സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് 2027 ജനുവരി ഒന്നുമുതൽ വീണ്ടും വില വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗാലക്‌സി എ സീരീസിലെ എട്ട് മോഡലുകൾക്കാണ് വില വർധനയുണ്ടാകുകയെന്നാണ് റിപ്പോർട്ട്. അമേരിക്ക ഉൾപ്പെടെയുള്ള വിപണികളിൽ വില വർധന നടപ്പാക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് ദക്ഷിണ കൊറിയൻ മാധ്യമമായ സിയോൾ ഇക്കണോമിക് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നത്. ഗാലക്‌സി എ07, എ17, എ37, എ57 തുടങ്ങിയ ജനപ്രിയ മോഡലുകൾക്കും വില വർധന ബാധകമാകും. ചില മോഡലുകൾക്ക് നിലവിലെ വിലയേക്കാൾ 19 ശതമാനം വരെ വർധനയുണ്ടായേക്കും.

To advertise here,

റിപ്പോർട്ട് പ്രകാരം ഗാലക്‌സി എ07 5ജിയുടെ വില 199 ഡോളറിൽനിന്ന് 229 ഡോളറായും ഗാലക്‌സി എ17 5ജിയുടേത് 269 ഡോളറിൽനിന്ന് 319 ഡോളറായും ഉയർന്നേക്കും. ഗാലക്‌സി എ37യുടെ വില 439 ഡോളറിൽനിന്ന് 499 ഡോളറിലേക്കും ഗാലക്‌സി എ57യുടേത് 549 ഡോളറിൽനിന്ന് 599 ഡോളറിലേക്കും വർധിക്കുമെന്നാണ് സൂചന. എ17 5ജിക്കാണ് പട്ടികയിൽ ഏറ്റവും കൂടുതൽ വില വർധന പ്രതീക്ഷിക്കുന്നത്. ഏകദേശം 18.6 ശതമാനമാണ് വർധന. അതേസമയം, ഓരോ രാജ്യത്തെയും വിപണിയെയും മോഡലിനെയും ആശ്രയിച്ച് വില വർധനയിൽ വ്യത്യാസമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

വില വർധന അടിസ്ഥാന സ്റ്റോറേജ് വേരിയന്റുകളിൽ മാത്രമായിരിക്കില്ലെന്നും റിപ്പോർട്ട് സൂചന നൽകുന്നു. കൂടുതൽ സ്റ്റോറേജുള്ള മോഡലുകൾക്കും വില ഉയർന്നേക്കും. 128 ജിബി അധിക സ്റ്റോറേജും 4 ജിബി റാമും ഉൾപ്പെടുന്ന വേരിയന്റുകൾക്ക് 80 മുതൽ 100 ഡോളർ വരെ അധിക വില ഈടാക്കിയേക്കാമെന്നാണ് റിപ്പോർട്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഡാറ്റാ സെന്ററുകൾക്കായി മെമ്മറി ചിപ്പുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതോടെ മറ്റ് ആവശ്യങ്ങൾക്കുള്ള മെമ്മറി ഘടകങ്ങളുടെ വില ഉയരുന്നതാണ് സാംസങ്ങിന്റെ വില വർധന നീക്കത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് റിപ്പോർട്ട്.

ഈ വർഷം തന്നെ സാംസങ് ചില രാജ്യങ്ങളിൽ ഗാലക്‌സി എ സീരീസ് ഫോണുകളുടെ വില വർധിപ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് 2027ന്റെ തുടക്കത്തിൽ വീണ്ടും വില ഉയർത്താനുള്ള നീക്കം. മെമ്മറി ഘടകങ്ങളുടെ വിലക്കയറ്റം പ്രീമിയം, ഫ്ലാഗ്ഷിപ്പ് ഗാലക്‌സി മോഡലുകളെയും ബാധിച്ചേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.