മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്ന് കയറുകയാണ് എഐ (നിർമിതബുദ്ധി). എഐ വ്യാപകമാകുന്നതോടെ വ്യാപകമായ തൊഴിൽ നഷ്ടമുണ്ടാകും എന്നതായിരുന്നു ആദ്യഘട്ടത്തിൽ ഉയർന്നുവന്ന ആശങ്ക. തൊഴിൽ നഷ്ടപ്പെടുമെങ്കിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന എഐയെ അനുകൂലിക്കുന്നവർ വാദിച്ചു. എന്നാൽ അതിനുമെല്ലാം അപ്പുറം പഴങ്ങളും പച്ചക്കറികളും അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ ചില്ലറ വിൽപ്പന വിലനിർണയത്തിലേക്കടക്കം എഐ കടന്നു കയറിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ലോകമെമ്പാടും വൻകിട റീടെയ്ൽ വ്യാപാരികൾ വിലനിർണയത്തിനടക്കം എഐ സംവിധാനങ്ങൾ വ്യാപകമായി പരീക്ഷിക്കുകയും പ്രയോഗത്തിൽ കൊണ്ടിവരികയും ചെയ്ത് തുടങ്ങിക്കഴിഞ്ഞുവെന്നാണ് സിഎൻബിസി റിപ്പോർട്ടു ചെയ്യുന്നത്.

To advertise here,

എഐയുടെ കടന്നുവരവോടെ ആവശ്യസാധനങ്ങളുടെ വിലനിർണയത്തിൽ സമൂലമായ മാറ്റം ഉണ്ടായേക്കാമെന്ന് വിദഗ്ധർ പറയുന്നു. വ്യക്തിഗത ഡൈനമിക് പ്രൈസിങ് യുഗത്തിലേക്ക് ഈ സംവിധാനം നയിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധരും നിയമവിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നുവെന്നും സിഎൻബിസിയുടെ റിപ്പോർട്ടിൽ പറയുന്നു.

വിലനിർണയത്തെ എഐ സ്വാധീനിക്കുന്നത് എങ്ങനെ?

യു.എസ് റീടെയ്ൽ വ്യാപാര ശൃംഘലയായ ക്രോഗർ (Kroger) 'ഫ്‌ളാഷ്ഫുഡ്' എന്ന എഐ പ്ലാറ്റ്ഫോമാണ് അവതരിപ്പിച്ചിട്ടുള്ളത്. കാലാവധി കഴിയാറായതോ ദിവസങ്ങൾക്കകം കേടുവരാൻ സാധ്യതയുള്ളതോ ആയ സാധനങ്ങൾ കണ്ടെത്തി വില കുറയ്ക്കുകയും ആ വിവരം ആപ്പ് വഴി ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്യുന്നു.

പേപ്പർ പ്രൈസ് ടാഗിന് പകരം ഡിജിറ്റൽ സ്‌ക്രീൻ

ക്രോഗർ, വാൾമാർട്ട്, ഹോൾ ഫുഡ്‌സ്, ആമസോൺ ഫ്രഷ് എന്നിവയുൾപ്പെടെ യു.എസിലെ പ്രധാന ശൃംഖലകളും, യുകെ ടെസ്‌കോ, മോറിസൺസ്, അസ്ഡ എന്നിവയും പേപ്പർ പ്രൈസ് ടാഗുകൾക്ക് പകരം ഡിജിറ്റൽ സ്‌ക്രീനുകൾ നടപ്പിലാക്കുന്നുണ്ട്. നിമിഷങ്ങൾക്കുള്ളിൽ വില അപ്‌ഡേറ്റ് ചെയ്യാൻ സഹായിക്കുന്നതാണിവ.

മുഖംനോക്കി ബില്ലിങ്

ഫിനാൻഷ്യൽ പ്ലാറ്റ്ഫോമായ Revolut കോഫി ഷോപ്പുകളിൽ ഉപയോക്താക്കളുടെ മുഖം തിരിച്ചറിയുന്ന ബില്ലിങ് സംവിധാനം പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. യു.എസിലെ സ്റ്റോറുകളിലെ മെനു നിരക്കുകൾ നിർണ്ണയിക്കാൻ മക്‌ഡൊണാൾഡ്‌സ് എഐ അടിസ്ഥാനമാക്കിയുള്ള 'പ്രൈസിങ് എൻജിൻ' ഉപയോഗിക്കുന്നുവെന്നുംഫ്രെഞ്ച് ഫ്രൈസ് അടക്കമുള്ളവയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കുന്നുവെന്നും ആരോപിച്ച് ചിലർ കേസ് ഫയൽ ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ വ്യക്തിഗത ഉപഭോക്താക്കൾ എത്ര തുക നൽകാൻ തയ്യാറാണെന്ന് കണക്കാക്കാൻ തങ്ങൾ എഐ ഉപയോഗിക്കുന്നില്ല എന്നാണ് മക്‌ഡൊണാൾഡ്‌സ് പറയുന്നത്.

ഡൈനമിക് പ്രൈസിങ്

ഡിമാൻഡ്, സമയം, എതിരാളികളുടെ വിലകൾ എന്നിങ്ങനെയുള്ള മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾക്ക് അനുസൃതമായി വില മാറ്റുന്നതിനെയാണ് ഡൈനമിക് പ്രൈസിങ് എന്ന് വിളിക്കുന്നത്. ഇത് പുതിയ സംവിധാനമല്ല. എയർലൈനുകൾ, ഹോട്ടലുകൾ, റൈഡ്-ഹെയ്‌ലിങ് സേവനങ്ങൾ എന്നിവ വർഷങ്ങളായി ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ചില്ലറ വിൽപ്പന വിലനിർണയത്തിലേക്ക് ഇത് കടന്നുവരുന്നത് അപകടകരമായ സാഹചര്യങ്ങളും സൃഷ്ടിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഉപയോക്താക്കളെ എങ്ങനെ ബാധിക്കും

അൽഗോരിതമിക് പ്രൈസിങ് ഗാർഹിക ഉപയോക്താക്കളെ ദോഷകരമായി ബാധിക്കില്ലെന്ന് ഒരുവിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അൽഗോരിതങ്ങൾക്ക് അമിതമായി സ്‌റ്റോക്ക് ചെയ്തിരിക്കുന്നതോ പഴയതോ ആയ സാധനങ്ങളുടെ വില കുറയ്ക്കാനും, ഭക്ഷണ മാലിന്യങ്ങൾ കുറയ്ക്കാനും, ബജറ്റിന് പ്രാധാന്യം നൽകി വാങ്ങുന്നവർക്ക് വിലകുറഞ്ഞ ഓപ്ഷനുകൾ ലഭ്യമാക്കാനും കഴിയും എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യവസ്തുക്കളും പലചരക്ക് സാധനനങ്ങളും കുറഞ്ഞ വരുമാനമുള്ള വിഭാഗങ്ങൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാകും.

എന്നാൽ എഐ വിലനിർണയത്തിന്റെ ദോഷവശങ്ങൾ സുതാര്യതയെയും നീതിയെയും ചുറ്റിപ്പറ്റിയാണ്. വിലകൾ നിരന്തരം ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാകുമ്പോൾ കുറഞ്ഞ വിലയും ഗുണനിലവാരവുമുള്ള ബ്രാണ്ട് തിരിച്ചറിയാൻ ഉപയോക്താക്കൾക്ക് കഴിയാതെ വന്നേക്കാം. ഇത് ഉപയോക്താക്കളുടെ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കാം. വില നിരന്തരം മാറുന്നതും ഓരോ ഷോപ്പിലും വ്യത്യസ്തമാകുന്നതും പണപ്പെരുപ്പമടക്കം കണക്കാക്കുന്നത് അടക്കമുള്ളവയ്ക്കും പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.