തര്‍ക്കിക്കാനും വിയോജിപ്പുകളെ ഉള്‍ക്കൊള്ളാനും കഴിയുന്ന രൂപത്തിലാണ് പുതിയ എല്‍എല്‍എമ്മുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് ആന്ത്രോപ്പിക് പോലുള്ള കമ്പനികളുടെ മോഡലുകളില്‍. അവരുടെ ക്ലൗഡ് പോലുള്ള മാതൃകകള്‍ ഉപയോക്താവിന്റെ വിയോജിപ്പുകളെ ഇല്ലാതാക്കാന്‍ ഒരു പരിധി വരെ ശ്രമിക്കുന്നുണ്ട്. എങ്കിലും ലഭിക്കുന്ന ഉത്തരത്തെ ഉപയോക്താവ് എങ്ങനെ ഉപയോഗിക്കുമെന്നത് വളരെ പ്രധാനമാണ്.
എഐ പഠനവിഷയമാക്കുന്നത്?
എഐ പഠനവിഷയമാക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ബുദ്ധി പണയം വെച്ചിട്ടല്ല എഐ ഉപയോഗിക്കേണ്ടത്. എഐയെ പരിപൂര്‍ണമായും തലച്ചോറിലേക്ക് ആവാഹിക്കരുത്, മയക്കുമരുന്നിനെ പോലെ കരുതലോടെ കൈകാര്യം ചെയ്യണം. സമീപകാലത്ത് ഒരു എഐ മോഡല്‍ പോണ്‍ വീഡിയോ നിര്‍മ്മാണത്തിന് ഉപയോഗിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ആഗ്രഹിക്കുന്ന എന്തുതരം ഉള്ളടക്കവും നിര്‍മിച്ചു കിട്ടുന്ന സാഹചര്യത്തിലേക്ക് നമ്മള്‍ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ കുട്ടികള്‍ക്ക് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം കൊടുക്കാതിരിക്കുന്നത് ന്യായമല്ല. എല്ലാവര്‍ഷവും രണ്ടോ മൂന്നോ തവണയായി കുട്ടികള്‍ക്ക് നിര്‍മിതബുദ്ധിയില്‍ നൈപുണ്യ പരിശീലനം കൊടുക്കാവുന്നതാണ്.
കുട്ടികള്‍ക്ക് എഐ ഉപയോഗത്തിന്റെ നൈതികതയും ഉത്തരവാദിത്തവും ഒക്കെ എന്താണെന്ന ബോധ്യമുണ്ടാവണം. സ്‌കൂള്‍തലം മുതല്‍ അക്കാര്യങ്ങളൊക്കെ പഠിപ്പിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ടെക്സ്റ്റിനെ അപേക്ഷിച്ച് ഇമേജുകളിലെ കൃത്രിമം കണ്ടെത്താന്‍ മനുഷ്യനേത്രങ്ങള്‍ക്ക് കൂടുതല്‍ എളുപ്പമാണ്. എന്നുവെച്ച് വ്യാജ ടെക്സ്റ്റ് നിര്‍മാണം എളുപ്പമാണ് എന്നല്ല, എഐ ജനറേറ്റഡ് ടെക്സ്റ്റ് കണ്ടുപിടിക്കാന്‍ ഇന്ന് ടൂളുകള്‍ ലഭ്യമാണ്. വ്യാജ ഇമേജ് സൃഷ്ടിക്കുന്നത് വ്യാജ ടെക്സ്റ്റിന്റെ ജനറേഷനെക്കാള്‍ എളുപ്പമാണ്. ഒരു വ്യക്തിയെ വിശ്വസിപ്പിക്കാന്‍ ടെക്സ്റ്റിന് കൂടുതല്‍ എളുപ്പമാണ്. പക്ഷേ, ചില ഇമേജുകള്‍ കാണുമ്പോള്‍ തന്നെ മനസ്സിലാവും, ഫെയ്ക്ക് ആണെന്ന്. ഓരോ കമ്പനിയും പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്ന സമയമാണ്. മോഡലിനു മാറ്റം വരുമ്പോള്‍ അതിന്റെ ഘടനയും മാറും. അതിനനുസരിച്ച് കുട്ടികളെ തുടര്‍ച്ചയായി പരിശീലിപ്പിക്കണം.
നിര്‍മിതബുദ്ധിയുടെ അതിവേഗത്തിലുള്ള വളര്‍ച്ച കാണുമ്പോള്‍ സര്‍ക്കാര്‍, കമ്പനി, ഗവേഷക തലങ്ങളിലൊക്കെ നിയന്ത്രണങ്ങള്‍ വേണ്ടതായി തോന്നുന്നുണ്ടോ?
ലോകത്ത് പലയിടത്തും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ ഒരു നിര്‍മിതബുദ്ധി നിയമം കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയില്‍ നീതി ആയോഗിന്റെ ഭാഗമായി ഒരു ദേശീയ നിര്‍മിതബുദ്ധി നയമുണ്ട്. എഐ ഭരണനിര്‍വഹണത്തില്‍ നിര്‍മിതബുദ്ധിയുടെ നൈതികത സംബന്ധിച്ച ശുപാര്‍ശകളൊക്കെയുണ്ട്. ഡിപിഡിപി (ഡിജിറ്റല്‍ പേഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍) ആക്ട് 2023 ഉണ്ട്. എങ്കിലും നിലവിലെ നിയമങ്ങളൊന്നും അത്രയ്ക്ക് ശക്തമല്ല. എന്നും ഇത്തരം കാര്യങ്ങളില്‍ മുന്നിട്ടു നിന്നിട്ടുള്ള കേരളം കെ-ഡിസ്‌കിന്റെയും കൈറ്റിന്റെയും (KITE) നേതൃത്വത്തില്‍ ഇന്ത്യയില്‍ ആദ്യമായി സ്‌കൂള്‍തലത്തില്‍ നിര്‍മിതബുദ്ധി വിദ്യാഭ്യാസം നടപ്പാക്കിയിട്ടുണ്ട്. എഐ മേഖലയുടെ നിയന്ത്രണത്തിലും രാജ്യത്തിനു മാതൃക സൃഷ്ടിക്കാന്‍ കേരളത്തിനാവും.
