ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് എക്സ്. ഈ പ്ലാറ്റ്ഫോം മുൻപ് ട്വിറ്റർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് എല്ലാവർക്കും അറിയാം. ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷമാണ് ട്വിറ്റർ എക്സ് ആയി മാറിയത്. അടുത്തിടെ ഒരാൾ കൗതുകമുള്ളൊരു ചോദ്യം എക്സിലെ എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനോട് ചോദിച്ചു.
ആരാണ് ഇന്ത്യയിൽ നിന്ന് ആദ്യ എക്സ് അക്കൗണ്ട് ഉണ്ടാക്കിയത്? ആരാണ് ഇന്ത്യയിലെ ആദ്യ ട്വിറ്റർ യൂസർ? ഗ്രോക്ക് അതിന് മറുപടി നൽകുകയും ചെയ്തു.
ഇന്ത്യയിലെ ആദ്യത്തെ ട്വിറ്റർ ഉപയോക്താവ് എന്ന നിലയിൽ വ്യാപകമായി അറിയപ്പെട്ടിരുന്നത് നൈന രേധു എന്നയാളാണ് എന്ന് ഗ്രോക്ക് വെളിപ്പെടുത്തി. 2006 ജൂലായ് 13-നാണ് നൈന ഒരു ഇ-മെയിൽ ഇൻവൈറ്റിലൂടെ ട്വിറ്ററിൽ സൈൻ അപ്പ് ചെയ്തത്. സേവനം 'twttr' എന്ന പ്രാരംഭ കോഡ് നാമത്തിൽ പ്രവർത്തിച്ചിരുന്ന ആ സമയത്താണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രതിനിധിയായി നൈന രേധു പ്ലാറ്റ്‌ഫോമിലേക്ക് എത്തിയത്.
എന്നാൽ പിന്നീട് നൈന നടത്തിയ അന്വേഷണത്തിൽ വേലു അളഗിയനമ്പി (Velu Alagianambi – @atvelu) എന്നയാൾ ഒന്നോ രണ്ടോ ദിവസം മുൻപ്, അതായത് ജൂലായ് 11-ഓടെ ട്വിറ്ററിൽ ചേർന്നതായി കണ്ടെത്തി. ഇന്ത്യക്കാരനിൽ നിന്നുള്ള ഏറ്റവും പഴക്കമുള്ളതായി അറിയപ്പെടുന്ന ട്വീറ്റും വേലുവിന്റേതാണ്. "ഒരു ദിവസത്തെ ട്രെക്കിങ്ങിനായി പുറപ്പെടുന്നു!!" എന്നായിരുന്നു 2006 ജൂലായ് 12-ന് അദ്ദേഹം പങ്കുവെച്ച ട്വീറ്റ്.
അതുകൊണ്ടുതന്നെ ഇതോടെ ഇന്ത്യയിലെ ആദ്യ ട്വിറ്റർ ഉപയോക്താവ് എന്ന വിശേഷണത്തിന് കൂടുതൽ അർഹൻ വേലുവാണെന്ന് ഗ്രോക്ക് നൽകിയ മറുപടിയിൽ പറയുന്നു. അതേസമയം, ഇന്ത്യയിലെ ആദ്യ വനിതാ ട്വിറ്റർ ഉപയോക്താവ് എന്ന വിശേഷണം നൈന രേധുവിനാണ്.
ഇന്നത്തെ പോലെ എല്ലാവർക്കും എളുപ്പം സൈൻ അപ്പ് ചെയ്യാവുന്നതോ ഉപയോഗിക്കാവുന്നതോ ആയ ഒരു പ്ലാറ്റ്ഫോം ആയിരുന്നില്ല ട്വിറ്റർ. ടെക് ഡെവലപ്പർമാരും അവരുടെ അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ആദ്യകാലത്ത് അതിന്റെ ഉപഭോക്താക്കൾ.
സ്വാഭാവികമായും ആരാണ് നൈന രേധു എന്ന ചോദ്യം ഉയർന്നു. അധികം വൈകാതെ തന്നെ നവംബർ അഞ്ചിന് നൈന സ്വയം രംഗത്തുവന്നു. നിരവധിയാളുകൾ നൈനയെ പ്രശംസിച്ച് രംഗത്തെത്തി.
ഇന്ത്യൻ വംശജയായ നൈന രേധു?
ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറും കലാകാരിയും സ്വതന്ത്ര പ്രസാധകയും ബ്രാൻഡ് പാർട്ണറുമാണ്. രണ്ട് പതിറ്റാണ്ടിലേറെ നീളുന്ന പ്രവർത്തനപരിചയമുള്ള ഇവർ ഫാഷൻ, ആഡംബര ഉത്പന്നങ്ങൾ, യാത്ര, ലൈഫ്‌സ്റ്റൈൽ, ഭക്ഷണം, പോർട്രെയ്റ്റുകൾ, വിവിധ പരിപാടികൾ തുടങ്ങിയ മേഖലകളിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. കാർട്ടിയർ, ഹെർമിസ്, സബ്യസാചി, ചാനൽ, ഗൂഗിൾ, അഡോബ്, സോത്ത്ബീസ്, എമിറേറ്റ്‌സ്, മാരിയറ്റ് തുടങ്ങിയ പ്രമുഖ ആഗോള, ആഡംബര ബ്രാൻഡുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിക്കും പ്രസാധക പ്രവർത്തനങ്ങൾക്കും പുറമെ ചിത്രരചനയിലും കൈകൊണ്ട് നിർമിക്കുന്ന കലാപരമായ ബ്രൂച്ചുകളുടെ (Art Brooches) സൃഷ്ടിയിലും നൈന സജീവമാണ്.
Content Highlights: Grok AI recently revealed that Velu Alagianambi and Naina Redhu were the first users from India to join Twitter (now X) back in July 2006.
Published: 11 Nov 2026, 08:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented