റോബോട്ടിക്സും ന്യൂറോസയന്‍സും ഒന്നിച്ചാല്‍ ഭാവിയില്‍ വീല്‍ചെയറില്‍ തളച്ചിടപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രതീക്ഷയുടെ പുതിയ ചുവട് വയ്ക്കാനാവും.

ഗുരുതരമായ അപകടത്തെത്തുടർന്ന് വീൽചെയറിൽ ജീവിതം തളച്ചിടപ്പെടുന്ന മനുഷ്യർക്ക് വീണ്ടും സ്വന്തം കാലുകളിൽ നിവർന്നുനിൽക്കാൻ സാധിക്കുമോ? എഐ സാങ്കേതികവിദ്യയും റോബോട്ടിക്‌സും ന്യൂറോളജിയും കൈകോർക്കുന്ന ആധുനികയുഗത്തിൽ ആ അത്ഭുതം യാഥാർഥ്യമായിരിക്കുകയാണ്. പതിനാറാം വയസ്സിൽ സംഭവിച്ച ഒരു കാറപകടത്തിൽ നട്ടെല്ലിന് തക്ഷതമേറ്റ് അരയ്ക്ക് താഴേക്ക് പൂർണ്ണമായും തളർന്നുപോയ ജെസിക്ക ടവിൽ എന്ന പെൺകുട്ടിയുടെ കഥ ആധുനിക മെഡിക്കൽ സയൻസിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണ്. നീണ്ട പത്ത് വർഷത്തെ ഇരുളടഞ്ഞ കാത്തിരിപ്പിനൊടുവിൽ, 'അറ്റലാന്റേ' എന്ന അത്യാധുനിക എക്സോസ്‌കെലിറ്റൻ റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ ജെസിക്ക സ്വന്തം കാലുകളിൽ എഴുന്നേറ്റുനിന്നു, ചുവടുകൾ വച്ചു. ലെബനീസ് അമേരിക്കൻ സോഷ്യൽ മീഡിയ ഇൻഫളുവൻസറായ ജെസീക്കയുടെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
വികാരഭരിതയായാണ് ജെസീക്ക ചുവടുകൾ വയ്ക്കുന്നത്. പലപ്പോഴും അവർ ഇടറിപ്പോകുന്നുണ്ട്. സന്തോഷത്തോടെ 'ഞാൻ നടക്കുകയാണ്' എന്ന് അലറിവിളിക്കുന്നുണ്ട്.' എന്റെ കാലുകളിൽ ഞാൻ നിന്നിട്ട് 10 വർഷമായിട്ടുണ്ട്. എന്റെ സ്വപ്‌നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടത്. എന്റെ ജീവിതത്തിലെ സ്വപ്‌നതുല്യമായ നിമിഷമാണ് ഇത്.' വീഡിയോ പങ്കുവച്ചുകൊണ്ട് ജെസീക്ക കുറിച്ചു.
2014-ലാണ് ജെസിക്കയുടെ ജീവിതത്തെ മാറ്റിമറിച്ച ദുരന്തം സംഭവിക്കുന്നത്. വെറും പതിനാറ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഉണ്ടായ കാറപകടത്തിൽ ജെസിക്കയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. തലച്ചോറിൽ നിന്നുള്ള നാഡീസന്ദേശങ്ങൾ ശരീരത്തിന്റെ താഴത്തെ ഭാഗങ്ങളിലേക്ക് എത്താതാകുന്നതോടെ സംഭവിക്കുന്ന പാരപ്ലീജിയ എന്ന അവസ്ഥയിലായി ജെസിക്ക. അരയ്ക്ക് താഴേക്ക് യാതൊരു സ്പർശനശേഷിയോ ചലനശേഷിയോ ഇല്ലാത്ത അവസ്ഥ. ജീവിതത്തിലെ ഏറ്റവും മനോഹരമായ കൗമാരകാലം മുതൽ വീൽചെയറിലേക്ക് ജെസിക്കയുടെ ലോകം ചുരുങ്ങി. സ്വതന്ത്രമായി ഒന്നു നടക്കാനോ നിൽക്കാനോ സാധിക്കാതെ, മറ്റുള്ളവരുടെ സഹായത്തെ മാത്രം ആശ്രയിച്ചുള്ള ജീവിതം.
പക്ഷെ ജീവിതത്തെ വളരെ പോസിറ്റീവായാണ് ജെസീക്ക സ്വീകരിച്ചത്. താൻ നേരിടുന്ന വെല്ലുവിളികളും നിത്യജീവിതവും ടിക് ടോക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും അവൾ പങ്കുവെച്ചു. ടിക് ടോക്കിൽ 2.4 മില്യൺ ഫോളോവേഴ്‌സ് ഉള്ള കണ്ടന്റ് ക്രിയേറ്ററാണ് ജെസീക്ക.
എന്താണ് എക്സോസ്‌കെലിറ്റൻ?
ശരീരത്തിന് പുറത്ത് ധരിക്കാവുന്ന റോബോട്ടിക് ഉപകരണങ്ങളെയാണ് പൊതുവെ 'എക്സോസ്‌കെലിറ്റൻ' എന്ന് വിളിക്കുന്നത്. രോഗിയുടെ നഷ്ടപ്പെട്ടുപോയ ചലനശേഷി വീണ്ടെടുക്കാനോ അല്ലെങ്കിൽ ശാരീരിക ശേഷി വർധിപ്പിക്കാനോ ആണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻകാലങ്ങളിൽ ലഭ്യമായിരുന്ന എക്സോസ്‌കെലിറ്റൻ ഉപകരണങ്ങൾ രോഗിയെ താങ്ങുന്ന മെക്കാനിക്കൽ ഉപകരണങ്ങൾ മാത്രമായിരുന്നു. എന്നാൽ, ആധുനിക എക്സോസ്‌കെലിറ്റനുകൾ മനുഷ്യ നാഡീവ്യൂഹവുമായി തത്സമയം ആശയവിനിമയം നടത്തുന്ന 'സ്മാർട്ട് കമ്പ്യൂട്ടറുകളാണ്'. വാണ്ടർക്രാഫ്റ്റ് എന്ന ടെക് കമ്പനിയാണ് ജെസിക്കയ്ക്ക് പുതിയ ജീവൻ നൽകിയ അറ്റലാന്റേ എന്ന റോബോട്ടിക് സിസ്റ്റത്തിന് പിന്നിൽ.
അറ്റലാന്റേ എക്സോസ്‌കെലിറ്റൻ കേവലം ഒരു എക്യുപ്‌മെന്റ് മാത്രമല്ല. മനുഷ്യന്റെ മനസ്സിനോടും ശരീരത്തോടും അതിവേഗം പ്രതികരിക്കുന്ന ഒന്നാണ്. ഇതിന്റെ പ്രവർത്തനത്തിന് പിന്നിൽ പ്രധാനമായും നാല് ഘടകങ്ങളാണുള്ളത്. അൾട്രാ-സെൻസിറ്റീവ് സെൻസറുകളാണ് അതിലൊന്ന്. ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്ന അതിസൂക്ഷ്മ സെൻസറുകൾ മനുഷ്യശരീരത്തിന്റെ ചെറിയ ചലനങ്ങളെയും ഭാര വ്യതിയാനങ്ങളെയും തത്സമയം വിശകലനം ചെയ്യുന്നു. രോഗിയുടെ ചലനങ്ങളെല്ലാം സെൻസറുകൾ പിടിച്ചെടുക്കും. സെൻസറുകൾ നൽകുന്ന വിവരങ്ങളെ ഉപകരണം പ്രവർത്തിപ്പിക്കുന്ന എ.ഐ അൽഗോരിതങ്ങൾ വേഗത്തിൽ അപഗ്രഥിക്കുന്നു. വ്യക്തി ഉദ്ദേശിക്കുന്ന ചലനങ്ങളെ കൃത്യമായ റോബോട്ടിക് ചുവടുകളാക്കി മാറ്റുന്നത് ഈ അൽഗോരിതങ്ങളാണ്. പഴയതലമുറ റോബോട്ടുകളിൽ നിന്ന് അറ്റലാന്റേയെ വേറിട്ടുനിർത്തുന്നത് ഇതിന്റെ ഓട്ടോണമസ് ബാലൻസിങ് ശേഷിയാണ്. മനുഷ്യൻ നടക്കുമ്പോൾ ഗുരുത്വാകർഷണ കേന്ദ്രം സ്വയം ക്രമീകരിക്കുന്നതുപോലെ, ഉപകരണം സ്വന്തമായി ബാലൻസ് നിലനിർത്തുന്നു. അതിനാൽ രോഗിക്ക് കൈകളിൽ ഊന്നുവടികളോ മറ്റ് താങ്ങുകളോ ഇല്ലാതെ പൂർണ്ണമായും നിവർന്നുനിന്ന് നടക്കാൻ സാധിക്കുന്നു.
എല്ലാ മനുഷ്യരുടെയും അസ്ഥികൂട വ്യവസ്ഥ ഒരുപോലെയല്ല. ജെസിക്കയുടെ ചികിത്സയ്ക്ക് മുന്നോടിയായി കൃത്യമായ ബോഡി സ്‌കാനിങും അസ്ഥി സാന്ദ്രതാ പരിശോധനയും നടത്തിയിരുന്നു. റോബോട്ടിക് ഉപകരണം അവളുടെ ശരീര ഘടനയ്ക്ക് തികച്ചും അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഉപയോഗിച്ചു തുടങ്ങിയത്.
ഒരു വ്യക്തി വീൽചെയറിൽ വർഷങ്ങളോളം തുടരുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ വളരെ വലുതാണ്. പേശികൾ ക്ഷയിക്കുക, രക്തസംക്രമണം മന്ദഗതിയിലാവുക, അസ്ഥികളുടെ സാന്ദ്രത കുറയുക, ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ശേഷി കുറയുക എന്നിവ ഇതിൽ ചിലതുമാത്രമാണ്. എക്സോസ്‌കെലിറ്റൻ വഴിയുള്ള പരിശീലനം രോഗിയുടെ നടക്കാനുള്ള ശേഷി മാത്രമല്ല വർധിപ്പിക്കുന്നത്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും, പേശികളുടെ കരുത്ത് വീണ്ടെടുക്കാനും, ഹൃദയത്തിന്റെയും ആന്തരാവയവങ്ങളുടെയും പ്രവർത്തനം സാധാരണ നിലയിലാക്കാനും സഹായിക്കുന്നു. മാനസികമായി രോഗിക്കുണ്ടാകുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ഉയരുകയും ചെയ്യും.
ജെസിക്കയുടെ അനുഭവം നട്ടെല്ലിന് പരിക്കേറ്റവർക്കും, മസ്തിഷ്‌കാഘാതം മൂലം തളർന്നുപോയവർക്കും, നാഡീസംബന്ധമായ രോഗങ്ങൾ ബാധിച്ചവർക്കും പുതിയൊരു ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ നൽകുന്നതാണ്. റോബോട്ടിക്സും ന്യൂറോസയൻസും ഒന്നിച്ചാൽ ഭാവിയിൽ വീൽചെയറിൽ തളച്ചിടപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യർക്ക് പ്രതീക്ഷയുടെ പുതിയ ചുവട് വയ്ക്കാനാവും.
Published: 13 Oct 2026, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented