വാഷിങ്ടൺ: ചൈനീസ് കമ്പനികൾക്കുവേണ്ടി എൻവിഡിയ, എഎംഡി (AMD) എന്നിവയുടെ 8,79,868 എഐ ചിപ്പുകൾ കയറ്റുമതി ചെയ്യാൻ അനുമതി നൽകി യുഎസ് ഭരണകൂടം. ചൈനയിൽ സൈനിക ബന്ധമുള്ളതായി അമേരിക്കൻ പ്രതിരോധ വകുപ്പ് കണ്ടെത്തിയ കമ്പനികൾ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് ശ്രദ്ധേയം. എൻവിഡിയയുടെ നിർണായകമായ എച്ച്200 ചിപ്പുകളും എഎംഡിയുടെ സമാന ശേഷിയുള്ള ചിപ്പുകളും കയറ്റുമതി ചെയ്യുന്നതിനാണ് അനുമതി നൽകിയത്.

To advertise here,

ചൈനയിലെ പ്രമുഖ കമ്പനികളായ ടെൻസെന്റിനും അനുബന്ധ സ്ഥാപനങ്ങൾക്കും ഒന്നരലക്ഷം ചിപ്പുകൾ ലഭിക്കാനാണ് അനുമതി. ആലിബാബയ്ക്ക് 75,000, ബൈഡുവിന് 43,000, വാഹന നിർമാതാക്കളായ ബിവൈഡിക്ക് (BYD) 4,000 ചിപ്പുകൾക്കും അനുമതി ലഭിച്ചു. ചൈനീസ് സൈനിക ബന്ധമുള്ള യുഎസിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പട്ടികയിൽ 2026-ൽ പ്രതിരോധ വകുപ്പ് ഈ കമ്പനികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയാണ് ഈ ലൈസൻസ് രേഖകൾ പരസ്യപ്പെടുത്തിയത്.

ഇതോടെ, ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങൾ കൈകാര്യം ചെയ്തതിൽ ട്രംപ് ഭരണകൂടത്തിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് കമ്മിറ്റി അംഗവും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ഗ്രിഗറി മീക്സ് രംഗത്തെത്തി. ഭരണകൂടത്തിന്റെ നടപടി അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും സാങ്കേതിക മേധാവിത്വത്തിനും ഭീഷണിയാണെന്നും കയറ്റുമതി നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ വ്യവസായ സുരക്ഷാ ബ്യൂറോ പരാജയപ്പെട്ടെന്നും അദ്ദേഹം വിമർശിച്ചു. ഭരണകൂടത്തിന്റെ നയങ്ങൾ കോൺഗ്രസ് കർശനമായി നിരീക്ഷിക്കണമെന്നും മീക്സ് ആവശ്യപ്പെട്ടു.

അതേസമയം, ലൈസൻസ് അനുവദിക്കുന്നതിന് മുൻപ് ആറുമാസത്തിലേറെ നീണ്ട പരിശോധനകൾ നടന്നതായും കർശന നിബന്ധനകളും പരിമിതമായ അളവിലുള്ള കയറ്റുമതിക്കുമാണ് അനുമതി നൽകിയതെന്നും എൻവിഡിയ പ്രതികരിച്ചു. അതേസമയം ചൈനയിലേക്ക് എച്ച്200 ചിപ്പുകൾ അയക്കുന്നത് എൻവിഡിയ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. അമേരിക്കൻ കയറ്റുമതി നിയന്ത്രണ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് എഎംഡിയും അറിയിച്ചു.