ഗിഗ് തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിനിടെ വിശ്രമിക്കാനിടമൊരുക്കി തൊഴിൽവകുപ്പ്. വാൻറോസ് ജങ്ഷനിൽ തുറന്ന ‘ഗിഗോൺ’ വെൽനെസ് ഹബ്ബിന്റെ ഉദ്ഘാടനം മന്ത്രി ബിന്ദുകൃഷ്ണ നിർവഹിച്ചു. ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്സ്, റൈഡ്-ഹെയ്‌ലിങ്‌ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിലുള്ള വിശ്രമവും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രങ്ങൾക്ക് തുടക്കമിടുന്നത്.

To advertise here,

നിലവിൽ ഒരു കേന്ദ്രമാണ് തുറന്നത്. കസേരകൾ, ശുചിമുറി, ഇന്റർനെറ്റ്, ചാർജിങ് സൗകര്യങ്ങൾ എന്നിവയുണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നത്. കേന്ദ്രങ്ങളുടെ നടത്തിപ്പിനായി ജീവനക്കാരുണ്ട്. രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെയാണ് പ്രവർത്തനം. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായാണ് ഗിഗ് തൊഴിലാളികൾക്കായി വിശ്രമകേന്ദ്രം ആരംഭിച്ചത്.

പ്രവർത്തനസമയം ദീർഘിപ്പിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്. രാത്രി പത്തിനുശേഷവും പുലർച്ചെയുള്ള ഷിഫ്റ്റുകളിലും ജോലി ചെയ്യുന്നവരുണ്ട്. പുലർച്ചെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ കുറവാണ്. ഓർഡറുകളും കുറവായിരിക്കും. അതിനാൽ ഓർഡറുകൾ ലഭിക്കാത്ത സമയം ജീവനക്കാർ ഉറങ്ങാറുണ്ട്. ഇതിനായി ബസ് സ്‌റ്റോപ്പുകളെയാണ് ആശ്രയിക്കുന്നത്. ആയതിനാൽ സമയം ദീർഘിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുന്നുണ്ട്.