നിമിഷങ്ങള്‍ക്കുള്ളില്‍ ശ്രദ്ധേയമായ ഒരു ഉത്തരംസൃഷ്ടിക്കാന് യന്ത്രങ്ങള്‍ക്ക് കഴിയുന്ന ഈ കാലഘട്ടത്തില്‍, ഒരു ഉത്തരം വിദ്യാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നത് മാത്രമായിരിക്കരുത് പരീക്ഷയുടെ ലക്ഷ്യം. മറിച്ച്, ആ ഉത്തരത്തിനു പിന്നില്‍ സ്വന്തമായി ചിന്തിക്കാന്പഠിച്ച ഒരു മനസ്സ് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് തെളിയിക്കാന്‍കൂടി അതിനു കഴിയണം.

എഴുതാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുമ്പോൾ മനുഷ്യന് എന്താണ് സംഭവിക്കുന്നത്? ഈ വിഷയത്തിൽ 2025-ൽ എം.ഐ.ടി. മീഡിയ ലാബിലെ ഫ്‌ലൂയിഡ് ഇന്റർഫേസസ് ഗ്രൂപ്പ് ശ്രദ്ധേയമായ ഒരു പരീക്ഷണം നടത്തുകയുണ്ടായി. വെറും 54 പേരെമാത്രം ഉൾപ്പെടുത്തി നടത്തിയ ഈ പഠനം ഇതുവരെ വിദഗ്ധപരിശോധന (peer-review) പൂർത്തിയാക്കാത്ത ഒരു പ്രീപ്രിന്റ് മാത്രമാണ്. അതുകൊണ്ടുതന്നെ ഇതിനെയൊരു അന്തിമ നിഗമനമായി കണക്കാക്കാനാകില്ലെങ്കിലും ഈ പഠനം മുന്നോട്ടുവെക്കുന്ന വിഷയങ്ങൾ ഏറെ ഗൗരവമർഹിക്കുന്നതാണ്. പരീക്ഷണത്തിനായി തിരഞ്ഞെടുത്തവരെ അവർ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു. ഒന്നാമത്തെ ഗ്രൂപ്പിന് എഴുതാൻ ജി.പി.ടി.-4ഒ ഉപയോഗിക്കാം; രണ്ടാമത്തെ ഗ്രൂപ്പിന് വിവരങ്ങൾക്കായി ഗൂഗിൾ തിരയാം; എന്നാൽ മൂന്നാമത്തെ ഗ്രൂപ്പ് പുറത്തുനിന്ന് ഒരു സഹായവുമില്ലാതെ സ്വന്തം അറിവ് ഉപയോഗിച്ച് മാത്രം എഴുതണം എന്നതായിരുന്നു നിബന്ധന.
പരീക്ഷണം പറഞ്ഞത്
പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരെയും തലച്ചോറിലെ വൈദ്യുത പ്രവർത്തനങ്ങൾ അളക്കുന്ന ഇലക്ട്രോ എൻസെഫലോഗ്രാഫി (EEG) തൊപ്പികൾ ധരിപ്പിച്ചിരുന്നു. 'യഥാർഥ വിശ്വസ്തതയ്ക്ക് നിരുപാധികമായ പിന്തുണ ആവശ്യമുണ്ടോ?' എന്നതു പോലെയുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു ഇവരുടെ ദൗത്യം. എസ്.എ.ടി. പരീക്ഷാ മാതൃകയിലുള്ള ഈ ചോദ്യങ്ങൾക്ക് ഉത്തരംനൽകാൻ 20 മിനിറ്റാണ് അവർക്കു നൽകിയത്. ഇതേ പരീക്ഷണം മൂന്നു ഘട്ടങ്ങളിലായി അവർ ആവർത്തിച്ചു. പിന്നീടു നടന്ന നാലാമതൊരു സെഷനിൽ ഇതിൽനിന്ന് 18 പേർ വീണ്ടും പങ്കെടുത്തു. ഈ ഘട്ടത്തിൽ അതുവരെ ചാറ്റ്ജി.പി.ടി. ഉപയോഗിച്ചിരുന്ന ചിലരോട് യാതൊരു സഹായവുമില്ലാതെ സ്വന്തമായി എഴുതാൻ ആവശ്യപ്പെടുകയും സ്വന്തമായി എഴുതിയവരോട് ചാറ്റ് ജി.പി. ടി ഉപയോഗിക്കാൻ നിർദേശിക്കുകയുംചെയ്തു.