സാമൂഹികമാധ്യമങ്ങളെക്കാള്‍ വലിയ വിപ്ലവമാണ് ചുരുങ്ങിയ കാലം കൊണ്ട് നിര്‍മിതബുദ്ധി നടപ്പില്‍ വരുത്തിയിരിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇത് എത്രത്തോളം വലിയ മാറ്റമായിരിക്കും ഉണ്ടാക്കുക?
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ ഇതിന് ഗുണവും ദോഷവും ഉണ്ട്. ഭരണത്തിലും ഇലക്ഷന്‍ പ്രചാരണത്തിലുമൊക്കെ നിര്‍മ്മിതബുദ്ധിയെ ഇന്റഗ്രേറ്റ് ചെയ്യാന്‍ സാധിക്കും. തങ്ങള്‍ ലക്ഷ്യംവെക്കുന്ന വോട്ടര്‍മാരിലേക്ക് കൃത്യമായി എത്തിച്ചേരാനും വ്യക്തികേന്ദ്രിതമായ പ്രചാരണം നടത്താനും രാഷ്ട്രീയക്കാര്‍ക്ക് സാധിക്കും എന്നതാണ് ഗുണപരമായ വശം. പ്രകടനപത്രിക പോലുള്ള സംഗതികളും നയങ്ങളും തയ്യാറാക്കുമ്പോള്‍ അവിടുന്നും ഇവിടുന്നും കോപ്പിയടിക്കുന്നതിനു പകരം ജനങ്ങളില്‍ നിന്നും നേരിട്ട് അഭിപ്രായങ്ങളും ആശയങ്ങളും സ്വരൂപിച്ച് പ്രസക്തിയും കഴമ്പുമുള്ള രേഖകള്‍ തയ്യാറാക്കാന്‍ സാധിക്കും. രാഷ്ട്രീയപരമായ ആശയവിനിമയത്തിനും വോട്ടര്‍മാരുമായി ഇടപെടുന്നതിനും നിര്‍മിതബുദ്ധി ഉപയോഗിക്കുന്നത് ഗുണകരമാകും. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പിശകുകള്‍ കുറയ്ക്കാനും എഐ വളരെ സഹായകമാണ്.
ദോഷങ്ങള്‍ ഒട്ടേറെയുണ്ട്. ഡീപ് ഫെയ്ക്ക് വീഡിയോ പോലുള്ള പ്രശ്‌നങ്ങള്‍ ഇതിനകം പ്രശ്‌നമായിട്ടുണ്ട്. മനീഷ് തിവാരിയും കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും ഒക്കെ അകപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധേയമായിരുന്നു. പലതരത്തിലുള്ള ധ്രുവീകരണങ്ങള്‍ക്ക് എഐ ഉപയോഗപ്പെടുത്തിയേക്കാം. ഡീപ് ഫെയ്ക്കുകളുടെ കാലത്ത് ജനങ്ങളും മാധ്യമങ്ങളും വളരെ ജാഗ്രതയോടെ ഇരിക്കണം. ഏതാണ് വ്യാജം ഏതാണ് ഒറിജിനല്‍ എന്ന് അറിയാന്‍ കഴിയാത്ത സാഹചര്യമാണ്. ചിലപ്പോള്‍ ഫെയ്ക്ക് എന്നു പറയുന്നതാണ് ഒറിജിനല്‍ എന്നും വരാം. സത്യം പുറത്തുവരും മുമ്പ് വ്യാജന്‍ വൈറലായേക്കാം. ഇതില്‍ പെട്ടുപോകുന്ന ആള്‍ക്ക് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദീര്‍ഘകാലം വേണ്ടിവരും. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തൊക്കെ ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.
നിര്‍മിതബുദ്ധി സൃഷ്ടിക്കുന്ന വലിയൊരു കൂട്ടക്കുഴപ്പം (chaos) മുന്നില്‍ കാണുന്നുണ്ടോ
അത് തുടങ്ങിക്കഴിഞ്ഞു, നമ്മള്‍ അതിനുള്ളിലാണ്. ഇതെന്താണ്, എങ്ങനെയാണ് ഉപയോഗിക്കേണ്ടത്, എന്തൊക്കെയാണ് സൂക്ഷിക്കേണ്ടത് എന്നൊക്കെ വ്യക്തമായ തിരിച്ചറിവു വരാന്‍ കുറച്ചുകാലമെടുക്കും. നിര്‍മിതബുദ്ധി വലിയൊരു ഹൈപ്പില്‍ നില്‍ക്കുന്ന സമയമാണിപ്പോള്‍. അതില്‍നിന്നും താഴേക്കിറങ്ങി അസ്ഥിരമായ ഒരുഘട്ടം കഴിഞ്ഞശേഷം അത് പൂരിതമാവും. അതിനുശേഷം എഐ എങ്ങനെ മുന്നോട്ടുപോകുമെന്ന് നമുക്ക് പറയാനാവില്ല. എന്തായാലും ചുരുക്കം വര്‍ഷങ്ങള്‍ക്കകം അത് താളം കണ്ടെത്തും, വിജയമാവും.