നാഷണൽ കൺസ്യൂമർ ഹെൽപ്പ്ലൈനിൽ (എൻ.സി.എച്ച്.) 2025-ൽ ലഭിച്ച പരാതികളുടെ വിശദാംശങ്ങൾ ലോക്‌സഭയെ അറിയിച്ച് കേന്ദ്ര സർക്കാർ. ഉപഭോക്തൃ പരാതികളുടെ കാര്യത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളായ ഫ്‌ളിപ്കാർട്ട്, ആമസോൺ, മീഷോ എന്നിവയാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. പാർലമെന്റിൽ നൽകിയ എഴുതിത്തയ്യാറാക്കിയ മറുപടിയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി ബി.എൽ. വർമ്മ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

To advertise here,

1.33 ലക്ഷത്തിലധികം പരാതികളോടെ ഫ്‌ളിപ്കാർട്ടാണ് പട്ടികയിൽ ഒന്നാമത്. 91,248 പരാതികളോടെ ആമസോണും 29,284 പരാതികളോടെ മീഷോയും തൊട്ടുപിന്നിലുണ്ട്. ക്വിക്ക്-കൊമേഴ്സ്, നിഷ് റീട്ടെയിൽ പ്ലാറ്റ്ഫോമുകളും പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംനേടിയിട്ടുണ്ട്.

പരാതികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ടോപ്പ് 10 ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ

1. ഫ്‌ളിപ്കാർട്ട്: 1,33,000

2. ആമസോൺ: 91,248

3. മീഷോ: 29,284

4. മിന്ത്ര: 25,384

5. നെറ്റ്മെഡ്‌സ്: 19,895

6. സെപ്‌റ്റോ: 5,774

7 ബ്ലിങ്കിറ്റ്: 5,102

8 നാപ്ടോൾ: 4,079

9 വി.എൽ.ഇ ബസാർ: 3,907

10. നൈക: 3,405

47 പ്ലാറ്റ്ഫോമുകൾക്ക് പിഴ; ഈടാക്കിയത് 1.12 കോടിരൂപ

അനീതി നിറഞ്ഞ വ്യാപാര രീതികൾ തടയാൻ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.സി.പി.എ.) 47 പ്ലാറ്റ്ഫോമുകൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. 2020-ലെ ഉപഭോക്തൃ സംരക്ഷണ (ഇ-കോമേഴ്സ്) ചട്ടപ്രകാരമാണിത്. ഏകദേശം 1.12 കോടി രൂപയാണ് (1,12,01,500 രൂപ) പിഴയായി ഈടാക്കിയതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് ലഭിച്ചത് 91 കോടിരൂപയുടെ റീഫണ്ട്

2025 ഏപ്രിൽ 25-നും 2026 ജൂൺ 30-നും ഇടയിൽ എൻ.സി.എച്ച്. വഴി ഉപഭോക്താക്കൾക്ക് 91 കോടിയിലധികം രൂപയുടെ റീഫണ്ട് ലഭ്യമാക്കാൻ കഴിഞ്ഞതായി മന്ത്രി ലോക്‌സഭയെ അറിയിച്ചു. ഇതിൽ 63 കോടിയിലധികം രൂപയും ഇ-കോമേഴ്സ് മേഖലയിലെ പരാതികളുമായി ബന്ധപ്പെട്ടുള്ളതാണ്. കോടതി നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ റീഫണ്ട് ക്ലെയിമുകളുമായി ബന്ധപ്പെട്ട 1,47,000-ത്തിലധികം ഉപഭോക്തൃ പരാതികൾ പരിഹരിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. 2025-ൽ ക്വിക്ക് കൊമേഴ്സുമായി ബന്ധപ്പെട്ട 5.11 ലക്ഷം പരാതികൾ എൻ.സി.എച്ചിൽ ലഭിക്കുകയും അവയെല്ലാം തീർപ്പാക്കുകയും ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യാത്തതുമായി ബന്ധപ്പെട്ടതാണ് 2025-ൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും (79,818 കേസുകൾ). തെറ്റായ ഉൽപ്പന്നം ഡെലിവറി ചെയ്യുക, വ്യവസ്ഥകൾ പ്രകാരം മാറ്റിനൽകാനോ പണം തിരികെ നൽകാനോ ഉള്ള അപേക്ഷ നിരസിക്കുക, കേടായതോ തകരാറുള്ളതോ ആയ സാധനങ്ങൾ നൽകുക, അടച്ച തുക തിരികെ നൽകാതിരിക്കുക, സേവനങ്ങളിലെ വീഴ്ച, വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പന, ഉപഭോക്താവിന്റെ സമ്മതമില്ലാതെ പണം ഈടാക്കുക എന്നിവയാണ് മറ്റ് പ്രധാന പരാതികൾ.

പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുന്നത് ഇങ്ങനെ:

പരിഹരിക്കപ്പെടാത്ത ഇ-കോമേഴ്സ് തർക്കങ്ങൾ താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് മുന്നോട്ട് വെക്കാം:

* ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ: 1915

* വാട്ട്‌സാപ്പ് / എസ്.എം.എസ്: 8800001915

* ഇമെയിൽ: nch-ca@gov.in

* പരാതി വെബ്സൈറ്റുകൾ: consumerhelpline.gov.in, എൻ.സി.എച്ച് ആപ്പ്, ഉമാങ് (UMANG) ആപ്ലിക്കേഷൻ

എന്താണ് എൻസിഎച്ച്?

കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് എൻ.സി.എച്ച്. തർക്കപരിഹാരത്തിന് മുമ്പുള്ള നടപടികൾക്കായുള്ള ഏകജാലക വെബ്സൈറ്റായി ഇത് പ്രവർത്തിക്കുന്നു. നിലവിൽ ഇത് 17 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുകയും, 'കൺവേർജൻസ്' എന്ന സന്നദ്ധ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1,853 പങ്കാളി കമ്പനികളുമായി ഉപഭോക്താക്കളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ടോൾ ഫ്രീ നമ്പറായ 1915 വഴി ഹിന്ദി, ഇംഗ്ലീഷ്, കാശ്മീരി, പഞ്ചാബി, നേപ്പാളി, ഗുജറാത്തി, മറാത്തി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, മൈഥിലി, സന്താലി, ബംഗാളി, ഒഡിയ, ആസാമീസ്, മണിപ്പൂരി എന്നീ 17 ഭാഷകളിൽ ഉപഭോക്താക്കൾക്ക് പരാതികൾ നൽകാം.