തിരുവനന്തപുരം: വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കാൻ ‘ഡോ. എ.പി.ജെ.അബ്ദുൽ കലാം’ എത്തുന്നു. ക്ലാസ് മുറിയിലും പാഠപുസ്തകത്തിലും ഒതുങ്ങുന്ന വിദ്യാഭ്യാസസമ്പ്രദായം തിരുത്താൻ ഒരുകൂട്ടം വിദ്യാർഥികളും അധ്യാപകരും ചേർന്ന് കലാം പ്രചോദിത അനിമട്രോണിക് പഠന റോബോട്ടിനെ ഒരുക്കി. 'കലാം സ്പാർക്ക്' എന്നാണിതിന്റെ പേര്.

To advertise here,

ആറുമാസത്തെ പരിശ്രമത്തിലൂടെയാണ് റോബോട്ടിനെ തയ്യാറാക്കിയത്. എല്ലാ സാമ്പത്തിക ചുറ്റുപാടിൽനിന്നുമുള്ള വിദ്യാർഥികൾക്ക് റോബോട്ടിക് പഠനം യാഥാർഥ്യമാക്കുകയാണ് കലാം സ്പാർക്കിന്റെ ലക്ഷ്യം.

നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എജുക്കേഷൻ സർവകലാശാലയുമായി ചേർന്നാണ് കലാം സ്പാർക്ക് യാഥാർഥ്യമാക്കുന്നത്. ചാൻസലർ എം.എസ്.ഫൈസൽഖാന്റെയും വൈസ് ചാൻസലർ ഡോ. ടെസ്സി തോമസിന്റെയും പിന്തുണയോടെ അധ്യാപകനായ ജെ.എസ്. കൃഷ്ണനുണ്ണി, വിദ്യാർഥികളായ അഭിനന്ദ് അനിൽകുമാർ, യു.ആർ. അഖിൽരാജ്, മുഹമ്മദ് ഹബീബ് എന്നിവർചേർന്നാണ് റോബോട്ട് വികസിപ്പിച്ചത്. എ.പി.ജെ.അബ്ദുൽകലാം ലോകത്തിന് നൽകിയ സംഭാവനകൾ യുവതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോബോട്ട് തയ്യാറാക്കിയിരിക്കുന്നത്.

സിലബസ് മാറ്റാം

നൂറുശതമാനം ഇന്ത്യൻ നിർമിതമായ പഠന റോബോട്ടാണ് കലാം സ്പാർക്ക്. ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ മുഖമാണ് റോബോട്ടിന്. എ.ഐ. സാങ്കേതികവിദ്യ, തത്സമയശബ്ദ ആശയവിനിമയം, മുഖഭാവങ്ങൾ എന്നിവ റോബോട്ടിൽ സംയോജിപ്പിച്ചിരിക്കുന്നു.

വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന ക്ലാസുകൾ അനുസരിച്ച് കലാം സ്പാർക്കിൽ സിലബസ് ഉൾപ്പെടുത്താനും മാറ്റം വരുത്താനും സാധിക്കും. മൊബൈൽ ഫോണിൽ സജ്ജീകരിച്ചിരിക്കുന്ന കലാം സ്പാർക്ക് ആപ്പിലൂടെ റോബോട്ടിന്റെ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് നിയന്ത്രിക്കാനാകും. പാഠഭാഗങ്ങൾ സംബന്ധിച്ച കാര്യങ്ങൾ റോബോട്ടുമായുള്ള ആശയവിനിമയത്തിലൂടെ വിദ്യാർഥികൾക്ക് മനസ്സിലാക്കാം. അക്യൂബോട്സ് സ്വന്തമായി വികസിപ്പിച്ച ഓപ്പറേറ്റിങ് സിസ്റ്റമായ അക്യൂബോട്സ്‌ ഒ.എസ്. എന്ന സോഫ്റ്റ് വേറാണ് റോബോട്ടിൽ പ്രവർത്തിക്കുന്നത്. എ.പി.ജെ. അബ്ദുൽ കലാമിന്റെ ശബ്ദത്തിന് സദൃശമായ രീതിയിലാണ് റോബോട്ട് വിദ്യാർഥികളുമായി സംവദിക്കുന്നത്.

സംസാരത്തോടൊപ്പം മുഖഭാവങ്ങൾ പ്രകടിപ്പിക്കാൻ അനിമട്രോണിക് ചലനങ്ങൾ റോബോട്ടിനെ സഹായിക്കുന്നു. ഇതിലൂടെ വ്യത്യസ്തമായ പഠനാനുഭവം വിദ്യാർഥികൾക്ക് ലഭ്യമാകും. വിദ്യാർഥികളുടെ സംശയങ്ങൾക്കെല്ലാം കൃത്യമായി മറുപടിനൽകാൻ സാധിക്കും വിധത്തിലാണ് റോബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കലാം സ്പാർക്കിൽ പ്രോഗ്രാമിങ്ങിനും ഇഷ്ടാനുസൃതം മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. തിരഞ്ഞെടുത്ത പ്രവർത്തനങ്ങൾ പരിശോധിക്കാനും സാധിക്കും.

കലാം മ്യൂസിയത്തിലും സൂക്ഷിക്കും

കലാം സ്പാർക്കിന്റെ നിർമാണം ആരംഭിക്കുമ്പോൾ ആദ്യഘട്ടത്തിൽത്തന്നെ ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ കുടുംബാംഗങ്ങളെ നേരിൽക്കണ്ട് അനുമതി തേടിയിരുന്നു. നിർമാണം വിജയകരമായി പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ റോബോട്ടിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. കലാമിന്റെ ബന്ധു എ.പി.ജെ. എം.ജെ.ഷേക്ക് സലീമിന് സംഘം കൈമാറി.

റോബോട്ടിന്റെ ഒരു പതിപ്പ് രാമേശ്വരത്തുള്ള ഡോ. എ.പി.ജെ. അബ്ദുൽ കലാം നാഷണൽ മെമ്മോറിയൽ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനുള്ള അനുമതിയും തേടിയിട്ടുണ്ട്.

ഈമാസം അവസാനവാരത്തോടെ കലാം സ്പാർക്കിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും.

വില 10,000 രൂപ

മുപ്പത് സെന്റീമീറ്ററാണ് റോബോട്ടിന്റെ ഉയരം. 10,000 രൂപാ നിരക്കിലാണ് റോബോട്ട് വിപണിയിലെത്തുന്നത്.