അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച സ്പിരിറ്റ് എയർലൈൻസിന്റെ ബിസിനസ്സ് ഡേറ്റയുടെയും സാങ്കേതിക ആസ്തികളുടെയും വലിയൊരു ശേഖരം വൻതുക നൽകി സ്വന്തമാക്കാൻ ഗൂഗിൾ. ഒരു കോടി ഡോളറിന് (95 കോടിയിലധികം രൂപ) സ്വന്തമാക്കാനുള്ള ഗൂഗിളിന്റെ നീക്കം ലേലത്തിൽ അംഗീകരിക്കപ്പെട്ടു.

To advertise here,

ഈ വർഷം മെയ് മാസത്തിലാണ് കടക്കെണിയിലായ സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചത്. പാപ്പരത്ത നടപടികളുടെ ഭാഗമായിട്ടായിരുന്നു ഈ ലേലം. ഗൂഗിളാണ് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം വിളിച്ചത്. 7.5 മില്യൺ ഡോളർ (ഏകദേശം 71.75 ലക്ഷം രൂപ) വാഗ്ദാനംചെയ്ത എഐ സ്റ്റാർട്ടപ്പായ മെർകോർ രണ്ടാം സ്ഥാനത്തെത്തി. ഇടപാടിന് ഇനി യുഎസ് കോടതിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്, ഇതിനായുള്ള വാദം ഓഗസ്റ്റ് 19-ന് നിശ്ചയിച്ചിട്ടുണ്ട്. ഇടപാട് കോടതി അംഗീകരിച്ചില്ലെങ്കിൽ മെർകോറിനാവും ഡേറ്റാ വാങ്ങുന്നതിനുള്ള അടുത്ത അവസരം.

ഡേറ്റ വാങ്ങുന്നത് എന്തിന്?

സ്പിരിറ്റ് എയർലൈൻസിൽ നിന്നുള്ള ഡേറ്റ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കാനാണെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. 'ഞങ്ങൾ സ്പിരിറ്റ് എയർലൈൻസിൽ നിന്ന് ഒരു എന്റർപ്രൈസ് ഡേറ്റാസെറ്റിന്റെ ഭാഗം സ്വന്തമാക്കിയിട്ടുണ്ട്. അത് ഞങ്ങളുടെ ഉൽപ്പന്നങ്ങളും എഐ മോഡലുകളും മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്പെടുത്തും.' - കമ്പനി വ്യക്തമാക്കി.

വ്യക്തിഗത വിവരങ്ങൾ നീക്കംചെയ്യും

കൈമാറ്റം പൂർത്തിയാക്കുന്നതിന് മുമ്പ് ഡേറ്റയിലെ വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. വ്യക്തിഗത വിവരങ്ങളൊന്നും ഈ ഡേറ്റയ്‌ക്കൊപ്പം ഗൂഗിളിന് ലഭിക്കില്ല. വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് ഒരു മൂന്നാം കക്ഷി ഉറപ്പുവരുത്തും.

കടക്കെണിയിലാകുകയും തുടർന്ന് പാപ്പരായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത എയർലൈൻസിന്റെ ജീവനക്കാരുടെ 100 മില്യണിലധികം (10 കോടി) ഇമെയിലുകൾ, 500 മില്യൺ (50 കോടി) മൈക്രോസോഫ്റ്റ് ടീംസ് സന്ദേശങ്ങൾ, സ്‌പ്രെഡ്ഷീറ്റുകൾ, കലണ്ടറുകൾ, മറ്റ് പ്രവർത്തന ഡേറ്റകൾ എന്നിവയുൾപ്പെടെയുള്ള ബിസിനസ്സ് രേഖകൾ ഈ ഡേറ്റയിൽ ഉൾപ്പെടുന്നു.

വിപുലമായ ഈ ഡേറ്റാസെറ്റിൽ മാർക്കറ്റിങ് തന്ത്രങ്ങളുടെ വിവരങ്ങൾ, മാനവ വിഭവ ശേഷി രേഖകൾ, പ്രൊജക്റ്റ് മാനേജ്മെന്റ് ഫയലുകൾ, സാമ്പത്തിക ഡേറ്റാബേസുകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ, വരുമാന ഡേറ്റ, ദൈനംദിന പ്രവർത്തന രേഖകൾ, ജീവനക്കാരുടെ വിവരങ്ങൾ എന്നിവയും എതിരാളികളായ 7.2 ബില്യൺ വിമാന സർവീസുകളുടെ വിലനിർണ്ണയ ഡേറ്റ, 2008 മുതലുള്ള ഏകദേശം 7.5 ബില്യൺ യാത്രാ ഇടപാട് രേഖകൾ, പ്രൈസിങ് കർവ് ഡേറ്റ എന്നിവയെല്ലാം ഉൾപ്പെടുന്നു.

മെയ് 2-നാണ് സ്പിരിറ്റ് എയർലൈൻസ് അടച്ചുപൂട്ടുന്നത്. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തിയിരുന്ന ഈ എയർലൈൻസിന് ഏകദേശം 8.1 ബില്യൺ (810 കോടി) ഡോളറിന്റെ കടബാധ്യത ഉണ്ടായിരുന്നു, കൂടാതെ പ്രവർത്തനം നിർത്തിയപ്പോൾ ഏകദേശം 17,000 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.