കൊച്ചി: നെസ്റ്റ് ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും (സി.എസ്.എൽ) ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് (എച്ച്.എൽ.എ.ഡബ്ല്യു) സാങ്കേതികവിദ്യ പുറത്തിറക്കി. കളമശ്ശേരി നെസ്റ്റ് ഹൈടെക് പാർക്കിൽ നടന്ന ചടങ്ങിൽ അഡ്വാൻസ്ഡ് ലേസർ എൻജിനിയറിങ് സെന്ററിന്റെയും എച്ച്.എൽ.എ.ഡബ്ല്യു ആർ ആൻഡ് ഡി ഫെസിലിറ്റിയുടെയും ഉദ്ഘാടനം നിർവഹിച്ചു. സി.എസ്.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോസ് വി. ജെ., എസ്.എഫ്.ഒ ടെക്നോളജീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ എന്നിവർ ചേർന്ന് പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

To advertise here,

എസ്.എഫ്.ഒ ടെക്നോളജീസ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈ-പവർ ഫൈബർ ലേസർ സോഴ്സിന്റെ കരുത്തിലാണ് ഈ അത്യാധുനിക സംവിധാനം പ്രവർത്തിക്കുന്നത്. ലേസർ വെൽഡിങ്, പരമ്പരാഗത ആർക്ക് വെൽഡിങ്, റോബോട്ടിക്സ്, നൂതന ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ എന്നിവ സംയോജിപ്പിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. കപ്പൽ നിർമാണം, പ്രതിരോധം, ഹെവി എൻജിനിയറിങ്, റെയിൽവേ, ഊർജം, വലിയ ടാങ്കുകൾ, വാഗണുകൾ തുടങ്ങിയ മേഖലകളിൽ വെൽഡിങ് പ്രക്രിയയുടെ വേഗത വർധിപ്പിക്കുന്നതിനും മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കും. വേഗതയേറിയ വെൽഡിങ്, ആഴത്തിലുള്ള പെനിട്രേഷൻ, കുറഞ്ഞ ഡിസ്റ്റോർഷൻ, മെച്ചപ്പെട്ട വെൽഡിങ് സ്ഥിരത എന്നിവയും ഇത് ഉറപ്പുനൽകുന്നു.

ഉയർന്ന നിലവാരമുള്ള വ്യാവസായിക സാങ്കേതികവിദ്യകളിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്. 'ആത്മനിർഭർ ഭാരത്' എന്ന ദേശീയ ലക്ഷ്യത്തിന് കരുത്തുപകരുന്നതിനൊപ്പം കൊച്ചിയെ വ്യാവസായിക നവീകരണത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റാനും ഈ ഗവേഷണ കേന്ദ്രം സഹായിക്കും.

ഇന്ത്യൻ നിർമാണ മേഖലയ്ക്ക് ഇതൊരു അഭിമാന നിമിഷമാണെന്നും, അത്യാധുനിക സാങ്കേതികവിദ്യകൾ ഇന്ത്യയിൽത്തന്നെ രൂപകല്പന ചെയ്യാനും നിർമിക്കാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഡോ. എൻ. ജഹാംഗീർ പറഞ്ഞു. കൊച്ചി കപ്പൽശാലയുമായുള്ള ഈ സഹകരണം നിർമാണ മേഖലയുടെ ഉത്പാദനക്ഷമതയും ഗുണനിലവാരവും മത്സരശേഷിയും വർധിപ്പിക്കാൻ ഉതകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.