ചൈനീസ് സ്മാർട്‌ഫോൺ ബ്രാൻഡും ഇലക്ട്രിക് കാർ നിർമാതാക്കളുമായ ഷാവോമി പുതിയ മിമോ-വി 2 ഫ്‌ളാഷ് എന്ന ഓപ്പൺ വെയ്റ്റ് എഐ മോഡൽ അവതരിപ്പിച്ചു. സങ്കീർണമായ റീസണിങ് ജോലികൾ, കോഡിങ്, ഏജന്റിക് എഐ ജോലികൾ എന്നിവയ്ക്കായി രൂപകൽപന ചെയ്തതാണ് ഈ മോഡൽ. ദൈനംദിനമുള്ള പൊതു ആവശ്യങ്ങൾക്കുള്ള എഐ അസിസ്റ്റന്റായും ഇത് ഉപയോഗപ്പെടുത്താം.

To advertise here,

ഈ മോഡലിന് സെക്കൻഡിൽ 150 ടോക്കണുകൾ വരെ വേഗതയിൽ വിവരങ്ങൾ പ്രോസസ്സ് ചെയ്യാൻ (inference speed) സാധിക്കും. കൂടാതെ ഒരു മില്യൺ ഇൻപുട്ട് ടോക്കണുകൾക്ക് 0.1 ഡോളർ, ഒരു മില്യൺ ഔട്ട്പുട്ട് ടോക്കണുകൾക്ക് 0.3 ഡോളർ എന്നിങ്ങനെ മിതമായ നിരക്കിൽ ഇത് പ്രവർത്തിപ്പിക്കാനാവും. മൊത്തം 309 ബില്യൺ പാരാമീറ്ററുകളാണ് ഈ മോഡലിന് ഉള്ളത്. ഒരു എഐ (AI) മോഡലിന്റെ വലുപ്പവും അതിന്റെ പ്രവർത്തനക്ഷമതയും സൂചിപ്പിക്കുന്നത് ഈ പാരാമീറ്ററുകളുടെ എണ്ണമാണ്.

നമ്മുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഇന്റർനെറ്റ് ഇല്ലാതെ തന്നെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിൽ, പ്രധാന ഫയലുകൾ എല്ലാവർക്കും ലഭ്യമാക്കുന്ന എഐ മോഡലുകളെയാണ് ഓപ്പൺ വെയ്റ്റ് എഐ മോഡൽ എന്ന് പറയുന്നത്. അതിനാൽ, ഈ എഐ മോഡൽ ഷാവോമി ഡെവലപ്പർ പോർട്ടലായ മിമോ സ്റ്റുഡിയോ, ഹഗ്ഗിങ് ഫേസ് എന്നിവിടങ്ങളിൽ നിന്നും എപിഐ പ്ലാറ്റ്‌ഫോമിൽ നിന്നും ആർക്കും ഡൗൺലോഡ് ചെയ്‌തെടുക്കാനാവും.

വെറും ഹാർഡ്​വെയർ നിർമാതാവ് എന്നതിലുപരി എഐ രംഗത്തും ശക്തമായ സാന്നിധ്യമാകാനൊരുങ്ങുകയാണ് ഷാവോമി എന്നതിന്റെ സൂചന കൂടിയാണ് മിമോ മോഡലുകളിലൂടെ കമ്പനി നൽകുന്നത്. ഡീപ്പ് സീക്ക്, ആന്ത്രോപിക്, ഓപ്പൺ എഐ ഉൾപ്പടെയുള്ള കമ്പനികളുമായി മത്സരിക്കാൻ ഇതുവഴി ഈ ചൈനീസ് കമ്പനിക്കാവും. തങ്ങളുടെ ഫോണുകളിലും ടാബ് ലെറ്റുകളിലും ഇലക്ട്രിക് വാഹനങ്ങളിലും എഐ ഏജന്റ് അധിഷ്ഠിത ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ കമ്പനി.