ഉപന്യാസം പൂർത്തിയായശേഷം അതിലെ വരികൾ ഓർത്തെടുത്ത് പറയാനായിരുന്നു ഗവേഷകരുടെ അടുത്ത നിർദേശം. സാങ്കേതികവിദ്യയുടെ സഹായമില്ലാതെ സ്വന്തമായി എഴുതിയവർക്ക് തങ്ങൾ എഴുതിയത് എന്താണെന്ന് പൊതുവേ ഓർത്തെടുക്കാൻ കഴിഞ്ഞു. പക്ഷേ, ചാറ്റ്ജി.പി.ടി.യുടെ സഹായംതേടിയ ഗ്രൂപ്പിലുള്ള പലർക്കും ഒരൊറ്റ വാചകംപോലും കൃത്യമായി ആവർത്തിക്കാനായില്ല.
ഇത് എൽ.എൽ.എം. ഉപയോഗം അനിവാര്യമായും ഓർമ്മശക്തി കുറയ്ക്കുന്നു എന്നു തെളിയിക്കുന്നില്ല. എന്നാൽ, എഴുതിയ വാക്കുകളോടുള്ള ബൗദ്ധിക ഉടമസ്ഥത കുറയാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. മികച്ച വാദമുഖങ്ങളും ഉദാഹരണങ്ങളും അക്ഷരത്തെറ്റില്ലാത്ത മനോഹരമായ ഭാഷയുമൊക്കെ അവരുടെ ഉപന്യാസങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും ആ വാക്കുകളൊന്നും യഥാർഥത്തിൽ അവരുടേതായിരുന്നില്ല. സ്വന്തമായി ചിന്തിക്കുകയോ ആശയങ്ങൾ രൂപപ്പെടുത്തുകയോ ചെയ്യാതെതന്നെ, ഗഹനമായി ചിന്തിച്ചു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സൃഷ്ടികൾ പുറത്തിറക്കാൻ ഇന്നു മനുഷ്യന് കഴിയും എന്ന ആശങ്കാജനകമായ യാഥാർഥ്യത്തിലേക്കാണ് ഈ പരീക്ഷണം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
എഴുത്ത് എന്ന ദൗത്യം
ചിന്തകൾ കേവലം വാക്കുകളിലൂടെ പ്രകടിപ്പിക്കപ്പെടുകയല്ല, മറിച്ച് 'വാക്കുകളിലൂടെ നിലവിൽ വരുകയാണ്' ചെയ്യുന്നത് എന്നാണ് മനഃശാസ്ത്രജ്ഞനായ ലെവ് വിഗോട്‌സ്‌കി വാദിക്കുന്നത്. ഇതനുസരിച്ച്, മുൻകൂട്ടി രൂപപ്പെട്ട ആശയങ്ങളെ രേഖപ്പെടുത്തുക എന്നതിനെക്കാൾ വലിയൊരു ദൗത്യം എഴുത്തിന് നിർവഹിക്കാനുണ്ട്. ഏറ്റവും കൃത്യമായ വാക്ക് തിരയുക, യുക്തിസഹമായി ഒരു വാദം അവതരിപ്പിക്കുക, അല്ലെങ്കിൽ തെറ്റായ ഒരു വാചകം തിരുത്തിയെഴുതുക തുടങ്ങിയ പ്രയത്‌നങ്ങളെല്ലാം അസ്പഷ്ടമായ ആശയങ്ങളെ വ്യക്തമായ ചിന്തകളാക്കി മാറ്റുന്ന പ്രക്രിയയുടെ ഭാഗമാണ്. അതിനാൽ ഇത്തരം പ്രയത്‌നങ്ങൾ ഒഴിവാക്കപ്പെടേണ്ട ഒന്നല്ല; മറിച്ച് ഏതൊരു ബൗദ്ധിക പ്രവർത്തനത്തിന്റെയും അവിഭാജ്യ ഘടകമാണത്.
എൽ.എൽ.എമ്മുകൾ (ലാർജ് ലാംഗ്വേജ് മോഡലുകൾ) ഭാഷയും ഘടനയും ആശയങ്ങൾ തമ്മിലുള്ള ബന്ധങ്ങളും നൽകുമ്പോൾ, അവ ഒരു ഉപന്യാസത്തിന്റെ ബാഹ്യമായ ഗുണനിലവാരം മെച്ചപ്പെടുത്തിയേക്കാം; എന്നാൽ എഴുത്തിലൂടെ വളർത്തിയെടുക്കേണ്ട ചില മാനസിക പ്രക്രിയകളെ അവ മറികടക്കുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന സൃഷ്ടി, ഉപയോക്താവിന്റെ ധാരണയെക്കാൾ വ്യക്തമായി കാണിക്കുന്നത് ആ മോഡലിന്റെ ഭാഷാപരമായ പ്രാവീണ്യത്തെയാകാം. പ്രകടനത്തിൽ ലഭിക്കുന്ന നേട്ടം, ആശയരൂപവത്കരണത്തിൽ നഷ്ടപ്പെട്ടേക്കാം.
കേരളത്തിലെ ഒരു വിദ്യാർഥി ഒരു ഇംഗ്ലീഷ് ഉപന്യാസമോ, സാമൂഹികശാസ്ത്ര പ്രോജക്ടോ അല്ലെങ്കിൽ ഒരു സെമിനാർ അവതരണമോ തയ്യാറാക്കാൻ ഒരു എൽ.എൽ.എം. ഉപയോഗിക്കുന്നുവെന്നു കരുതുക. ആ വിദ്യാർഥിക്ക് തനിയെ തയ്യാറാക്കാൻ കഴിയുന്നതിനെക്കാൾ എത്രയോ മനോഹരവും ചിട്ടയാർന്നതുമായിരിക്കാം ആ സൃഷ്ടി, മാത്രമല്ല അതിനു ലഭിക്കുന്ന മാർക്ക് അവരുടെ പഠനത്തിന്റെ തെളിവായി രേഖപ്പെടുത്തപ്പെടുകയുംചെയ്യും. എന്നിരുന്നാലും അതിലെ തെളിവുകൾ കണ്ടെത്തുകയോ, വാദങ്ങൾ തയ്യാറാക്കുകയോ, എന്തിന് അതിലെ വാചകങ്ങൾ രൂപപ്പെടുത്തുകയോപോലും ആ വിദ്യാർഥി ചെയ്തിട്ടുണ്ടാകില്ല.
കഴിവ് കടമെടുക്കുമ്പോൾ
എം.ഐ.ടി (MIT) ഗവേഷകർ ഇതിനുണ്ടാകാൻ സാധ്യതയുള്ള അനന്തരഫലത്തെ 'കോഗ്‌നിറ്റീവ് ഡെറ്റ്' എന്നാണു വിശേഷിപ്പിക്കുന്നത്: തന്റേതായ കഴിവുകൾ വികസിപ്പിച്ചെടുക്കാതെ, ഇന്നത്തെ ജോലി പൂർത്തിയാക്കാൻ വിദ്യാർഥി ആ മോഡലിന്റെ കഴിവ് കടമെടുക്കുന്നു. സാമ്പത്തിക കടം പോലെത്തന്നെ, ഇതിന്റെ ഭവിഷ്യത്തുകളും പിന്നത്തേക്കാണ് മാറ്റിവെക്കപ്പെടുന്നത്. യന്ത്രത്തിന് വിദ്യാർഥിക്കു വേണ്ടി ചിന്തിക്കാൻ കഴിയാത്ത ഒരു വാചാ പരീക്ഷയിലോ ഒരു ഇന്റർവ്യൂവിലോ, അല്ലെങ്കിൽ തികച്ചും അപരിചിതമായ ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോഴോ ആയിരിക്കും ഇത് പിന്നീട് പ്രകടമാകുക. പൂർത്തിയായ സൃഷ്ടിയെ വിലയിരുത്തുകയും എന്നാൽ, അതിനു പിന്നിലെ ചിന്താപ്രക്രിയ ആരുടേതാണെന്ന് വളരെ അപൂർവമായി മാത്രം അന്വേഷിക്കുകയുംചെയ്യുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിൽ, ഇങ്ങനെ കടമെടുത്ത കഴിവിനെ വിദ്യാഭ്യാസമെന്ന് എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
അറിവിനും ബൗദ്ധികനിലവാരത്തിനും പകരം, എത്രത്തോളം കഷ്ടപ്പെട്ടു എന്ന് പുറമേ കാണിക്കുന്നതിനാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പലപ്പോഴും മാർക്ക് നൽകുന്നത്. അതിനാൽത്തന്നെ ഈ 'വൈജ്ഞാനിക കടം' വളരെ വേഗത്തിൽ വർധിക്കാൻ സാധ്യതയുണ്ട്. ഓരോ സെമസ്റ്ററിലും പല വിഷയങ്ങളിലായി പ്രോജക്ടുകൾ ചെയ്യാൻ സ്‌കൂളുകളും കോളേജുകളും വിദ്യാർഥികളെ നിർബന്ധിക്കാറുണ്ട്. എവിടെനിന്നെങ്കിലും കിട്ടുന്ന വിവരങ്ങൾ വെറുതേ സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതുക മാത്രമാണ് മിക്കപ്പോഴും ഇതിലൂടെ സംഭവിക്കുന്നത്. ആശയങ്ങളുടെയോ വാദമുഖങ്ങളുടെയോ ഗുണനിലവാരം പരിശോധിക്കുന്നതിനു പകരം, പ്രോജക്ട് എത്രത്തോളം വലുതാണ്, എത്ര മനോഹരമായാണ് അത് പകർത്തിയിരിക്കുന്നത്, പറഞ്ഞ സമയത്തുതന്നെ നൽകിയോ തുടങ്ങിയ ബാഹ്യമായ കാര്യങ്ങൾക്കാണ് മൂല്യനിർണയത്തിൽ മുൻഗണന ലഭിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ സാഹിത്യചോരണം സ്വാഭാവികമായും തഴച്ചുവളരുന്നു. ഒരു വിവരത്തിന്റെ ഉറവിടം എങ്ങനെ കൃത്യമായി രേഖപ്പെടുത്തണമെന്നോ, ഗവേഷണവും കോപ്പിയടിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നോ പോലും അറിയാതെയാണ് പല വിദ്യാർഥികളും കോളേജുകളിൽ എത്തുന്നത്. നൽകിയിട്ടുള്ള നോട്ട്‌സുകൾ മനഃപാഠമാക്കി പരീക്ഷാപേപ്പറിൽ അതുപോലെ പകർത്തിവെക്കുന്നവർക്ക് കൂടുതൽ മാർക്ക് നൽകുന്നതിലൂടെ, നമ്മുടെ പരീക്ഷാസമ്പ്രദായവും ഈ ശീലത്തെത്തന്നെയാണ് ഊട്ടിയുറപ്പിക്കുന്നത്.
എൽ.എൽ.എമ്മുകൾ ഈ നിഷ്‌ക്രിയമായ പഠനസംസ്‌കാരം പുതുതായി ഉണ്ടാക്കിയെടുത്തതല്ല; മറിച്ച്, ഇത്തരം പ്രവണതകളെ അവ കൂടുതൽ എളുപ്പമുള്ളതാക്കിമാറ്റി എന്നു മാത്രം. പഠനവിഷയം കൃത്യമായി മനസ്സിലാക്കുകയോ അവ സ്വന്തമായി പ്രയോഗിക്കാൻ പഠിക്കുകയോ ചെയ്യാതെ തന്നെ, പ്രോജക്ടുകളും നോട്ട്‌സുകളും പരീക്ഷയ്ക്കു വേണ്ട ഉത്തരങ്ങളുമെല്ലാം നിമിഷനേരംകൊണ്ട് സൃഷ്ടിച്ചെടുക്കാൻ വിദ്യാർഥികൾക്ക് ഇപ്പോൾ സാധിക്കുന്നു. തുടരും)
(യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.ഐ ഗവേഷകയാണ് ലേഖിക)
Content Highlights: A 2025 MIT Media Lab study explored how using AI tools like GPT-4o affects human writing and memory., Participants who used ChatGPT struggled to recall sentences they wrote compared to those who wrote independently., Using Large Language Models (LLMs) can create 'cognitive debt' by borrowing machine capability instead of developing personal skills., Writing is an essential cognitive process for shaping thoughts, not just recording pre-formed ideas.
Published: 20 Aug 2026, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented