സിനിമയ്ക്ക് മുൻപ് 22 മിനിറ്റ് വാണിജ്യ പരസ്യങ്ങൾ പ്രദർശിപ്പിച്ച് സമയബന്ധിതമായി സിനിമ തുടങ്ങാതിരുന്ന തിയേറ്ററിന് 75,000 രൂപ പിഴ ചുമത്തി ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 2025 ജൂൺ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപഭോക്താക്കൾക്ക് സേവനത്തിൽ വീഴ്ച വരുത്തുകയും അന്യായമായ വ്യാപാര രീതി പിന്തുടരുകയും ചെയ്തുവെന്ന് കണ്ടെത്തിയാണ് ഉപഭോക്തൃ കമ്മീഷൻ ഈ നിർണ്ണായക ഉത്തരവിട്ടത്.

To advertise here,

ധനുഷും നാഗാർജുനയും പ്രധാന വേഷങ്ങളിലെത്തിയ കുബേര എന്ന സിനിമ കാണാനാണ് 33-കാരനായ പരാതിക്കാരനും സുഹൃത്തും ടിക്കറ്റെടുത്തത്. രാത്രി 10:35-ന് ആരംഭിക്കേണ്ട പ്രദർശനത്തിനായി 10:30-ഓടെ തന്നെ ഇരുവരും സീറ്റുകളിൽ ഇരുന്നിരുന്നു. എന്നാൽ 10:52 വരെ തുടർച്ചയായി വാണിജ്യ പരസ്യങ്ങളും സിനിമകളുടെ ട്രെയിലറുകളുമാണ് തിയേറ്ററിൽ പ്രദർശിപ്പിച്ചത്. ഈ അനാവശ്യ വൈകൽ കാരണം പുലർച്ചെ 3 മണിയോടെ മാത്രമാണ് തനിക്ക് വീട്ടിലെത്താൻ സാധിച്ചതെന്നും, ഇത് തന്റെ പ്ലാനുകളെ ബാധിച്ചുവെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.

കേസിന്റെ വാദത്തിനിടയിൽ തിയേറ്റർ കമ്പനി തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. പരസ്യങ്ങളും ട്രെയിലറുകളും പൊതുജനസമ്പർക്ക വീഡിയോകളും തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും, പൊതുജനതാൽപ്പര്യമുള്ള കാര്യങ്ങളാണ് പ്രദർശിപ്പിച്ചതെന്നുമായിരുന്നു തിയേറ്ററിന്റെ വാദം. എന്നാൽ ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇത്തരം ബോധവൽക്കരണ ചിത്രങ്ങൾ പരമാവധി 2 മിനിറ്റ് വരെ മാത്രമേ ആകാവൂ എന്ന് കമ്മീഷൻ വ്യക്തമാക്കി. തിയേറ്ററിന്റെ വാണിജ്യ ലാഭത്തിനായി മാത്രമാണ് പരസ്യങ്ങൾ കാണിച്ചതെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ ഈ വാദങ്ങൾ തള്ളി കളഞ്ഞു.

Also Read: എന്ത് നെഗറ്റിവിറ്റി വേണമെങ്കിലും പ്രചരിപ്പിച്ചോളൂ, നശിപ്പിക്കാനാണ് ശ്രമമെങ്കിൽ അത് മണ്ടത്തരം -ധനുഷ്

കമ്മീഷൻ വിധിച്ച 75,000 രൂപ പിഴ തുക വിവിധ ആവശ്യങ്ങൾക്കായി വിഭജിച്ചു നൽകാനാണ് ഉത്തരവ്. അനാവശ്യ വൈകൽ കാരണം ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 20,000 രൂപയും, കേസിന്റെ ചെലവുകളിലേക്ക് 5,000 രൂപയും പരാതിക്കാരന് നൽകണം. ഇതിനുപുറമെ, ഇത്തരം തെറ്റായ രീതികൾ തിയേറ്ററുകൾ ആവർത്തിക്കാതിരിക്കാൻ ശിക്ഷാനടപടിയായി 50,000 രൂപ ജില്ലാ കൺസ്യൂമർ വെൽഫെയർ ഫണ്ടിലേക്ക് അടയ്ക്കാനും നിർദ്ദേശിച്ചു.

2026 സെപ്റ്റംബർ 11-നാണ് ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഈ അന്തിമ വിധി പുറപ്പെടുവിച്ചത്. തിയേറ്ററുകളിൽ നിശ്ചിത സമയത്തിന് സിനിമ തുടങ്ങാതെ വാണിജ്യ ലാഭത്തിനായി പ്രേക്ഷകരുടെ സമയം കവരുന്ന രീതിക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് ഈ ഉത്തരവ്.