ദുബായ്: ബിർളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയൻസ്, പിലാനിയുടെ ദുബായ് ക്യാമ്പസിൽ നടന്ന അന്താരാഷ്ട്ര റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ ചാമ്പ്യൻഷിപ്പായ റോബോലുഷൻ 2026-ൽ മികച്ച നേട്ടവുമായി തിരുവനന്തപുരത്തെ സ്റ്റെം (STEM) റോബോട്ടിക്‌സ് ഇന്റർനാഷണൽ. യുഎഇ, ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നായി 250ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് സ്റ്റെം റോബോട്ടിക്‌സിലെ 16 വിദ്യാർത്ഥികൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. വിദ്യാർത്ഥികളുടെ സാങ്കേതിക മികവ്, സർഗാത്മകത, ഗവേഷണശേഷി, എൻജിനീയറിങ് കഴിവുകൾ എന്നിവ മത്സരത്തിൽ ശ്രദ്ധേയമായി.

To advertise here,

എഐ ആൻഡ് റോബോട്ടിക്‌സിൽ (AI & Robotics) ഹ്യൂമനോയ്ഡ് വിഭാഗത്തിൽ മൂന്ന് പുരസ്‌കാരങ്ങളും സ്വന്തമാക്കി. ഒന്നാം സ്ഥാനം ലഭിച്ച റെക്‌ലെക്-1.0 (Reclec 1.0) റോബോട്ടുകൾ ട്രക്കിങ്ങിനിടെ വനത്തിനുള്ളിൽ അകപ്പെട്ട് പോകുന്നവരുമായി ആശയവിനിമയം നടത്താൻ സഹായിക്കും. ഭഗവന്ത് പുനിത്, വിയാൻ നവീൻ, തരുൺരാജ് മണികണ്ഠൻ, മിഖായേൽ ജോൺ സുമിൻ, റയ്യാൻ എസ്. അൻവർ എന്നീ വിദ്യാർത്ഥികളാണ് ഇത് സൃഷ്ടിച്ചത്. രണ്ടാം സ്ഥാനം ലഭിച്ചത് ഫുഡ് സെർവിങ് റോബോട്ടുകൾക്കാണ്. നിവേദിത് ജെ. ബി., നീരജ് ആർ. നായർ, ഇവാൻ ജോബി ആലപാട്ട് എന്നിവരാണ് ഇത് നിർമ്മിച്ചത്. ഭൂമി കുലുക്കം, തീ പിടിത്തം, മണ്ണിടിച്ചിൽ എന്നിവയുണ്ടാകുമ്പോൾ സേവനത്തിനായി ഉപയോഗിക്കാവുന്ന ക്രൈസിസ് കമാൻഡറിന് മൂന്നാം സ്ഥാനവും ലഭിച്ചു. മാധവ് റാം, അഭിനവ് പി. നായർ, നിരഞ്ജൻ ആർ. നായർ, ആര്യ കെ. എ., യാഴിനി എം ഇവരാണ് ഇത് യാഥാർത്ഥ്യമാക്കിയത്. കൂടാതെ ഫ്രീസ്റ്റൈൽ റിസർച്ച് ആൻഡ് ഇന്നവേഷൻ വിഭാഗത്തിൽ റോൾഡിയർ റോബോട്ട് (Roldier robort) മൂന്നാം സ്ഥാനം കരസ്ഥമാക്കി. അതിർത്തി നുഴഞ്ഞു കയറുന്ന തീവ്രവാദികളെയും മറ്റും വെടിവയ്ക്കാൻ ശേഷിയുള്ളവയാണിവ. പ്രതിരോധ വിഭാഗത്തിന് സഹായകമാകുന്ന ഈ റോബോർട്ട് ആദിത്യൻ ബി., അദ്വൈത് എസ്, ജൈസൽ റോജ് എന്നിവരാണ് ഉണ്ടാക്കിയത്.

മാസങ്ങളോളം നീണ്ട പരിശീലനം, ഗവേഷണം, പരീക്ഷണം, ടീംവർക്ക്, നിരന്തരമായ പരിശ്രമം എന്നിവയുടെ ഫലമാണ് ഈ അന്താരാഷ്ട്ര നേട്ടമെന്ന് സ്‌റ്റെം റോബോട്ടിക്‌സ് ഇന്റർനാഷണൽ ഫൗണ്ടർ ആൻഡ് സി.ഇ.ഒ. രാജശേഖരൻ എ.എച്ച് അറിയിച്ചു. റോബോലൂഷന്റെ ഭാഗമായി നടന്ന ഫിസിക്കൽ എ.ഐയെ കുറിച്ചുള്ള സെഷനിൽ അദ്ദേഹം ക്ലാസ് എടുത്തിരുന്നു. ഓൺലൈൻ റൗണ്ടിലൂടെ 16 വിദ്യാർത്ഥികൾ മെഗാ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് നടന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഇവർ ദുബായിൽ പോയി.